കൊച്ചി: പടലപ്പിണക്കങ്ങളുമായി കോണ്‍ഗ്രസും, യുഡിഎഫിലെ ഘടകകക്ഷികളും മുന്നോട്ടു പോകുന്നത് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാക്കുമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് ജോണിനെല്ലൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അനൈക്യം സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്നുണ്ട്. പാര്‍ട്ടിയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് എല്ലാ ഘടകകക്ഷികളും ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസ് ഹൈക്കമാന്റ് അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുകാണുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ തന്നെ പിടിപ്പുകേടാണ്. വിവാദങ്ങള്‍ ഒഴിവാക്കി ജനോപകാര പ്രദമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെ കടന്നാക്രമിക്കുന്ന പി.സി.ജോര്‍ജ്ജ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് പറയുന്നത്. ചീഫ് വിപ്പ് എന്ന നിലയിലാണ് ഇതൊക്കെ പറയുന്നതെന്ന് തനിക്ക് തോന്നുന്നില്ല. ജോര്‍ജ്ജ് പറയുന്നതിന്റെ ഒന്നും ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്ന് പാര്‍ട്ടി നേതാവ് കെ.എം.മാണി തന്നെ വ്യക്തമാക്കിയതാണ്. ക്യാബിനറ്റ് പദവി രണ്ടാക്കുന്ന തീരുമാനം എടുത്താല്‍ അത് പൂതിയ കീഴ്വഴക്കമായിരിക്കുമെന്നും, അങ്ങനെ വന്നാല്‍ ചില തീരുമാനങ്ങള്‍ തങ്ങള്‍ക്ക് കൈക്കൊള്ളേണ്ടി വരുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ ഭിന്ന സ്വരമുണ്ടായാല്‍ കോണ്‍ഗ്രസിന് അത് ക്ഷീണമാകും, കെ.കരുണാകരന്റെ കാലം മുതല്ക്കേ ശൈലീമാറ്റം ആവര്‍ത്തിക്കുന്നതാണ്. അതില്‍ കഴമ്പില്ല. പാര്‍ട്ടിയില്‍ ശൈലീമാറ്റം ഉണ്ടാകണമെന്നാവശ്യപ്പെട്ട് കെ.മുരളീധരന് രാഹുല്‍ഗാന്ധിക്ക് കത്തയച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജോണി നെല്ലൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: