കൊച്ചി: മനസ്സില്‍ ഉഷസന്ധ്യയായ് ഉണര്‍ന്ന മായാമോഹിനിയായ സരസ്വതീദേവി ജിവിതവളര്ച്ചയില് ഏറെ സ്വാധീനം ചെലുത്തിയതായി സംഗീതസംവിധായകന് ഇഗ്നേഷ്യസ്. തിന്മയുടെ മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന നവരാത്രി ഉത്സവത്തിനായി കാത്തിരുന്ന ഒരു ബാല്യകാലമായിരുന്നു തന്റേതെന്ന് ബേണി (ബേണി-ഇഗ്നേഷ്യസ്).
പണ്ടൊരു സായാഹ്നത്തില്‍ അറിയാതെ പാടിയ ‘മനസ്സിലുണരൂ ഉഷസന്ധ്യയായ്, മായാമോഹിനി സരസ്വതീ….എന്ന ചലച്ചിത്രഗാനം നല്കിയ അംഗീകാരവും സ്നേഹവും സിനിമാസംഗീത സംവിധാന രംഗത്ത് ഏറ്റവും വലിയ പ്രോത്സാഹനമായിരുന്നുവെന്ന് ഇഗ്നേഷ്യസ് പറഞ്ഞു. എളമക്കര സരസ്വതീ വിദ്യാനികേതന്‍ കാമ്പസില്‍ നടക്കുന്ന നവരാത്രി നൃത്ത-സംഗീതോത്സവത്തിന്റെ നാലാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇരുവരും.
നവരാത്രി ആഘോഷങ്ങള്‍ക്കുള്ള പ്രസക്തി ഇന്ന് ഏറെയാണെന്ന് ഇഗ്നേഷ്യസ് ചൂണ്ടിക്കാട്ടി. ദുര്‍ഗ വീണ്ടും അവതരിച്ച് അസുരന്മാരെ നിഗ്രഹിക്കേണ്ട സാഹചര്യമാണുള്ളത്. നമ്മുടെയെല്ലാം ഉള്ളിലുള്ള അസുരനെയാണ് നിഗ്രഹിക്കേണ്ടത്. ഉള്ളില്‍ മറഞ്ഞുകിടക്കുന്ന വെളിച്ചം പുറത്തുകൊണ്ടുവരണം. അവിദ്യ മാറ്റി വിദ്യയുടെ വെളിച്ചം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കവിയും തപസ്യ സംസ്ഥാന അധ്യക്ഷനുമായ എസ്. രമേശന്‍നായര്‍ ഗാനരചന നടത്തി ഇരുവരും ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ച ‘കൊട്ടാരം വീട്ടിലെ അപ്പൂട്ടന്’ എന്ന ചിത്രത്തിലെ ‘ആവണിപ്പൊന്നൂഞ്ഞാല്‍ ആടിക്കാം നിന്നെ ഞാന്‍, ആയില്യംകാവിലെ വെണ്ണിലാവേ’ എന്ന ഗാനം ഇഗ്നേഷ്യസ് ആലപിച്ചു.
നവരാത്രി ഉത്സവവേളകള്‍ തന്റെ സംഗീതജീവിതത്തെ ഏറെ സഹായിച്ചുവെന്നും ഉള്ളിലെ തിന്മകള് തുടച്ചുനീക്കി പുതുചൈതന്യത്തോടെ വിദ്യ അഭ്യസിക്കാനുള്ള ശക്തി ഈ നാളുകളില്‍ കിട്ടുന്നതായും ബേണി തുടര്‍ന്നു.
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ഉന്നത അധ്യാപക സംഘം സംസ്ഥാന സംയോജകനുമായ പി. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. ബേണിക്കും ഇഗ്നേഷ്യസിനും അദ്ദേഹം ഉപഹാരങ്ങള്‍ കൈമാറി. പോണേക്കര ഭരതക്ഷേത്ര നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. സൗമ്യ സ്വാഗതവും രേഷ്മ നന്ദിയും പറഞ്ഞു.
പുതുക്കുളങ്ങര ദേവിയുടെ അനുഗ്രഹവര്‍ഷത്തില്‍ സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്കൂളും ജന്മഭൂമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന നൃത്തസംഗീതോത്സവം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: