തിരുവനന്തപുരം: സര്‍ക്കാരിലും മുന്നണിയിലും നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരംതേടി യുഡിഎഫ് നേതൃയോഗം നാളെ ചേരും. പ്രശ്നങ്ങള്‍ക്കു നടുവില്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് കെ.ബി. ഗണേശ്കുമാറിന്റെ രാജി സമ്മര്‍ദ്ദം കൂടി വന്നിരിക്കുന്നത്.
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശ ചര്‍ച്ചകളില്‍ തുടങ്ങിയ യുഡിഎഫിലെയും കോണ്‍ഗ്രസിലെയും ഭിന്നത സോളാര്‍ വിവാദത്തോടെയാണ് മുറുകിയത്. മുസ്ലിം ലീഗിനെതിരെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായ പ്രതികരണം അസ്വസ്ഥത കൂട്ടി. ഡാറ്റസെന്റര്‍ കേസിലും കണ്‍സ്യൂമര്‍ ഫെഡ് വിജിലന്‍സ് റെയ്ഡിലും ഈ ഭിന്നതയ്ക്ക് ആക്കം കൂടി വന്നു. ഇതിനെല്ലാമപ്പുറമാണ് രാജി ഭീഷണി ഉയര്‍ത്തിക്കൊണ്ട് കേരളാകോണ്‍ഗ്രസ് ബി ഉയര്‍ത്തുന്ന വെല്ലുവിളി.
നീണ്ട ഇടവേളയ്ക്ക് ശേഷം സോണിയയുടെ കേരളാ സന്ദര്‍ശനത്തിന് പിന്നാലെ കഴിഞ്ഞയാഴ്ച്ച യുഡിഎഫ് യോഗം ചേര്‍ന്നിരുന്നു. ഡാറ്റ സെന്റര്‍ വിവാദം മാത്രമാണ് അന്ന് പരിഗണിച്ചത്.
ഘടകകക്ഷികളുടെ പിണക്കം സോണിയയുടെ കേരള സന്ദര്‍ശനത്തോടെ തീരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസിലെ ഭിന്നതയാണ് പ്രതിസന്ധിയുടെ അടിസ്ഥാനമായി ഘടകകക്ഷികള്‍ സോണിയയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഈ പ്രശ്നത്തിനാകട്ടെ ഇന്നും ഒരു പരിഹാരം ഉണ്ടായിട്ടില്ല. സോണിയ കേരളം വിട്ടതിന് പിന്നാലെ തുടങ്ങിയ വാക്പോരും ഒളിയുദ്ധവും തുടരുന്നു. കഴിഞ്ഞ യോഗത്തില്‍ മുഖ്യചര്‍ച്ചയായ ഡാറ്റ സെന്റര്‍ കേസ് കൂടുതല്‍ മുറുകി നില്ക്കുന്ന സാഹചര്യമാണുള്ളത്. ആഭ്യന്തരവകുപ്പിന്റെ പാളിച്ച ചൂണ്ടിക്കാട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ പി.സി. ജോര്‍ജ്ജ് നടത്തുന്ന നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
ഗണേഷിന്റെ രാജി നാടകത്തിലൂടെ കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്താനാണ് കേരളാകോണ്‍ഗ്രസ് ബിയുടെ തീരുമാനം. കേസ് തീര്‍ന്നാല്‍ ഗണേഷ്കുമാറിനെ വീണ്ടും മന്ത്രിയാക്കാമെന്ന് കരാറുണ്ടെന്നാണ് ബാലകൃഷ്ണപിള്ള ഇന്നലെ പ്രതികരിച്ചത്. ഇന്ന് ചേരുന്ന കേരള കോണ്‍ഗ്രസ് നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്.
ഗണേഷ്കുമാറും ഭാര്യ യാമിനിതങ്കച്ചിയും സംയുക്തമായി നല്കിയ വിവാഹമോചനഹര്‍ജിയില്‍ ഇനിയും തീര്‍പ്പായിട്ടില്ല. ദിവസങ്ങള്‍ക്കുള്ളില്‍ അതുണ്ടാകും.
അപ്പോഴേക്കും മന്ത്രിസഭയില്‍ തിരികെ പ്രവേശിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള കരുനീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. മുമ്പൊരിക്കല്‍ മന്ത്രിസഭയിലേക്ക് തിരികെ വരുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായപ്പോള്‍ യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അനുകൂലമായ പ്രതികരണങ്ങളല്ല ഉണ്ടായത്. അതിനെ മറികടക്കുക എന്ന ലക്ഷ്യം കൂടി രാജി ഭീഷണിക്കുണ്ട്. ഗണേഷ്കുമാറിന്റെ രാജിക്കാര്യം നാളെ ചേരുന്ന യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും പ്രതികരിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വാര്‍ത്തകളെക്കുറിച്ച് ഒന്നും പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: