പെരുമ്പാവൂര്‍: ശബരിമലയില്‍ മേല്‍ശാന്തിയായി നറുക്ക് വീഴുമ്പോഴും നാരായണന് നമ്പൂതിരി പെരുമ്പാവൂര്‍ നഗരമധ്യത്തിലെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂജാതികര്മ്മങ്ങളില് ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അയ്യനെ സേവിക്കുവാന്‍ അവസരം വീഴുമ്പോള്‍ അയ്യപ്പസേവയില്‍ തന്നെ മുഴുകുവാന്‍ സാധിച്ചത് മഹാഭാഗ്യമെന്നാണ് ഭക്തര്‍ വിശേഷിപ്പിച്ചത്. നഗരഹൃദയത്തിലെ ശ്രീധര്‍മ്മശാസ്താവിനെ കഴിഞ്ഞ 4 മാസമായി സേവിക്കുന്ന ഇദ്ദേഹം ഒരു മാസം കൂടി കഴിഞ്ഞാല്‍ കാനനവാസന്റെ തിരുനടയില്‍ ഒരു വര്‍ഷക്കാലം പുറപ്പെടാശാന്തിയാകും.
അയ്യപ്പസ്വാമിയുടേയും മരിച്ചുപോയ അച്ഛന്റെയും, അമ്മയുടെയും സഹപ്രവര്‍ത്തകരുടെയും, ഗുരുനാഥന് വേഴപ്പറമ്പ് പരമേശ്വരന് നമ്പൂതിരിയുടേയും അനുഗ്രഹം ഒരുമിച്ചെത്തിയതാണ് ശബരിമല സന്നിധാനത്തേക്ക് തന്നെ തിരഞ്ഞെടുക്കുവാന്‍ കാരണമായതെന്ന് നാരായണന് നമ്പൂതിരി ജന്മഭൂമിയോട് പറഞ്ഞു.
പനങ്ങാറ്റംപിള്ളി മനയില്‍ പരേതനായ നാരായണന് നമ്പൂതിരിയുടെയും സാവിത്രീദേവിയുടെയും പുത്രനാണ് നാരായണന് നമ്പൂതിരി. ഭാര്യ ഉഷ, മകന് ശ്രീദത്തന് കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയും, മകള്‍ പാര്‍വ്വതി കോതമംഗലം ശോഭന സ്കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. 20 വര്‍ഷമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരനായ ഇദ്ദേഹം കഴിഞ്ഞ 4 മാസമായി പെരുമ്പാവൂര്‍ അയ്യപ്പ ക്ഷേത്രത്തിലാണ് ജോലിനോക്കുന്നത്.
കീഴില്ലം പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രം ആറ്റുകാല്‍, കൊയമ്പത്തൂര് തുടങ്ങിയ വിവിധ ക്ഷേത്രങ്ങളില്‍ മേള്ശാന്തിയായി ഇദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. ഗുരുകുല സമ്പ്രദായരീതിയില്‍ വേഴപ്പറമ്പ് മനയില്‍ പരമേശ്വരന് നമ്പൂതിരിയുടെ ശിഷ്യനായി ആറ് വര്‍ഷക്കാലം പൂജാവിധികള്‍ പഠിച്ചശേഷമാണ് ഇദ്ദേഹം ശാന്തിപ്പണിക്കിറങ്ങിയത്. മണ്മറഞ്ഞ് പോയ പിതാവിന്റെയും ഗുരുനാഥന്റെയും, ഗുജരാത്തിലുള്ള മാതാവിന്റെയും പെരുമ്പാവൂരയ്യപ്പന്റെയും, കാനനവാസന്റെയും അനുഗ്രഹം ഒരുമിച്ച് ലഭിച്ച ദിനമായിരുന്നു ഇദ്ദേഹത്തിന്. നാരായണന് നമ്പൂതിരി ഇന്ന് ശബരിമലക്ക് ദര്‍ശനത്തിനായി പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: