രാജ്കോട്ട്: ഓസ്ട്രേലിയയ്ക്കെതിരായ ഏക ട്വന്റി20 മത്സരത്തില്‍ യുവരാജ് സിംഗിന്റെ ഉജ്വലബാറ്റിംഗ് മികവില്‍ ഇന്ത്യക്ക് ആറുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്കുവേണ്ടി അവസാനം വരെ പൊരുതിക്കളിച്ച യുവരാജ് ധോണിയെ കൂട്ടുപിടിച്ച് വിജയം കൈപ്പിടിയിലൊതുക്കി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ ഏഴുവിക്കറ്റിന് 201 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
കാന്‍സറില്‍നിന്നു മോചിതനായശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയ യുവിക്ക് ആദ്യവട്ടം വിജയിക്കാനായില്ല. എന്നാല്‍, അതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.
കേവലം 35 പന്തില്‍ എട്ടു ബൗണ്ടറിയും അഞ്ചു പടുകൂറ്റന്‍ സിക്സറുമടക്കം 77 റണ്‍സ് നേടി പുറത്താകാതെ നിന്ന യുവി ഏറെക്കുറെ ഒറ്റയ്ക്കെന്നോണം ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു.
യുവിയാണു മാന്‍ ഓഫ് ദ മാച്ചും. 21 പന്തില്‍ 24 റണ്‍സ് നേടി പുറത്താകാതെനിന്ന ധോണിയും യുവിക്കു മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 102 റണ്‍സാണു പിറന്നത്.
32 റണ്‍സെടുത്ത ശിഖര്‍ ധവാന് മൂന്നാമനായി പുറത്തായശേഷം യുവിക്രീസിലെത്തുമ്പോള് ഇന്ത്യക്ക് ഒരോവറില്‍ 12 റണ്‍സ് എന്നനിലയില്‍ വേണമായിരുന്നു ഇന്ത്യക്കു ജയിക്കാന്‍.
അപ്രാപ്യമെന്നു തോന്നിച്ചിടത്തുനിന്ന് യുവി ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി. ധവാനും കോഹ്്ലിയും (29) രോഹിത് ശര്‍മയും(8) റെയ്നയു(19)മൊക്കെ പരാജയപ്പെട്ടിടത്താണ് യുവി അടിച്ചുതകര്‍ത്തത്.
നേരത്തെ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിയ ച്ചു. ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസ് 52 പന്തില്‍ 89 റണ്‍സ് നേടിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ മികവിലാണ് 201 റണ്‍സെടുത്തത്. മാഡിന്‍സണ്‍ 34 റണ്‍സും മാക്സ്വെല് 27 ഉം റണ്‍സ് നേടി.
ഇന്ത്യക്കുവേണ്ടി ഭുവനേശ്വര്‍ കുമാറും വിനയ്കുമാറും മൂന്നു വിക്കറ്റ് വീതം നേടി. ഇന്ത്യ ഓസീസ് ഏകദിന പരമ്പരയിലെ ആദ്യ ഏകദിനം 13ന് പൂനയില്‍ നടക്കും. പരമ്പരയില്‍ ഏഴ് മത്സരങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: