കാസര്‍കോട്: മൊഗ്രാല്‍പുത്തൂറ്‍ ഗ്രാമപഞ്ചായത്തിലെ ദേശീയപാതയോരങ്ങളില്‍ അനധികൃത അറവ്ശാലകള്‍ക്ക് പഞ്ചായത്ത് ഒത്താശ ചെയ്തുകൊടുക്കുന്നതായി പരാതി. പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്നതരത്തില്‍ യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇപ്പോള്‍ അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നത്. ദേശീയപാതയോട് ചേര്‍ന്ന് മാലിന്യം നിക്ഷേപിക്കാന്‍ പാടില്ല എന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനുകീഴെ തന്നെയാണ് ഇത്തരത്തിലുള്ള അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നത്. പുത്തൂറ്‍, മൊഗ്രാല്കടവ് തുടങ്ങിയ സ്ഥലങ്ങളിലാണ് പോത്തുകള്‍, കന്നുകാലികള്‍, ആട് തുടങ്ങിയവയെ അറവ് മാടുകളെ പാര്‍പ്പിച്ചിരിക്കുന്നത്. അറവ് ശാലകള്‍ പ്രവര്‍ത്തിക്കാന്‍ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ ഇത്തരം ശാലകള്‍ക്കും ബാധകമാണ്. നിയമങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെടാതെയാണ് ഇപ്പോള്‍ ഇത്തരത്തില്‍ അനധികൃത അറവ്ശാലകള്‍ പ്രവര്‍ത്തിക്കുന്നത്. അറവുശാലകള്‍ എല്ലാം തന്നെ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലങ്ങളിലാണ്. അനധികൃത അറവ്ശാലകളില്‍ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങള്‍ പരസരവാസികളില്‍ രോഗഭീതിക്കും അണുബാധയ്ക്കും കാരണമാകുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്തന്നെ നാലിലധികം അറവുശാലകള്‍ മൊഗ്രാല്‍പുത്തൂറ്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ലൈസന്‍സോടുകൂടി പഞ്ചായത്തില്‍ അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വിവരാവകാശ നിയമപ്രകാരം പഞ്ചായത്ത് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്തതിനാല്‍ പൊതുസ്ഥലങ്ങളില്‍ നിന്നും അനധികൃത അറവുശാലകള്‍ നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് ഉടമകള്‍ക്കെതിരെ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബക്രീദ് കഴിയുന്നതുവരെ അറവ്ശാല പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നത്. ബക്രീദും പെരുനാളും അടുക്കുമ്പോള്‍ പല സ്ഥലങ്ങളില്‍ നിന്നും ക്രമാധീതമായി അറവുമാടുകള്‍ ഇവിടേക്ക് കൊണ്ടുവരാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മൊത്ത വില്‍പ്പനയും ചില്ലറ വില്പനയും ഉള്‍പ്പെടെ വാന്‍ തോതിലുള്ള കച്ചവടമാണ് ഇവിടെ നടക്കുന്നത്. പരാതി ഉണ്ടായിട്ടുപോലും പഞ്ചായത്ത് അധികൃതര്‍ നടപടികള്‍ എടുക്കാത്തതില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: