കേരളം ആഗോള വികസന മാതൃകയായത് ഇവിടുത്തെ സ്ത്രീകളും വിദ്യാഭ്യാസവും രണ്ടു കുട്ടികളുള്ള കുടുംബങ്ങളും ആയുര്‍ദൈര്‍ഘ്യവും എല്ലാം കണക്കിലെടുത്താണ്. മൂത്ത കുട്ടി പെണ്കുട്ടിയായാല് രണ്ടാമത്തെ കുട്ടി ആണോ പെണ്ണോ എന്ന് സ്കാന്‍ ചെയ്ത് നോക്കി പെണ്ണാണെങ്കില്‍ പെണ്‍ഭ്രൂണഹത്യ പോലും നടത്തുന്ന സ്ത്രീകളാണിവിടെ.
ഗര്‍ഭം ധരിക്കുന്ന നാള് മുതല്‍ ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം മാത്രം ജീവിക്കുകയും പ്രസവത്തിന് മുന്‍പുതന്നെ ആശുപത്രിയില്‍ പ്രവേശിച്ച് പ്രസവം ആശുപത്രിയില്‍ മാത്രം നടത്തുന്ന രീതിയാണ് ഇന്ന് നിലവിലുള്ളത്. പലപ്പോഴും ഡോക്ടര്‍മാര്‍ വേദന വരാന്‍ ഇഞ്ചക്ഷന് നല്കി പ്രസവം വേഗമാക്കുന്നു. പ്രസവ വേദന സഹിക്കാന്‍ വയ്യാത്തവര്‍ സിസേറിയന് മതി എന്നു നിശ്ചയിക്കുന്നു. ചിലപ്പോള്‍ ചില നക്ഷത്രങ്ങളില്‍ ജനിച്ചാല്‍ ഉത്തമമാണെന്ന് ജ്യോത്സ്യന് പറയുമ്പോള്‍ അതനുസരിച്ച് സിസേറിയന് നടത്തുന്ന അമ്മമാരും ഇവിടെ ഉണ്ട്. ആശുപത്രിയില്‍ പ്രവേശിച്ചാല്‍ ഡോക്ടര്‍ പറയുന്നത് അന്ധമായി വിശ്വസിച്ച് കുട്ടികളുടെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയിട്ടുണ്ടെന്നും മറ്റും പറഞ്ഞ് ഓപ്പറേഷന് വിധേയമാക്കാറുണ്ട്. ആലപ്പുഴ ജില്ലയില്‍ അനാവശ്യ സിസേറിയന് പ്രസവ സമയമാകാതെ നടത്തിയത് വിമര്‍ശന വിധേയമായിരുന്നല്ലോ.
പക്ഷേ ഈ ആധുനികതയിലേയ്ക്ക് ഇപ്പോള്‍ പൗരാണിക സംസ്കാരത്തിന്റെ തിരിനാളങ്ങള്‍ തെളിയുകയാണോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ ഇന്ന് പ്രകൃത്യനുസരണമായ പ്രസവരീതികളിലേയ്ക്ക് മടങ്ങിവരാന്‍ തുടങ്ങി എന്നത് ഒരു വസ്തുതയാണ്. വൈറ്റിലയില്‍ ‘ബര്‍ത്ത് വില്ലേജ്’ എന്ന പേരില്‍ തുടങ്ങിയിട്ടുള്ള പ്രകൃത്യനുസരണ പ്രസവ കേന്ദ്രം ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ഈ വിഭാഗത്തില്‍പ്പെട്ട സ്ഥാപനമാണ്. ഇവിടത്തെ വിശേഷത ഇവിടെ പ്രസവവേദന തുടങ്ങിയാല്‍ സ്ത്രീകളെ കുളത്തിലേയ്ക്ക് പ്രവേശിപ്പിക്കുന്നു എന്നതാണ്. വെള്ളത്തില്‍ വേദനയുടെ കാഠിന്യവും ടെന്‍ഷനും കുറയുമത്രെ. ഇവിടെ നല്‍കുന്നത് ആശുപത്രി സജ്ജീകരണങ്ങളല്ല മിഡ് വൈഫറി ശുശ്രൂഷയാണ്. വയറ്റാട്ടി സേവനം. പക്ഷെ ഇവര്‍ എന്റെ കുട്ടിക്കാലത്ത് വീടുകളില്‍ പ്രസവമെടുക്കാന്‍ വന്നിരുന്ന വയറ്റാട്ടികളല്ല. മറിച്ച് അമേരിക്കയിലും യൂറോപ്പിലും പരിശീലനം നേടിയ മിഡ്വൈഫുമാരാണ്.
“ഞ്ഞങ്ങള്‍ ഇവിടെ “ലാമാസേ” (ഹമാംവല )ക്ലാസുകള്‍ കൊടുക്കുന്നു. പ്രകൃത്യാനുസരണ പ്രസവത്തെപ്പറ്റി ഇന്ന് പരിജ്ഞാനമില്ല. അതുകൊണ്ട് പ്രസവത്തിനെപ്പറ്റി വിജ്ഞാനം പകര്‍ന്നു നല്കിയ ശേഷമാണ് സ്ത്രീകളെ എടുക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രവേശിപ്പിക്കുകയില്ല. വേദന തുടരെത്തുടരെയാകുമ്പോള്‍ മാത്രം. അപ്പോള്‍ വന്ന് കുളത്തില്‍ പ്രവേശിപ്പിച്ച് പ്രസവിപ്പിക്കും. അല്ലെങ്കില്‍ ഗര്‍ഭിണി ഏതു രീതിയില്‍-കിടന്നോ, മുട്ടുകുത്തി നിന്നോ, കുത്തിയിരുന്നോ-പ്രസവിക്കാന്‍ ആഗ്രഹിക്കുന്നുവോ ആ വിധത്തില്‍ പ്രസവിക്കുവാന്‍ സഹായിക്കും. വെള്ളം ജീവിതത്തിന്റെ അംശമാണ്. കുട്ടി വെള്ളത്തിലാണ് ഗര്‍ഭപാത്രത്തില്‍ കിടക്കുന്നത്. ഈ രീതിയിലുള്ള പ്രസവം ആദ്യം തുടങ്ങിയത് റഷ്യയാണ്’,’ ബെര്‍ത്ത് വില്ലേജ് നടത്തുന്ന പ്രിയങ്ക കുരുവിള പറഞ്ഞു. ആശുപത്രിയില്‍ ചിലപ്പോള്‍ സാധാരണ പ്രസവത്തിനും ദ്വാരം വലുതാക്കാന്‍ ശസ്ത്രക്രിയ നടത്തും. പണ്ട് വയറ്റാട്ടികള്‍ ചൂട് കിഴിവെച്ച് ദ്വാരം വികസിപ്പിക്കുമായിരുന്നത്രെ.
ബര്‍ത്ത് സെന്ററിന്റെ പ്രത്യേകത ഭര്‍ത്താവും ഭാര്യയുടെ പ്രസവവേദനയ്ക്കും പ്രസവത്തിനും സാക്ഷിയാകുന്നു എന്നതാണ്. പ്രസവിക്കുന്ന കുട്ടിയെ ആദ്യം കൈയില്‍ വാങ്ങുന്ന ഭര്ത്താക്കന്മാരുണ്ട്. പിന്നെ പൊക്കിള്‍ കൊടി മുറിക്കുക എന്ന കൃത്യവും ഭര്ത്താക്കന്മാരുടെ ചുമതലയാണ്. തന്റെ കുട്ടിയെ പ്രസവിക്കാന്‍ ഭാര്യ അനുഭവിക്കുന്ന വേദനയ്ക്ക് സാക്ഷിയാകുന്ന ഒരു ഭര്‍ത്താവും പിന്നെ ഗാര്‍ഹിക പീഡനത്തിന് മുതിരുകയില്ല. കുട്ടി ജനിച്ചാല്‍ ആശുപത്രിയില്‍ അതിനെ എടുത്ത് മാറ്റി വൃത്തിയാക്കിയാണ് അമ്മയുടെ അടുത്ത് കിടത്തുന്നതെങ്കില്‍ ബര്‍ത്ത് വില്ലേജില്‍ കുട്ടിയെ അമ്മയുടെ മാറോട് ചേര്‍ത്ത് വയ്ക്കുന്നു. അമ്മയുടെ സ്പര്‍ശമാണ് കുട്ടിയുടെ സ്വര്‍ഗ്ഗം.
ഗര്‍ഭിണികള്‍ക്ക് ഗര്‍ഭത്തെപ്പറ്റിയുള്ള വിജ്ഞാനവും അവരുടെ മാനസിക-ശാരീരിക ആരോഗ്യവും കൗണ്‍സലിംഗും ജന്മവിഷയകമായ അറിവ് നല്കുന്നു. പ്രസവവേദന സ്വയം സംജാതമാകേണ്ടതാണ്. ഇഞ്ചക്ഷന് നല്കി ഉണ്ടാക്കേണ്ടതല്ല. പ്രസവ സമയത്ത് അനാവശ്യ ഇടപെടലുകള്‍ നടത്താതെ സ്വമേധയാ പ്രസവിക്കാന്‍ അനുവദിക്കുന്നു. “എന്റെ ആദ്യത്തെ പ്രസവം ആശുപത്രിയിലായിരുന്നു. അവര്‍ വേദന വരാന്‍ കുത്തിവെച്ച ശേഷമാണ് പ്രസവവേദന തുടങ്ങി ഞാന്‍ പ്രസവിച്ചത്. പിന്നീടാണ് ഞാന്‍ പ്രിയങ്കയെ പരിചയപ്പെടുന്നതും പ്രകൃത്യനുസരണ പ്രസവത്തിന് ആഗ്രഹിച്ചതും. എനിക്ക് വേദന തീക്ഷ്ണമായപ്പോള്‍ ഞാന്‍ ചെന്നു. പ്രത്യേക പരിശീലനം സിദ്ധിച്ച മിഡ്വൈഫുകള്‍ പ്രസവമെടുത്ത ശേഷം നാലുമണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ കുഞ്ഞുമായി വീട്ടിലേയ്ക്ക് മടങ്ങി.” എന്റെ സുഹൃത്ത് ബീനാ സെബാസ്റ്റ്യന്റെ മകള്‍ കുക്കു പറഞ്ഞു. വെള്ളത്തില്‍ പ്രസവിക്കാന്‍ പേടിയായില്ലേ എന്നു ചോദിച്ചപ്പോള്‍ കുട്ടി സ്വയം ശ്വസിക്കുന്നില്ല, പൊക്കിള്‍ കൊടിയില്‍ കൂടിയാണ് ശ്വസിക്കുന്നത് എന്നായിരുന്നു വിശദീകരണം. ഗര്‍ഭം ഒരു പ്രശ്നമല്ല, ആരോഗ്യവതികളായവര്ക്ക് പ്രസവം എളുപ്പമാണ്. ബര്‍ത്ത് വില്ലേജില്‍ നിന്ന് പോയാലും ആറാഴ്ചയോളം മിഡ്വൈഫുകള്‍ ഉപദേശവും സഹായവും തുടരും.
ബര്‍ത്ത് വില്ലേജില്‍ 89 ശതമാനവും പ്രകൃത്യനുസരണ പ്രസവമായിരുന്നു എന്ന് പ്രിയങ്ക സ്ഥിരീകരിക്കുന്നു. 42 വയസ്സായ അമ്മമാര്‍ വരെ സുഖപ്രസവം തേടി ഇവിടെ എത്തുന്നു. പെണ്‍കുട്ടികളെ വളര്‍ത്തുന്നത് തന്നെ പ്രസവ വേദന അസഹനീയമാണെന്നും പ്രസവം ദുഷ്ക്കരമാണെന്നുമുള്ള ധാരണയോടെയാണ്. അതുകൊണ്ട് തന്നെയാണ് സ്ത്രീകള്‍ സിസേറിയനുവേണ്ടി നിര്‍ബന്ധം പിടിക്കുന്നത്.
പ്രകൃത്യനുസരണ പ്രസവത്തില്‍ കുട്ടികള്‍ ആരോഗ്യവാന്മാരായി വളരുന്നു. അതിന് കാരണം പ്രകൃതി വിരുദ്ധമായ ഒരു ഇടപെടലും ഉണ്ടാകാത്തതിനാലാണ്. പ്രസവിച്ച ഉടനെ അമ്മയുടെ നെഞ്ചോട് ചേര്‍ത്ത് മുലപ്പാല്‍ കുടിച്ച് വളരുന്ന കുട്ടി ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരായിരിക്കും.
ഇപ്പോള്‍ ഫ്രാന്‍സ്, റഷ്യ മുതലായ ഇടങ്ങളില്‍ കുളത്തിലല്ല. കടലിലും സ്ത്രീകള്‍ പ്രസവിക്കുന്നുണ്ടത്രെ. (ശ്വേതാമേനോന് അറിഞ്ഞിരുന്നെങ്കില്‍ അതും നമുക്ക് അഭ്രപാളികളില്‍ കാണാമായിരുന്നു.)
പണ്ട് പ്രസവം ഒരു പ്രകൃത്യനുസരണ പ്രക്രിയയാണ്. സ്ത്രീയുടെ നിയന്ത്രണവും ചുമതലയും അവളില്‍ മാത്രം നിക്ഷിപ്തമാണ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ലക്ഷ്യങ്ങളായ ശിശുമരണ നിരക്കു കുറക്കലും മാതൃസംരക്ഷണവും ആണ് ബര്‍ത്ത് വില്ലേജിന്റെയും ലക്ഷ്യം. കഴിഞ്ഞ ദശകങ്ങളില്‍ അമേരിക്ക, ലാറ്റിന്‍ അമേരിക്ക, ചിലി, കോസ്റ്റോറിക്ക മുതലായ രാജ്യങ്ങളില്‍ മിഡ്വൈവ്സ് നടത്തുന്ന പ്രസവങ്ങള്‍ മാതൃ ആരോഗ്യം സംരക്ഷിക്കുന്നു എന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് പറയുന്നത്. മിഡ്വൈഫ് പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രൊഫഷനുകളാല് പ്രസവ വേദന സ്വയം തുടങ്ങണമെന്നും ആ സമയത്ത് നടക്കാന്‍ ശ്രമിക്കണമെന്നും നിഷ്കര്‍ഷിക്കുന്നത് അതിനാലാണ്. അനാവശ്യ ഇടപെടല്‍ ഇല്ല. അമ്മയേയും കുട്ടിയേയും വേര്‍പിരിക്കുന്നില്ല. മുലയൂട്ട് നിര്‍ബന്ധം. മാതൃ ആരോഗ്യ സംരക്ഷണത്തിന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലും ശുപാര്‍ശ ചെയ്യുന്നത് മിഡ് വൈഫറി മോഡല്‍ ആകാന്‍ കാരണം ഒരു ദിവസം രണ്ടോ മൂന്നോ സ്ത്രീകള്‍ പ്രസവത്തില്‍ മരിക്കുന്നു എന്നതാണ്. 1974 ല്‍ ആണ് മെറ്റേര്‍നിറ്റി കീയര്‍ ഓര്ഗനൈസേഷന് ബെര്‍ത്ത് സെന്ററുകള്‍ നിര്‍ദ്ദേശിച്ചത്. ഇന്ന് അമേരിക്കയില്‍ തന്നെ 150-ഓളം ബര്‍ത്ത് സെന്ററുകള്‍ ഉണ്ട്.
വെള്ളം ശരീരത്തിന്റെ പിരിമുറുക്കം കുറയ്ക്കുകയും ഗര്‍ഭപാത്ര വികസനത്തിന് സഹായിക്കുകയും ചെയ്യുന്നു. രക്ത ഓട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പിരിമുറുക്കം കുറയുമ്പോള്‍ മാനസിക സമ്മര്‍ദ്ദവും അകാരണമായ ഭീതിയും കുറയുന്നു. ശിശുവിനാണെങ്കില് ഗര്‍ഭപാത്രത്തിലെ സ്ഥിതി തന്നെ ലഭിക്കുന്നു. മുലപ്പാല്‍ നല്‍കുന്നതിന്റെ പ്രയോജനത്തെപ്പറ്റി അറിവും ഗര്‍ഭിണികള്‍ക്ക് നല്കുന്നു.
പക്ഷേ ഇന്നും മലയാളികളല്ല ബര്‍ത്ത് വില്ലേജില്‍ പ്രസവിക്കാനായി എത്തുന്നത്. അധികവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മലയാളികള്‍ അമിതമായി ഗൈനക്കോളജിസ്റ്റുകളേയും ആശുപത്രികളേയും ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ്.
പക്ഷേ പ്രകൃത്യനുസരണ പ്രസവ രീതി മാതൃ-ശിശു ബന്ധം മാത്രമല്ല കുടുംബബന്ധവും ശക്തിപ്പെടുത്തുന്നു. പ്രസവം സ്ത്രീയുടെ സ്വകാര്യതയായി മാത്രം മാറുന്നില്ല. തന്റെ ഭാര്യയുടെ, തന്റെ കുട്ടിയുടെ അമ്മയുടെ വേദന, ശിശുവിന്റെ ആദ്യത്തെ കരച്ചില്, പൊക്കിള്‍ കൊടി മുറിക്കല്‍ എല്ലാത്തിനും ഭര്‍ത്താവ് പങ്കുചേരുമ്പോള്‍ പ്രസവം ഒരു കുടുംബസംഭവം അല്ലെങ്കില്‍ ആഘോഷമായി മാറുന്നു. പ്രത്യേകിച്ച് പ്രകൃത്യനുസരണ പ്രസവ രീതിയില്‍ ആശുപത്രിയുടെ ഗന്ധവും യൂണിഫോമിട്ട നഴ്സുമാരുടെ സാന്നിധ്യവും ഡോക്ടര്‍മാരുടെ പരിശോധനയും ഒന്നും ഇല്ലാതെ സ്വകാര്യമായ ഒരു ആഘോഷം.
ലീലാ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: