പെരുമ്പാവൂര്‍: രാഷ്ട്രീയ നേതൃത്വം സഭാതര്‍ക്കത്തില്‍ ഇരുപക്ഷത്തേക്കും ചായുന്നതാണ് കോലഞ്ചേരി പള്ളിത്തര്‍ക്കം തീരുവാന്‍ വൈകുന്നതെന്ന് യാക്കോബായ വിഭാഗം കുറ്റപ്പെടുത്തി. വെള്ളിയാഴ്ച തോമസ് പ്രഥമന്‍ കാത്തോലിക്കാ ബാവയുടെ ഉപവാസസമരം 13-ാം ദിവസത്തിലെത്തിയപ്പോള്‍, സമരപ്പന്തലിലെത്തിയ എംഎല്‍എമാരായ ടി.യു.കുരുവിള, ബെന്നി ബെഹനാന് എന്നിവരെ വേദിയിലിരുത്തിയാണ് വൈദികര്‍ ഇക്കാര്യം പറഞ്ഞത്. യജ്ഞപ്പന്തലിലെ പ്രത്യേക പ്രാര്‍ത്ഥനക്ക് ശേഷമാണ് യാക്കോബായ വിഭാഗം തങ്ങളുടെ അമര്‍ഷം പുറത്തറിയിച്ചത്.
ഇടവകകളുടെ പരമാധികാരം കോടതിക്കല്ല പൊതുയോഗത്തിനാണെന്നും യാക്കോബായ വിഭാഗം പറഞ്ഞു. ഓര്‍ത്തഡോക്സ് വിഭാഗത്തോട് ചായ്വുള്ള ചില മാധ്യമങ്ങളില്‍ അച്ചടിച്ചതുകൊണ്ട് സത്യം ഇല്ലാതാകില്ല. കോടതി വിചാരിച്ചാല്‍ സഭാ തലവനെ മാറ്റാനാകില്ലെന്നും പുരോഹിതര്‍ പറഞ്ഞു. മലങ്കരസഭയുടെ പ്രശ്നപരിഹാരം നടത്തിയിരിക്കുന്നത് ജനാധിപത്യ രീതിയിലല്ല. ജനാധിപത്യരീതി നടപ്പിലാക്കിയിരുന്നെങ്കില്‍ കേരളത്തിലെ മുഴുവന്‍ പ്രശ്നവും ഒറ്റദിവസംകൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂവെന്നും സഭാ നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
തന്നെ മോഹനവാഗ്ദാനങ്ങള്‍ നല്കി വീഴ്ത്തിയാണ് ഓര്‍ത്തഡോക്സ് വിഭാഗം പല കാര്യങ്ങളും നേടിയെടുത്തതെന്ന് കാത്തോലിക്കാ ബാവ പറഞ്ഞു. ഹൈന്ദവ സംഘടനാ നേതാവ് വെള്ളാപ്പള്ളി നടേശന് അടക്കമുള്ള സമരപ്പന്തല്‍ സന്ദര്‍ശിച്ച ഇതര മതനേതാക്കള്‍ തങ്ങളെ സഹായിക്കുന്നതിനായാണ് എത്തിയതെന്ന് ബാവ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: