കാസര്‍കോട്: പഞ്ചായത്ത് സെക്രട്ടറിമാരുടേയും കടവ് സൂപ്പര്‍വൈസര്‍മാരുടേയും ഒത്താശയോടെ ഇ-മണല്‍ പദ്ധതി അട്ടിമറിക്കപ്പെടുന്നു. പദ്ധതിയുടെ പേരില്‍ അംഗീകൃത കടവുകള്‍ കേന്ദ്രീകരിച്ച് അനധികൃത മണല്‍ക്കൊള്ള തകൃതിയായി നടക്കുകയാണ്. കുമ്പള, മഞ്ചേശ്വരം, മംഗല്പാടി, ഉളുവാര്‍, കിദൂറ്‍, കീഴൂറ്‍, ഉദുമ, ചേരൂറ്‍, മൂസോടി, ചളിയങ്കോട്, ചെമ്മനാട്, ചെങ്കള തുടങ്ങിയ സ്ഥലങ്ങളില്‍ ലോഡ് കണക്കിന് മണലാണ് അനധികൃതമായി ദിവസേന കടത്തുന്നത്. കടവില്‍ നിന്നും എടുക്കാവുന്ന മണലിന് നിയന്ത്രണമുണ്ടെങ്കിലും അനുവദിച്ചതിണ്റ്റെ മൂന്ന് മടങ്ങുവരെ മണലാണ് കടത്തുന്നത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരവധി തവണ ജില്ലാ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും മണല്‍കൊള്ള തടയാന്‍ നടപടിയുണ്ടായിട്ടില്ല. പഞ്ചായത്ത് സെക്രട്ടറിമാരില്‍ നിന്നും വ്യാജ അലോട്ടുമെണ്റ്റ് സംഘടിപ്പിച്ചാണ് ഇ-മണലിണ്റ്റെ മറവില്‍ തട്ടിപ്പ് അരങ്ങേറുന്നത്. ഇ-മണല്‍ വഴി അനുവദിക്കേണ്ട മണലിന് സമര്‍പ്പിക്കുന്ന ‘നിര്മ്മാണ്’ അപേക്ഷയില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചാണ് മണല്‍മാഫിയ അലോട്ടുമെണ്റ്റ് സംഘടിപ്പിക്കുന്നത്. ചില പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇതിന് കൂട്ടുനില്‍ക്കുന്നതായും ആരോപണമുണ്ട്. ഒരു വ്യക്തിക്ക് ൧൦൦ മെട്രിക് ടണ്‍ മണലാണ് പരമാവധി അനുവദിക്കാന്‍ സാധിക്കുക. നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലം സന്ദര്‍ശിച്ച് ബോധ്യപ്പെട്ടതിണ്റ്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറി അനുമതി നല്‍കേണ്ടത്. എന്നാല്‍ പരിശോധന നടത്താതെ അനര്‍ഹര്‍ക്ക് യഥേഷ്ടം മണല്‍ ലഭിക്കുന്നതിനുള്ള സാഹചര്യമാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഒരുക്കുന്നത്. ഡ്രൈവര്‍മാര്‍ ഇത്തരത്തില്‍ അനുമതി സംഘടിപ്പിച്ച് ആവശ്യക്കാര്‍ക്ക് വാന്‍ തുകയ്ക്ക് മണല്‍ ഇറക്കിക്കൊടുക്കുകയാണ്. ഒരേ പാസില്‍ തന്നെ നിരവധി ലോഡ് മണല്‍ വിതരണം നടത്തുന്നതും വ്യാപകമാണ്. പാസില്ലാതെ വരുന്ന വാഹനങ്ങള്‍ക്ക് കടവ് സൂപ്പര്‍ വൈസര്‍മാര്‍ സ്ഥിരമായി ലോഡ് അനുവദിക്കുന്നതും പതിവാണ്. തുറമുഖ വകുപ്പ് മുഖേനയുള്ള ഓണ്‍ ലൈന്‍ മണല്‍വിതരണം നിലച്ചിട്ട് ഒന്നരമാസത്തോളമായെങ്കിലും പല വീടുകളിലും കടല്‍ മണല്‍ കൂട്ടിയിട്ടിരിക്കുന്നത് കാണുവാന്‍ സാധിക്കും. മണല്‍ കടത്ത് വ്യാപകമായി തുടരുമ്പോഴും പോലീസും റവന്യു ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുയരുന്നുണ്ട്. കടവുകളില്‍ പരിശോധന നടത്തുന്നതിന് തയ്യാറാകുന്നില്ല. മണല്‍ക്കടത്ത് തടയുന്നതിന് രൂപീകരിച്ച സ്ക്വാഡുകള്‍ നിര്‍ജീവമായി. യാതൊരു തടസ്സവുമില്ലാതെ യഥേഷ്ടം മണല്‍വാരാനുള്ള സാഹചര്യമാണ് നിലവില്‍ ജില്ലയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: