മട്ടാഞ്ചേരി: ശ്രീനാരായണ ഗുരുദേവ ചരിതം കൊങ്കണി ഭാഷയില്‍ തയ്യാറായി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ‘ബ്രഹ്മര്‍ഷി ശ്രീനാരായണ ഗുരു’ എന്ന കൃതിയാണ് കൊങ്കണി ഭാഷയില്‍ മൊഴിമാറ്റം നടത്തിയത്. ഭാരതീയ സാഹിത്യശില്പ്പ പരമ്പരയില്‍പ്പെട്ട കൊച്ചിയിലെ കോംഗ്കണി കവിയും സാഹിത്യ പ്രതിഭയുമായ ആര്.എസ്.ഭാസ്കറാണ് കൊങ്കണി ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയത്. കോംഗ്കണി ഭാഷാ ലിപിയായ ദേവനാഗരിയില്‍ എഴുതിയ ഗുരുദേവ ചരിതം അച്ചടി പൂര്‍ത്തിയായിക്കഴിഞ്ഞു.
ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാഹിത്യ കൃതികളെക്കുറിച്ചും ഡോ.ടി.ഭാസ്കരന് രചിച്ച ‘ബ്രഹ്മര്‍ഷി ശ്രീനാരായണ ഗുരു’ ആത്മീയ-നവോത്ഥാന നായകനായ ഗുരുദേവനിലെ സാഹിത്യ പ്രതിഭയെയും തുറന്നു കാട്ടുന്നുണ്ട്. ഗുരുദേവ ചരിതം ഗദ്യ-പദ്യ-ദാര്‍ശനിക കൃതികള്‍ എന്നിവയടക്കം 18 ഓളം അദ്ധ്യായങ്ങളുള്ള ഗുരുദേവ ചരിതം ഉളളടക്കത്തിലെ തനതായ ശൈലിയും വ്യാപ്തിയും ചോരാതെയാണ് കൊങ്കണി ഭാഷയിലേയ്ക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത്.
ഭാഷാ വിവര്‍ത്തനത്തില്‍ നവാഗതനായ ആര്.എസ്.ഭാസ്കറെ കേന്ദ്രസാഹിത്യ അക്കാദമിയാണ് മൊഴിമാറ്റത്തിനായി തെരഞ്ഞെടുത്തത്. 2012 മാര്‍ച്ചില്‍ തുടങ്ങിയ വിവര്‍ത്തനം കഴിഞ്ഞ മെയ്മാസമാണ് പൂര്‍ത്തിയായത്. “ആശങ്കയും, അമ്പരപ്പുമായി തുടങ്ങിയ ഗുരുചരിത മൊഴിമാറ്റം പൂര്‍ത്തിയായതോടെ ദൈവനിയോഗമെന്ന സംതൃപ്തിയാണുണ്ടായത്” ഭാസ്കര്‍ പറഞ്ഞു. വിവര്‍ത്തനത്തിന് മുമ്പ് വര്‍ക്കല-ശിവഗിരി മഠം ദര്‍ശനം നടത്തുകയും ഒട്ടേറെ ഗുരുദേവ കൃതികളുടെ സാരാംശം ഹൃദിസ്ഥമാക്കുകയും ചെയ്തിരുന്നതായി ‘ജന്മഭൂമി’യോട് ഭാസ്കര്‍ പറഞ്ഞു.
ഗുരുദേവന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ചലനം സൃഷ്ടിച്ച ഇതര സമുദായാംഗങ്ങള്‍ക്കിടയില്‍ ഗുരുദേവ ചരിത ഭാഷാ മൊഴിമാറ്റം ഏറെ മാറ്റങ്ങള്‍ക്കിടയാക്കും. പാര്‍ലമെന്ററി കമ്മറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതമടക്കം 24 ഇന്ത്യന്‍ ഭാഷകളിലേക്ക് “ബ്രഹ്മര്‍ഷി ശ്രീനാരായണ ഗുരു” ഭാഷാ വിവര്‍ത്തനം ചെയ്യപ്പെടുന്നത്. ഗദ്യ-പദ്യ രൂപത്തിലുള്ള വിവര്‍ത്തനത്തിന് ശബ്ദതാരാവലിയും കൊങ്കണി സചിത്ര അഷ്ടാംഗി അഭ്യാസ് കോശും (ഡയറക്ടറി) ചില സുഹൃത്തുക്കളുടെയും സഹായവുമുണ്ടായി.
കൊങ്കണി കവിതകളിലൂടെയും സാഹിത്യ സൃഷ്ടികളിലൂടെയും അറിയപ്പെടുന്ന ആര്.എസ്.ഭാസ്കര്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു” നോവല്‍ കോംഗ്കണിയില് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഇത് കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുകയും ചെയ്തു. ചങ്ങമ്പുഴയുടെ “വാഴക്കുല” വിവര്‍ത്തനം ചെയ്തെങ്കിലും പ്രസാധകനെ കിട്ടാത്തത് മൂലം വായനക്കാരിലെത്തിയില്ല. മൂന്നാമത് സംരംഭമാണ് ഗുരുദേവ ചരിത മൊഴിമാറ്റം.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: