ന്യൂദല്‍ഹി: ടെലികോം സേവന ദാതാക്കളായ വോഡാഫോണ്‍ ഇന്ത്യയില്‍ രണ്ട് ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കാന്‍ സന്നദ്ധത അറിയിച്ചതായി കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍. ഇതോടെ വോഡാഫോണിന്റെ ഓഹരി പങ്കാളിത്തം 100 ശതമാനമായി ഉയരും. ആഗസ്റ്റ് മാസത്തില്‍ ടെലികോം മേഖലയിലേക്ക് 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിരുന്നു. നേരത്തെ ഇത് 74 ശതമാനമായിരുന്നു.
2007 ല്‍ ഹച്ചിസണ്‍ എസ്സാറിനെ ഏറ്റെടുത്തുകൊണ്ടാണ് വോഡാഫോണ്‍ ഇന്ത്യന്‍ ടെലികോം മേഖലയിലേക്ക് പ്രവേശിക്കുന്നത്. 11 ബില്യണ്‍ ഡോളറിനായിരുന്നു ഏറ്റെടുക്കല്‍. 2011 ല്‍ 5.46 ബില്യണ്‍ ഡോളറിന് എസ്സാറിന്റെ കൂടുതല്‍ ഓഹരികള്‍ കൂടി വോഡാഫോണ്‍ സ്വന്തമാക്കിയിരുന്നു. 2013 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം വോഡാഫോണിന്റെ പ്രവര്‍ത്തന ലാഭം 24.5 ശതമാനം ഉയര്‍ന്ന് 10,640.6 കോടി രൂപയില്‍ എത്തിയിരുന്നു.
2012-13 സാമ്പത്തിക വര്‍ഷം വരുമാനം 10.2 ശതമാനം ഉയര്‍ന്ന് 35,885.8 കോടി രൂപയിലെത്തി. തൊട്ടുമുന്‍വര്‍ഷം ഇത് 32,564.3 കോടി രൂപയായിരുന്നു. 2007 മുതല്‍ 2013 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 54,000 കോടി രൂപയാണ് വോഡാഫോണ്‍ ഇന്ത്യയില്‍ നിക്ഷേപിച്ചിരിക്കുന്നത്. 2013 ജൂണ്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് വോഡാഫോണിന് ഇന്ത്യയില്‍ 15.5 കോടി മൊബെയില്‍ ഉപയോക്താക്കളാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: