നമ്മുടെ തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയതായി നല്കിയ നിര്‍ദ്ദേശപ്രകാരം, ഭാരതത്തിലെ സമ്മതിദായകര്‍ക്ക് നിഷേധവോട്ടിനുള്ള അധികാരം കൂടി നല്കാന് നീക്കങ്ങള്‍ ഔദ്യോഗിക തലത്തില്‍ ആരംഭിച്ചിരിക്കുന്നു. അതനുസരിച്ച് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്ക് പുറമെ ഇവരാരും തനിക്ക് സ്വീകാര്യനല്ല എന്നതിനുള്ള ബട്ടന് കൂടി ഉണ്ടാവും. ആസന്നമായ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആ സംവിധാനം പരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് ഉദ്ദേശിക്കുന്നുണ്ടെന്നും അറിവായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് രംഗത്തെ നിരവധി പരിഷ്കാരങ്ങളില്‍ ഏറ്റവും പുതിയതാണിത്. 1950 ല്‍ നിലവില്‍ വന്ന ഭരണഘടനപ്രകാരം ഭാരതത്തിലെ പൗരജനങ്ങള്‍ക്ക് പ്രായപൂര്‍ത്തി വോട്ടവകാശം നല്കപ്പെട്ടപ്പോള് അത് അജ്ഞരും നിരക്ഷരരുമായ ഒരു ജനതയ്ക്ക് നല്കുന്ന അപക്വമായ അധികാരമാവുമെന്നും ജനാധിപത്യബോധത്തിന്റെ വിലയറിയാത്ത ജനതയെ വഴിതെറ്റിക്കാനേ അതുപകരിക്കൂ എന്നും, പരിപക്വമായ ജനായത്തത്തെപ്പറ്റി ഊറ്റം കൊണ്ടിരുന്ന പല പാശ്ചാത്യരാജ്യങ്ങളും അപഹസിക്കുകയുണ്ടായി. അത് ഭാഗികമായി വസ്തുതയായിരുന്നുതാനും. പക്ഷേ ആയിരത്താണ്ടുകളായി നിലനിന്ന പഞ്ചായത്ത് സമ്പ്രദായം ബ്രിട്ടീഷ് ഭരണം ഇവിടെ സ്ഥാപിതമാകുന്നതുവരെ ഉറച്ച ജനായത്തത്തെ ഭാരത ജനതയ്ക്ക് നല്കിയിരുന്നുവെന്നതാണ് പരമാര്‍ത്ഥം. ജനങ്ങളിലെ അഞ്ചു വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്കുന്ന ഗ്രാമഭരണ രീതിക്കാണ് പഞ്ചായത്ത് എന്നു പറഞ്ഞുവന്നത്. പഞ്ചായത്തിന്റെ തീരുമാനത്തെ മറികടക്കാന്‍ രാജാവിനും ചക്രവര്‍ത്തിക്കുപോലും സാധാരണഗതിയില്‍ അധികാരമുണ്ടായിരുന്നില്ല. നിരക്ഷര ജനതയുടെ ജനാധിപത്യബോധം എത്ര ശക്തമായ ഭരണത്തെയും തകിടം മറിക്കാന്‍ പ്രാപ്തിയുള്ളതാണെന്ന് അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന 1977 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഉത്തരഭാരത സംസ്ഥാനങ്ങള്‍ കാട്ടിക്കൊടുത്തിരുന്നു.
1952 ലാണല്ലോ ഒന്നാമത്തെ പൊതു തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടിയുടെയും പേരു വായിക്കാന്‍ കഴിയാത്ത ജനങ്ങളെ മുന്നില്‍ കണ്ട് വിവിധ ചിഹ്നങ്ങളുള്ള പെട്ടികളായിരുന്നു അന്ന് ഏര്‍പ്പെടുത്തപ്പെട്ടത്. കോണ്‍ഗ്രസിന് നുകംവെച്ച കാള ,ഭാരതീയ ജനസംഘത്തിന് ദീപം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അരിവാളും നെല്കതിരും സോഷ്യലിസ്റ്റുകള്‍ക്ക് ചക്രവും കലപ്പയും തുടങ്ങിയവയായിരുന്നു ചിഹ്നങ്ങള്‍. കാളപ്പെട്ടി, ദീപപ്പെട്ടി, നെല്ക്കതിരരിവാള്പ്പെട്ടി എന്നിങ്ങനെ ആളുകള്‍ അവയെപ്പറ്റി പറഞ്ഞുവന്നു. ഒരു നമ്പറുള്ള ബാലറ്റ് കടലാസ് തങ്ങള്‍ക്കിഷ്ടമുള്ള പെട്ടിയില്‍ നിക്ഷേപിക്കുന്നതായിരുന്നു സമ്മതിദാനം. നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും വ്യത്യസ്ത നിറങ്ങളുള്ള ബാലറ്റുകള്‍ ഉപയോഗിക്കപ്പെട്ടു. ആ അവസ്ഥയില്‍ നിന്ന് പുരോഗമിച്ച് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഏറ്റവും വിപുലമായി ഉപയോഗിക്കുന്ന രാജ്യമായി ഭാരതം വളര്‍ന്നു.
നമ്മുടെ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ നിയോഗിക്കപ്പെട്ട കമ്മീഷനെപ്പറ്റി ജനങ്ങള്‍ക്ക് ബോധമുണ്ടായത് ടി.എന്‍.ശേഷന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായശേഷമാണ്. അതിനുമുമ്പ് ആ സ്ഥാനം വഹിക്കുന്ന ആളെപ്പറ്റി എംപിമാര്‍ക്കുപോലും നല്ല ധാരണയുണ്ടായിരുന്നില്ല. എസ്.കെ.ഡേ എന്ന ഐ സി എസ് ഉദ്യോഗസ്ഥനെ കമ്മീഷണറായി നിയമിച്ചപ്പോള്‍ “എന്തുകൊണ്ട് ഒരിന്ത്യക്കാരനെയല്ലാതെ അമേരിക്കക്കാരനെ കമ്മീഷണറാക്കിയെന്ന് കമ്മ്യൂണിസ്റ്റ് അംഗമായിരുന്ന അനന്തന് നമ്പ്യാര്‍ പ്രധാനമന്ത്രി നെഹ്റുവിനോട് കോപാകുലനായി അന്വേഷിച്ചു. എല്ലായിടത്തും ആംഗ്ലോ അമേരിക്കന്‍ സാമ്രാജ്യത്വ കുത്തക മുതലാളിത്തത്തിന്റെ കരിനിഴല്‍ കണ്ട് കമ്മ്യൂണിസ്റ്റുകള്‍ ഭയന്ന കാലമായിരുന്നു അത്. ഡേ ഭാരതീയന് തന്നെയാണെന്ന് നെഹ്റു പറഞ്ഞപ്പോള്‍ സഖാവ് നമ്പ്യാര്ക്കുണ്ടായ ജാള്യത ദയനീയമായിരുന്നു.
നമ്മുടെ തെരഞ്ഞെടുപ്പ് രീതിക്ക് മാതൃകയാക്കിയത് ബ്രിട്ടീഷ് സമ്പ്രദായത്തെയാണ്. ഭാരതം ബ്രിട്ടീഷ് ഭരണത്തിലായിരുന്നതും ഇവിടത്തെ നേതാക്കള്‍ അവിടത്തെ പാര്‍ലമെന്ററി ജനാധിപത്യത്തെ ആദരിച്ചിരുന്നതും അതിന് കാരണമായിരുന്നു. ബ്രിട്ടനിലെ രാജാവിന്റെ സ്ഥാനമാണ് ഇവിടെ രാഷ്ട്രപതിക്ക് നല്കപ്പെടുന്നതെന്ന് സാമാന്യമായി പറയാം. പ്രതീകാത്മകമായി അദ്ദേഹം രാഷ്ട്രത്തലവന് ആണെന്ന് മാത്രം. കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് മന്ത്രിസഭയും നിര്‍വഹിക്കുന്നത് ബ്രിട്ടീഷ് ഭരണത്തിന്റെ ഉരുക്ക് ചട്ടക്കൂടായി കരുതപ്പെട്ടിരുന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ തുടര്‍ച്ചയായ സിവില്‍ സര്‍വീസുമാണ്. അതിന് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് എന്നു പേരു മാറ്റിയെന്നേയുള്ളൂ.
നാം അംഗീകരിച്ച തെരഞ്ഞെടുപ്പ് ഭരണസമ്പ്രദായങ്ങള്‍ ജനായത്തപരമാണെങ്കിലും ലോകത്തില്‍ പല രാജ്യങ്ങളിലും നിലവിലുള്ള സമ്പ്രദായത്തിന്റെ പകര്‍പ്പല്ല. ഓരോരാജ്യവും തങ്ങളുടേതായ രീതികള്‍ സ്വീകരിച്ച് വികസിപ്പിച്ചുകൊണ്ടുവന്നു. അമേരിക്കന്‍ ഐക്യനാടുകളിലും ജര്‍മനി, ഫ്രാന്‍സ്, സ്പെയിന്, പോര്‍ച്ചുഗല്‍, ഇറ്റലി, ജപ്പാന്, കൊറിയ തുടങ്ങിയ രാജ്യങ്ങളിലുമെല്ലാം തങ്ങളുടെതായ രീതിയില്‍ ജനായത്തം വളര്‍ന്നു വികസിച്ചുവന്നു. ഏഴുപതിറ്റാണ്ടുകാലം കമ്മ്യൂണിസ്റ്റ് സര്വാധിപത്യത്തിലായിരുന്ന റഷ്യയും മറ്റു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും താന്താങ്ങളുടെതായ ജനാധിപത്യ രീതി സ്വീകരിച്ചുവരികയാണ്.
ഭാരതത്തിലെ ജനായത്തത്തിന്റെ ഇത്രകാലത്തെ അനുഭവങ്ങളില്‍ നിന്ന് അതിന് കാണുന്ന പോരായ്മകളെപ്പറ്റി പല രാഷ്ട്രീയ നേതാക്കളും രാജ്യതന്ത്രജ്ഞരും ചിന്തിക്കുന്നുണ്ട്. നാം സ്വീകരിച്ച സമ്പ്രദായത്തിന് ഭാരതത്തിന്റെ തനിമ കുറവാണെന്ന് ഗാന്ധിജിയും ദീനദയാല്‍ ഉപാധ്യായയും ശ്രീ ഗുരുജിയും മറ്റും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗ്രാമീണ തലത്തിലേക്ക് അധികാരം വികേന്ദ്രീകരിക്കുന്ന രീതിയാണ് ആവശ്യമെന്ന് അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് രീതിയിലും ജനപ്രാതിനിധ്യ രീതിയിലും ചില ന്യൂനതകള്‍ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
ഈ രംഗത്ത് ഏറ്റവും കൂലംകുഷമായി ചിന്തിക്കുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉന്നയിക്കുകയും ചെയ്തത് മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നത നേതാവുമായ ലാല്‍ കൃഷ്ണ അദ്വാനിയാണ്. അടിയന്തരാവസ്ഥക്ക് മുമ്പ് ഭാരതീയ ജനസംഘത്തിന്റെ മുതിര്‍ന്ന നേതാവും അധ്യക്ഷനുമായിരുന്ന കാലത്ത് തന്നെ അദ്ദേഹം ഇക്കാര്യത്തെപ്പറ്റി ധാരാളം എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.
എറണാകുളത്തെ ഹിന്ദി പ്രചാരസഭാ ഹാളില്‍ ഈ വിഷയത്തെപ്പറ്റി അദ്ദേഹത്തിന്റെ ഒരു പ്രഭാഷണ പരമ്പര തന്നെ പരമേശ്വര്‍ജിയുടെ ഉത്സാഹത്തില്‍ നടത്തിയിരുന്നു. ദേശീയ തലത്തിലുള്ള ഒരു നേതാവായിരുന്നെങ്കിലും ഈ വിഷയത്തില്‍ തല്‍പ്പരരായ ഏതാണ്ട് നൂറോളം പേരെ അതില്‍ പങ്കെടുത്തുള്ളൂ.
അതുവരെ നടന്ന ഒരു തെരഞ്ഞെടുപ്പിലും സമ്മതിദായകരില്‍ ഭൂരിപക്ഷം പേരുടെയും പിന്തുണയില്ലാതെയാണ് പാര്‍ലമെന്റില്‍ ഭരണകക്ഷിക്ക് ഭൂരിപക്ഷം ലഭിക്കുന്നതെന്നദ്ദേഹം ചൂണ്ടിക്കാട്ടി. (ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ അനുഭാവതരംഗത്തില് പോലും കോണ്‍ഗ്രസിന് 50 ശതമാനം വോട്ടര്‍മാരുടെ പിന്തുണ കഷ്ടിയായിരുന്നു). സമ്മതിദായകരില്‍ പകുതിയില്‍ താഴെ മാത്രമേ ആദ്യകാല തെരഞ്ഞെടുപ്പുകളില്‍ വോട്ടു രേഖപ്പെടുത്തിയിരുന്നുള്ളൂ. അങ്ങനെയാകുമ്പോള്‍ ഭരണകക്ഷിക്ക് ആകെ സമ്മതിദായകനില്‍ 30 ശതമാനത്തോളമേ പ്രാതിനിധ്യം അവകാശപ്പെടാനാവൂ. ഓട്ടപ്പന്തയത്തിലെ ഒന്നാം സ്ഥാനക്കാരനെപ്പോലെയാണ് ജയിച്ച കക്ഷിയുടെ സ്ഥിതി. നിയമനിര്‍മാണത്തില്‍ കൂടുതല്‍ ജനപ്രാതിനിധ്യം ഉറപ്പാക്കാനായി തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ പരിഷ്കാരങ്ങള്‍ വരുത്തണമെന്നായിരുന്നു അദ്വാനിജിയുടെ നിര്‍ദ്ദേശം. അതിനായി ഇന്നത്തെ സമ്പ്രദായത്തോടൊപ്പം ആനുപാതിക പ്രാതിനിധ്യത്തിനു കൂടി സ്ഥാനം നല്‍കണമെന്നതായിരുന്നു ഒരു നിര്‍ദ്ദേശം. പ്രധാന രാജ്യങ്ങളുടെ ജനപ്രാതിനിധ്യ രീതികള്‍ അധ്യയനം ചെയ്ത് അദ്വാനിജി അതിന് ചില പോംവഴികളും ചൂണ്ടിക്കാട്ടി. വിവിധ തൊഴില്‍ മേഖലകളില്‍നിന്നും പ്രാതിനിധ്യം ഉണ്ടാകണം.
അതുപോലെ തന്നെ പോളിങ്ങ് ശതമാനം കുറയുന്നതിന് പരിഹാരമായി സമ്മതിദാനം നിര്‍ബന്ധിതമായ കടമയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജയിച്ചു കഴിഞ്ഞ് പാര്‍ട്ടി മാറുന്നവര്‍ക്ക് പ്രാതിനിധ്യം നഷ്ടമാക്കപ്പെടണമെന്നും സഭയിലെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ പ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അധികാരം കൂടി സമ്മതിദായകര്‍ക്ക് നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഏകാംഗ നിയോജകമണ്ഡലങ്ങളുടെ സ്ഥാനത്ത് ബഹു അംഗമണ്ഡലങ്ങള് മറ്റൊരു നിര്‍ദ്ദേശമായിരുന്നു. അവിടെ സമ്മതിദാനം രേഖപ്പെടുത്തുന്നത് വ്യക്തികള്‍ക്കാവില്ല കക്ഷികള്‍ക്കായിരിക്കും. ഓരോ കക്ഷിക്കും തങ്ങള്‍ക്ക് ലഭിച്ച വോട്ടുകള്‍ക്കനുസരിച്ച് ഏറ്റവും മികച്ചവരെ സഭയില്‍ അയയ്ക്കാന്‍ സാധിക്കും. കക്ഷികള്‍ തങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. നിയമ വിദഗ്ദ്ധരും വിവിധ കക്ഷി പ്രതിനിധികളുമടങ്ങിയ ഒരു വിദഗ്ദ്ധ സമിതി പ്രശ്നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും പാര്‍ലമെന്റ് അത് ചര്‍ച്ച ചെയ്ത് നിയമമുണ്ടാക്കണമെന്നുമായിരുന്നു അദ്വാനിജി നിര്‍ദ്ദേശിച്ചത്.
ആറുപതിറ്റാണ്ടിലേറെയായ നമ്മുടെ തെരഞ്ഞെടുപ്പ് ജനപ്രാതിനിധ്യക്കാര്യങ്ങളില് തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ലമെന്റിന്റെ അധികാര പരിധിയില്‍ കടന്നുവരുന്ന സ്ഥിതി വരുമോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിന്റെ തനിമയ്ക്ക് യോജിച്ച ഒരു രീതി രൂപപ്പെടുത്തുന്ന കാര്യം ഗൗരവപൂര്‍വം രാജ്യനേതാക്കള്‍ പരിഗണിക്കാന്‍ സമയമായി.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: