കൊച്ചി: ദീര്‍ഘവീക്ഷണമില്ലാതെയാണ് നഗരം വികസിച്ചിട്ടുള്ളതെന്ന് ജി. സി. ഡി. എ ചെയര്മാന് എന്‍. വേണുഗോപാല്‍. കാല്‍നടയാത്രക്കാരെ പരിഗണിച്ചുകൊണ്ടുള്ള ഗതാഗത സംവിധാനത്തെപ്പറ്റിയും നഗരഗ്രാമവികസനത്തില് വികസന അതോറിറ്റികളുടെ പങ്കിനെക്കുറിച്ചും ജി. സി. ഡി. എയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്സും കേരള റീജണല്‍ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യ സംരക്ഷണത്തിനായും ദൈനംദിന ആവശ്യങ്ങള്‍ക്കായുമുള്ള രണ്ടുതരം കാല്‍നടയാത്രക്കാരാണ് നഗരത്തിലുള്ളത്. കാല്‍നടയാത്രക്കാര്‍ക്കുവേണ്ടി ജി. സി. ഡി. എ സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും നാലര കിലോമീറ്റര്‍ നീളമുള്ള മറൈന്‍ ഡ്രൈവ് വാക്ക് വേ, അന്താരാഷ്ട്ര സ്റ്റേഡിയത്തിനുചുറ്റുമുള്ള റിംഗ് റോഡ്, തുടങ്ങിയവ നടപ്പാക്കിയിട്ടുണ്ട്. പദ്ധതി രൂപീകരണത്തില്‍ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗപ്പെടുത്തുമെന്നും വേണുഗോപാല്‍ പറഞ്ഞു.
കേരളം വികസനകാര്യത്തില്‍ മുന്നിലാണെങ്കിലും ശാസ്ത്രീയമായ നഗരാസൂത്രണത്തില്‍ കേരളം പിന്നിലാണെന്നും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്സ് കേരള ചാപ്റ്റര്‍ ചെയര്മാന് ജേക്കബ് ഈശോ പറഞ്ഞു. വികേന്ദ്രീകൃതാസൂത്രണത്തില്‍ വാര്‍ഡുതലത്തില്‍ പദ്ധതി വിഹിതം വിഭജിച്ചുവരുമ്പോള് പ്രധാനപ്പെട്ട പല പദ്ധതികളും വിസ്മരിക്കപ്പെടുന്നു. വര്‍ദ്ധിച്ചുവരുന്ന പാര്‍പ്പിട ചെലവും ആസൂത്രിതമല്ലാത്ത നഗരപ്രാന്ത വികസനവും വികസന അതോറിറ്റികളുടെ ആവശ്യകതയെ ഊന്നിപ്പറയുന്നുവെന്ന് അദ്ദേഹം പറയുന്നു.
പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന സുസ്ഥിരമായ വികസന രേഖയാണ് ആവശ്യമെന്നും പൊതുസ്ഥലങ്ങളുടെ സംരക്ഷണം കാല്‍നടയാത്രക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസനം, നൂതന സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയുള്ള വികസനം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി രാജന് ഖൊബ്രഗഡേ അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് നടന്ന സാങ്കേതിക സെഷനില്‍ നാറ്റ്പാക് വകുപ്പ് മേധാവി ടി. ഇളങ്കോവന്, ജി. സി. ഡി. എ സീനിയര്‍ ടൗണ്‍ പ്ലാനര്‍ വി. ഗോപാലകൃഷ്ണപിള്ള, ടൗണ്‍ ആന്റ് കണ്ട്രി പ്ലാനിംഗ് വിഭാഗം സീനിയര്‍ ടൗണ്‍ പ്ലാനര്‍ എസ്. അജയകുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
അപകടങ്ങളില്‍ 25 ശതമാനം വരെ സംഭവിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കാണെന്നും ഇതൊഴിവാക്കാന്‍ ഹൈക്കോര്‍ട്ട് ജെട്ടി മുതല്‍ മാധവ ഫാര്‍മസി വരെ എലിവേറ്റഡ് സ്കൈവാക്ക് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇളങ്കോവന് പറഞ്ഞു. മേനക, ജെട്ടി, പള്ളിമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജി. സി. ഡി. എയുടെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയും കൊച്ചി മെട്രൊപ്പൊളിറ്റന് ഏരിയ ഉള്‍പ്പെടുത്തിയും ഒരു റീജണല്‍ പ്ലാനിംഗ് അതോറിറ്റിയായി ജി. സി. ഡി. ഐ ഉയര്‍ത്തുകയും കൂടുതല്‍ അംഗീകാരങ്ങളുള്ള മെട്രൊപ്പൊളിറ്റന് പ്ലാനിംഗ് കമ്മിറ്റി കൊച്ചിയില്‍ രൂപീകരിക്കുകയും ചെയ്യണമെന്ന് ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്സ് ഇന്ത്യയുടെ സെന്റര്‍ കൊച്ചിയില്‍ സ്ഥാപിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആസൂത്രണ വൈദഗ്ധ്യമുള്ളവരുടെ സേവനം ലഭ്യമാക്കാനുപകരിക്കുമെന്ന് എസ്. അജയകുമാര്‍ ചൂണ്ടിക്കാട്ടി. ഐ. ടി. പി. ഐ കേരള റീജണല്‍ ചാപ്റ്റര്‍ സെക്രട്ടറി ജെ. ജയകുമാര്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: