ബെര്‍ളിന്‍: ബ്രിക്സ് രാജ്യങ്ങളില്‍ വച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത് ഇന്ത്യന്‍ കമ്പനികളാണെന്ന് സര്‍വെ റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നത് ഇന്ത്യന്‍ സ്ഥാപനങ്ങളാണ് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വേയില്‍ പറയുന്നു. ചൈനയാണ് ഏറ്റവും താഴ്ന്ന നിലവാരം പുലര്‍ത്തുന്നത്. ബ്രസില്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സ് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നത്.
ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ ടാറ്റ കമ്യൂണിക്കേഷന്‍സ് ലിമിറ്റഡാണ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കമ്പനികളില്‍ ഒന്നാമത്. അഴിമതി വിരുദ്ധ പരിപാടികളുടെ വിഭാഗത്തിലാണ് ടാറ്റ ഒന്നാമതെത്തിയത്.
സാമ്പത്തിക ശക്തിയായി അതിവേഗം വളരുന്ന 16 രാജ്യങ്ങളിലെ 100 ഓളം കമ്പനികളിലാണ് സര്‍വെ നടത്തിയത്. അഴിമതിയെ എത്തരത്തില്‍ ചെറുക്കുന്നു, അവരുടെ സംഘടനകളെ കുറിച്ച് എത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, വരുമാനം, ചെലവ്, നികുതി സംബന്ധമായ വിവരങ്ങള്‍ എത്തരത്തില്‍ വെളിപ്പെടുത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രകടനം വിലയിരുത്തിയത്. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ചൈനിസ് കമ്പനികളുടേതാണ് ഏറ്റവും മോശം പ്രകടനം. മോശം പ്രകടനം കാഴ്ച വയ്ക്കുന്ന 10 കമ്പനികളില്‍ എട്ടെണ്ണം ചൈനീസ് കമ്പനികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: