പലകോടിയില്‍ നിന്നു പത്തിനെ കണ്ടെടുത്തു, അതിനെ പിന്നെ മൂന്നാക്കിക്കുറുക്കി. അതില്‍നിന്ന് ഒന്നിലേക്കു ചുരുക്കിയപ്പോള്‍ പരകോടിയിലെത്തി, വിദ്യയില്‍. അതുകൊണ്ടായിരിക്കണം കേരളത്തില്‍ മാത്രം നവരാത്രി-വിജയദശമിയില്‍ സരസ്വതീ ദേവിയ്ക്കിത്ര പ്രാധാന്യം വന്നത്. “യാ ദേവീ സര്‍വഭൂതേഷു…. “അതെ സര്‍വഭൂതങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത്, സര്‍വ വ്യാപിയായ, എന്നിലും നിങ്ങളിലും കൂടി പലകോടിയില്‍ നിറഞ്ഞു നില്ക്കുന്ന ദേവിയെ ദശമായി-പത്തിലേക്ക് ആവാഹിച്ചു. അങ്ങനെ അതില്‍നിന്ന് ഒന്നിനെ കണ്ടെത്തിയപ്പോള്‍ കേരളം വിദ്യയെ പരകോടിയില്‍ പ്രതിഷ്ഠിക്കുകയായിരുന്നല്ലോ. സര്‍വത്തിനും ആധാരമായത് വിദ്യ.
അക്ഷരത്തിന്റെ ശക്തിയാണത്. അതിന് ഹനിക്കാനും ഓമനിക്കാനും കഴിയുന്നു. വാക്കുകള്‍ കൊണ്ടുണ്ടാക്കുന്ന മുറിവുകള്‍ക്ക് ആഴം കൂടും. വാഗൗഷധത്തിന്റെ സാന്ത്വനം മറ്റൊന്നുകൊണ്ടും സാധ്യമല്ലതന്നെ. വാക്കമ്മയോടുള്ള പ്രാര്‍ത്ഥന അതുകൊണ്ടുതന്നെ ഇങ്ങനെയാകണം
വാക്കമ്മേ കാക്കുകെന്നമ്മേ
വാക്കിനെ കാക്കുവാന്‍ സദാ
പേക്കിനാവിങ്കലും ചേര്ക്കാ-
തിരിക്കാന്‍ ചീത്തവാക്കിനെ
പശ്ചിമ ബംഗാളിലാണ് നവരാത്രിയെന്ന ദുര്‍ഗാപൂജയുടെ പുണ്യകാലം. ദുര്‍ഗ അവിടെ ദേവിയോ കാളിയോ വിശ്വാസമോ ആചാരമോ ആഘോഷമോ ഒരു വലിയ ചുവന്ന സിന്ദൂരപ്പൊട്ടോ ഒക്കെയാണ്. നാസ്തിക വാദത്തിന്റെ കമ്മ്യൂണിസം മൂന്നു പതിറ്റാണ്ടു ഭരിച്ച സംസ്ഥാനത്ത് പക്ഷേ ഇന്നും നവരാത്രി പൂജ നാടിന്റെ ഉത്സവമാണ്.
ചില ബംഗാളി സുഹൃത്തുക്കളോട് കേരളത്തിലെ നവരാത്രിയുടെ വിദ്യാഭാവം വിവരിച്ചപ്പോള്‍ അവര്‍ക്ക് അതത്ഭുതമായിരുന്നു. അവരുടെ ദുര്‍ഗ്ഗ ഇവിടെ സരസ്വതിയാവുന്നതിന്റെ മാസ്മരികത അവര്‍ക്ക് അത്ഭുതം തന്നെയായി. പത്തുകൈയിലും ആയുധമേന്തി, രക്തം പുരണ്ട നാവു പുറത്തേക്കിട്ട്, കരിയെഴുതിയ കണ്ണുകള്‍ മിഴിച്ച്, കനലെരിയുംപോലൊരു സിന്ദൂരപ്പെട്ടുതൊട്ട കാളി, കയ്യില്‍ വീണയും ഗ്രന്ഥവും രുദ്രാക്ഷവുമണിഞ്ഞ് കമലോത്ഭവയായിരിക്കുന്ന കാഴ്ച അവര്‍ക്ക് സങ്കല്പ്പത്തിനതീതമായിരുന്നെങ്കിലും സമ്മോഹ സുന്ദരമായിരുന്നു. കേരളത്തിലെ കാളീ സങ്കല്പ്പത്തിലും കാല്‍പ്പനികതയുടെ സൗന്ദര്യത്തിനാണ് രൗദ്രത്തിന്റെ നിണ ലാവണ്യത്തേക്കാള്‍ പ്രാമുഖ്യമെന്ന വിശദീകരണം ബംഗാളികള്‍ക്കും നന്നേ ബോധിച്ചു.
കേരളം ബംഗാളിനോടു ചോദിച്ചു, വധിക്കാന്‍ ഒരു വാക്കുപോരേ? പേനക്ക് വാളിനേക്കാള്‍ മൂര്‍ച്ചയെന്ന ഇംഗ്ലീഷ് ചൊല്ലും ചേര്‍ത്തുവെച്ചപ്പോള്‍ ബംഗാളി തലകുലുക്കിപ്പോയി.
ഒരുപക്ഷേ, ഈ പത്തുനാളിലാണ് ഭിന്നാചാരാനുഷ്ഠാനങ്ങളിലൂടെ സാംസ്കാരികൈക്യത്തിന്റെ ഏക ഭാവം നമ്മുടെ രാജ്യത്തെങ്ങും ഏറ്റവും പ്രകടമാകുന്നത്.
ഉജ്ജയിനിയിലിരുന്ന മഹാകവി കാളിദാസന് ദേവിയെ കണ്ടു, ഇങ്ങനെ എഴുതി- “പാണിപത്മദ്വയേനാക്ഷമാലാമപി സ്ഫാടികീം ജ്ഞാനസാരാത്മകം പുസ്തകം ചാപരേണാങ്കുശം പാശമാബിഭ്രതീ യേന സഞ്ചിന്ത്യസേ ചേതസാ തസ്യ വക്ത്രാന്തരാത് ഗദ്യപദ്യാത്മികാ ഭാരതീ നിസ്സരേത്! യേന വാ യാവകാഭാകൃതിര്‍ ഭാവ്യസേ തസ്യ വശ്യാ ഭവന്തി സ്ത്രിയഃ പൂരുഷാഃ! യേന വാ ശാതകുംഭദ്യുതിര് ഭാവ്യസേ സോ ളപി ലക്ഷ്മീസഹസ്രൈഃ പരിക്രീഡതേ!” (ശ്യാമളാ ദണ്ഡകം)
(തൃക്കൈകളിലൊന്നില്‍ സ്ഫടികനിര്‍മിതമായ അക്ഷമാലയും മറ്റൊന്നില്‍ അറിവിന്നിരിപ്പിടമായ പുസ്തകവും ധരിച്ച് മറ്റ് രണ്ടു കൈകളില്‍ പാശവും അങ്കുശവും ചലിപ്പിച്ചുകൊണ്ടിരിക്കുന്ന അവിടുത്തെ രൂപം മനസ്സില്‍ ചിന്തിച്ചു ഭജിക്കുന്നവര്‍ക്ക് ഗദ്യപദ്യാത്മകമായ സരസ്വതി സദാ സ്വാധീനമായിരിക്കുന്നു.
കോലരക്കിന്റെ അരുണശോഭയാര്‍ന്ന അവിടുത്തെ ആകൃതി ഭാവന ചെയ്യുന്നവര്‍ക്ക് സകല സ്ത്രീകളും പുരുഷന്മാരും വശരായി ഭവിക്കുന്നു. അവിടുത്തെ സ്വര്ണവര്ണരൂപിണിയായി ഭാവന ചെയ്യുന്ന ഭക്തര്‍ക്ക് എണ്ണമറ്റ ഐശ്വര്യങ്ങള്‍ അനുഭവിക്കാനിടവരുന്നു)
ഇങ്ങകലെ കേരളക്കരയില്‍ ജനിച്ച ആദി ശങ്കരന് ദേവിയെ സ്തുതിച്ചു, സൗന്ദര്യ ലഹരിയിലൂടെ,
“തവസ്തന്യം മന്യേ ധരണി ധരകന്യേ ഹൃദയതഃ
പയഃ പാരാവാരഃ പരിവഹതി സാരസ്വതമിവ
ദയാവത്യാ ദത്തം ദ്രവിഡശിശുരാസ്വാദ്യ തവ യദ്
കവീനാം പ്രൗഢാനാമജനി കമനീയഃ കവയിതാ”
(അല്ലയോ പാര്‍വതീ നിന്തിരുവടിയുടെ സ്തനക്ഷീരം ഹൃദയത്തിങ്കല്‍ നിന്നുണ്ടായ അമൃതപ്രവാഹമായി സാരവാഗ്രൂപ സാരസ്വതമോ എന്നു തോന്നും വണ്ണം പെരുകി ഒഴുകുന്നൂ എന്നു ഞാന്‍ വിചാരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ദ്രവിഡ ശിശു നിന്തിരുവടിയുടെ ക്ഷീരത്തെ പാനം ചെയ്ത് പ്രൗഢന്മാരായ കവികള്‍ക്കിടയില്‍ മനോഹര കവിയായി ഭവിച്ചു) അതെ, മഹാകാളേശ്വരിയുടെ ശൂലമുനയാണ് ദാസന്റെ നാവിലേറിയതെങ്കിലും വിളയാടിയത് സരസ്വതീ വിലാസമായിരുന്നല്ലോ. കാളിദാസന് എഴുതി, ‘അവിടുത്തെ രൂപം ശ്യാമളകോമളമായും ചന്ദ്രക്കലയണിഞ്ഞതും ആയി ധ്യാനിക്കുന്നവന് സിദ്ധിക്കാത്തതായി യാതൊരു ഐശ്വര്യങ്ങളും ഇല്ല. അവന് സമുദ്രം കളിപ്പൊയ്കയായും നന്ദനവനം കളിപ്പൂന്തോപ്പായും ഭൂതലം ഭദ്രാസനമായും ഭവിക്കുന്നു. മാത്രമോ, സരസ്വതീ ദേവി അവനു ദാസിയായും ലക്ഷ്മീഭഗവതി ഏതൊരാജ്ഞയും ശിരസ്സാ വഹിക്കുന്നവളായും സ്വയം ഭവിക്കുന്നു,’എന്ന്.
ഈ നവരാത്രിയില്‍, വിജയദശമിയില്‍, വിദ്യാരംഭത്തില്‍, എഴുത്തച്ഛനിലൂടെ നമുക്ക് പ്രാര്‍ത്ഥിക്കാം, “നാവിന്മേല് നടനം ചെയ്കേണാങ്കാനനേ യഥാ കാനനേ ദിഗംബരന്….”എന്ന്.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: