കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കോടികളുടെ സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്, പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരെ സിബിഐ അറസ്റ്റുചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ സിബിഐയുടെ കസ്റ്റഡിയിലായിരുന്നുവെന്ന് അറിയുന്നു.
ഇന്നലെ രാവിലെ കൊച്ചിയിലെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷമായിരുന്നു ഇരുവരുടെയും അറസ്റ്റ്. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ പിടിയിലായിരുന്ന പ്രതി ഫയസ് തനിക്ക് മാധവനുമായി ബന്ധമുണ്ടെന്ന് നേരത്തെ മൊഴിനല്‍കിയിരുന്നു. ഇന്നലെ മാധവനെയാണ് ആദ്യം വിളിച്ചുവരുത്തിയത്. ഫയസിന്റെ വെളിപ്പെടുത്തല്‍ ശരിവെക്കുന്ന വിധത്തിലുള്ള തെളിവുകള്‍ കണ്ടെത്തിയതോടെയാണ് അറസ്റ്റ്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാറിനെ കോഴിക്കോട് സെന്‍ട്രല്‍ കസ്റ്റംസിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇദ്ദേഹത്തിനും ഫയാസുമായി ബന്ധമുണ്ടെന്ന് സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു സ്ഥലംമാറ്റം. കേസില്‍ ഇദ്ദേഹത്തെയും പ്രതിചേര്‍ത്തേക്കുമെന്നാണ് വിവരം. മാധവന്, സുനില്‍കുമാര്‍, മറ്റൊരു പ്രിവന്റീവ് ഓഫീസറായ സോണി എന്നിവര്‍ക്കെതിരെ പോലീസ് അഴിമതി, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു.
കേസില്‍ ഒളിവില്‍ കഴിയുന്ന അഷറഫ്, അബ്ദുള്ള എന്നീ പ്രതികള്‍ക്കെതിരെ കസ്റ്റംസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ദുബായിയില്‍നിന്ന് വന്ന രണ്ട് സ്ത്രീകള്‍ പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 20 കിലോയോളം സ്വര്‍ണം പിടിച്ചെടുത്തതോടെയാണ് വന്‍ സ്വര്‍ണക്കടത്ത് പുറംലോകമറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: