കൊല്ലം: കൂട്ടിലെ കിളിയായിരുന്നില്ല കാക്കനാടന്. സടയെടുത്തു നില്ക്കുന്ന സിംഹം. പക്ഷം നോക്കാതെ ശരിയെന്ന് തോന്നുന്നത് ഉറക്കെ വിളിച്ചു പറഞ്ഞവന്, തോളൊപ്പമെത്തുന്ന മുടിയിഴകള്‍ തടവി കാക്കനാടന് വിളിച്ചു പറഞ്ഞ ശരികള്‍ അദ്ദേഹത്തെ ആധുനിക സാഹിത്യ മേഖലയില്‍ സടകൊഴിയാത്ത സിംഹമാക്കി.
മലയാളത്തിന്റെ സാഹിത്യലോകം പക്ഷരചനകളില്‍ ഏര്‍പ്പെടുകയും ചില പ്രത്യയശാസ്ത്ര പക്ഷങ്ങള്‍ക്കിടയില്‍പ്പെട്ട് മുദ്രകുത്തപ്പെടുകയും ചെയ്ത കാലഘട്ടത്തില്‍ ജോര്‍ജ്ജ് വര്‍ഗീസ് കാക്കനാടനിലെ കമ്മ്യൂണിസ്റ്റിന് തെരഞ്ഞവര്‍ ധാരാളമുണ്ട്. ലഹരിയെ എഴുത്താക്കിയ ദല്‍ഹിയിലെ തെരുവുകളും അവിടുത്തെ കൂട്ടായ്മയിലെ ലഹരിയും ആവര്‍ത്തിച്ച് പറഞ്ഞ് ഇതാണ് പുരോഗമനമെന്നും കാക്കനാടന് കമ്മ്യൂണിസ്റ്റാണെന്നും സമര്‍ത്ഥിച്ചവരുണ്ട്.
പഴയകാല കമ്മ്യൂണിസ്റ്റുകാരനായിരുന്നു അച്ഛന് എന്നതുകൊണ്ട് ജനിതകമായ ആനുകൂല്യമെങ്കിലും പ്രതീക്ഷിച്ചിരുന്നു സഖാക്കള്‍. പണിയാളര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പേനയുന്തിയ കാക്കനാടന് പൊള്ളുന്ന സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളോട് മരണം വരെയും കലഹിച്ചു എന്നതാണ് പാഠം.
സുവിശേഷവും കമ്മ്യൂണിസവും ഇഴചേര്‍ന്ന ജീവിതമായിരുന്നു അത്. പിന്നീട് സുവിശേഷത്തിന് പിന്നിലെ കെട്ടുകാഴ്ചകള്‍ക്കെതിരെയും കമ്മ്യൂണിസത്തിലെ അരാജകത്വത്തിനെതിരെയും അദ്ദേഹം പൊട്ടിത്തെറിച്ചു. കമ്മ്യൂണിസം വ്യഭിചരിക്കപ്പെട്ടിരിക്കുന്നു എന്ന വലിയ മുറവിളിയോടെ തെരുവിലിറങ്ങിയ ശിവനെന്ന ക്ഷുഭിത യൗവനം ഉഷ്ണമേഖലയിലൂടെ രംഗത്തു വന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഏറെ ഉഷ്ണിച്ചു. ശിവന് ദീര്‍ഘദര്‍ശിയായ കഥാകൃത്തിന്റെ ഭാവനാസൃഷ്ടിയായിരുന്നില്ലെന്ന് പുതിയകാലം ആവര്‍ത്തിച്ചു തെളിയിക്കുന്നുണ്ട്. കമ്മ്യൂണിസത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ ആത്മാവിന്റെ കത്തിപ്പടരുന്ന ഭാഷയിലൂടെ പ്രതികരിച്ചുകൊണ്ടാണ് കാക്കനാടന്റെ ഉഷ്ണമേഖല പുറത്തു വന്നത്.
മറുവശത്ത് കത്തോലിക്കാ സഭയോട് കലഹിച്ച് മാര്‍ത്തോമാ സഭയിലേക്ക് മാറുകയും മിഷണറിയാവുകയുമൊക്കെ ചെയ്ത കാക്കനാടന് പണമാണ് അവര്‍ക്ക് യേശു എന്ന തിരിച്ചറിവില്‍ പൊട്ടിത്തെറിച്ചു. ഒടുവില്‍ അനുജനും എഴുത്തുകാരനുമായ തമ്പി കാക്കനാടന്റെ മൃതദേഹത്തിന് മാന്യമായ സംസ്കാരത്തിനുള്ള അനുമതി മാര്‍ത്തോമാസഭ നിഷേധിച്ചപ്പോള്‍ എഴുപത്താറാം വയസിലും കാക്കനാടന് ഗര്‍ജിച്ചു. സഭയ്ക്കും പണം പണം എന്ന ചിന്തയേ ഉള്ളുവെന്ന് കാക്കനാടന് പരസ്യമായി പറഞ്ഞു. മാര്‍ത്തോമാസഭയിലുള്ള തമ്പികാക്കനാടന്‍ കത്തോലിക്കാ സഭക്കാരിയെ വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു സഭാ വിലക്ക്. അതും ആദ്യകാല കമ്മ്യൂണിസ്റ്റായിരുന്ന തങ്ങളുടെ അച്ഛന് കാഞ്ഞിരപ്പള്ളി തമ്പലക്കാട് വര്‍ഗീസ് കാക്കനാടന്റെ ശ്രമഫലം കൊണ്ട് മാര്‍ത്തോമാസഭയ്ക്ക് എഴുതിക്കിട്ടിയ ശ്മശാനത്തിലായിരുന്നു ഈ അനുമതി നിഷേധം.എന്തായാലും സഭയ്ക്കെതിരെ ഉയര്‍ത്തിയ സ്ഥാപിത താല്പര്യങ്ങളെന്ന ആരോപണത്തെ സാധൂകരിച്ചു കൊണ്ട് തന്നെ കാക്കനാടനെ മരണത്തിന് ശേഷം സഭ ഏറ്റെടുത്തു. ബ്രാന്‍ഡ് ചെയ്യപ്പെടാനാവാത്തവിധം ഉറപ്പുള്ള നിലപാടുകള്‍കൊണ്ട് വ്യത്യസ്തനായിരുന്നു അദ്ദേഹം. ചങ്ങനാശ്ശേരിയില്‍ പോലീസുകാരനെ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ എബിവിപിക്കാരെ പ്രതികളാക്കാനുള്ള സിപിഎം സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ കാക്കനാടന് പ്രതികരിച്ചു. സംഭവത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും പോലീസും ഗൂഢാലോചന നടത്തിയതായി സംശയിക്കണമെന്നും പാര്‍ട്ടി നേതാക്കള്‍ പ്രതികളെ നിശ്ചയിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
തപസ്യ കലാസാഹിത്യവേദിയുടെ സമ്മേളനം കൊല്ലത്ത് നടക്കുമ്പോള്‍ തപസ്യ പ്രവര്‍ത്തകരുടെ ആദരവേറ്റുവാങ്ങാന്‍ അദ്ദേഹം എത്തി. ഇടതുപക്ഷ സഹയാത്രികനാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വരെ പരിശ്രമങ്ങള്‍ നടക്കുമ്പോഴും കാക്കനാടന് തന്റെ നിലപാടുകള്‍ക്ക് വ്യത്യസ്തമായി ആരോടും സന്ധിചെയ്തില്ല.
ബിഎംഎസ് സ്ഥാപകന്‍ ദത്തോപാന്ത് ഠേംഗ്ഡിയുടെ ഒന്നാം അനുസ്മരണസമ്മേളനം കൊല്ലത്ത് റെഡ്യാര്‍ ഹാളില്‍ നടക്കുമ്പോള്‍ അതില്‍ മുഖ്യപ്രഭാഷകനായി കാക്കനാടന് ഉണ്ടായിരുന്നു. ശാരീരികമായ അവശതകള്‍ മറന്ന് താന്‍ ഈ വേദിയിലെത്തിയത് ലോകത്തിന് മാതൃകയായ മഹാനായ തൊഴിലാളി സംഘാടകനെ ആദരിക്കാനാണെന്ന് കാക്കനാടന് പറഞ്ഞു. ആറ് വര്‍ഷത്തെ ദല്‍ഹിയിലെ ജീവിതത്തിനിടയില്‍ അക്കാലത്ത് എംപിയായിരുന്ന ഠേംഗ്ഡി സൈക്കിളില്‍ ഒരു സാധാരണക്കാരനെപ്പോലെ യാത്ര ചെയ്യുന്നത് താന്‍ കണ്ടിട്ടുണ്ട്. ലളിത ജീവിതത്തിന്റെ ആ ഉദാത്ത മാതൃക എല്ലാവര്ക്കും പാഠമാണെന്നായിരുന്നു കാക്കനാടന്റെ വാക്കുകള്‍.
സാമൂഹ്യ വിമര്‍ശനത്തിന്റെ പൊള്ളുന്ന ഭാഷയില്‍ കൊല്ലത്തിന്റെ ജീവിതഭാഷ കൂട്ടിക്കലര്‍ത്തിയാണ് കാക്കനാടന് ശ്രദ്ധേയനാകുന്നത്. ഒറോതയും ഉഷ്ണമേഖലയും ഒടുവിലെഴുതിയ കമ്പോളവും ചരിത്രത്തിന്റെ നേര്‍പതിപ്പുകളായി. വസൂരിക്കല നിറഞ്ഞ മനസുകളുടെ സഞ്ചാരമായിരുന്ന വസൂരിയും, മരണത്തെ പ്രധാന കഥാപാത്രമാക്കിയ സാക്ഷിയുമൊക്കെ കൊല്ലത്തിന് ഒരു ഭാഷയുണ്ടെന്ന് തെളിയിച്ച രചനകളാണ്.
കാക്കനാടന്റെ നാടേത് എന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ കാക്കനാട് എന്നൊരു നാടുണ്ടല്ലോ എന്ന് കരുതിയിട്ടല്ലേ എന്ന് ചിരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ നാടും എന്റെ നാട് എന്ന് ആലോചിക്കാതെ മറുപടി പറയുമ്പോഴും നെഞ്ചില്‍ തടവി എങ്കിലും ഇതാ കൊല്ലത്തിന്റെ ഈ ഗ്രാമമണമുള്ള നഗരമാണ് എന്റെ ഇടം എന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു കാക്കനാടന്.
പഴയകാല കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ നഗരമായ കൊല്ലത്തിന്റെ കമ്പോളത്തെ ഈ നാടിന്റെ ഭാഷയില്‍ തന്നെ കാക്കനാടന് വരച്ചുചേര്‍ത്തു. മുല്ലപ്പൂമണം പരത്തുന്ന തെരുവുകളുടെ ഇരുള് നിഴലുകളും നഗരരാവിന് ലഹരി പകരുന്ന ചെറു സങ്കേതങ്ങളും തിരയെണ്ണി പകല്‍ പോക്കുന്ന അലസയൗവനങ്ങളും വിയര്‍പ്പിറ്റിച്ച്, തല്ലിയും നേടിയും ആധിപത്യം നേടിയ കമ്പോളക്കച്ചവടങ്ങളുമെല്ലാം അദ്ദേഹം ആത്മാവിന്റെ കത്തിപ്പടര്‍ന്ന ഭാഷയിലൂടെ മലയാളത്തിന് പകര്‍ന്നു.
ഓരോ ദിവസവും പുതിയകാലത്തിന്റെ പിറവിയാണെന്നും ആയുസിന്റെ പുസ്തകത്തില്‍ നിന്ന് ഒരു താള് കൊഴിയുമ്പോള്‍ മനുഷ്യന് പുതിയ താള് മറിക്കാനൊരുങ്ങുകയാണെന്നും എന്നെങ്കിലുമൊരിക്കല്‍ കാറ്റും കാലവും നിശ്ചലമാകുന്ന മുഹൂര്‍ത്തം വരുമെന്നും പറഞ്ഞ കാക്കനാടന് അത്തരമൊരു മുഹൂര്‍ത്തത്തെ നഗരത്തിന് സമ്മാനിച്ചുകൊണ്ട് അനിവാര്യമായ തീര്‍ത്ഥാടനം നടത്തിയിട്ട് രണ്ടുവര്‍ഷം കൊഴിയുകയാണ്.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: