കൊച്ചി: ഭൗതിക ജീവിതത്തിന്റെ സമ്പൂര്‍ണ്ണവും, സമഗ്രവുമായ ആസ്വാദനത്തിന് വേണ്ടിയാണ് ആദ്ധ്യാത്മിക തത്വങ്ങളെന്ന് പ്രൊഫ.തുറവൂര്‍ വിശ്വംഭരന്. വേദാന്ത ദര്‍ശനത്തിന്റെ സമഗ്രത അവിസ്മരണീയമാണ്. വേദാന്ത ദര്‍ശനത്തിന് ശാസ്ത്രീയ അടിത്തറയുണ്ട്. ഭാരതീയ ദര്‍ശനങ്ങളിലെ ഈ ശാസ്ത്രീയത ലോകത്ത് ഒരിടത്തും കാണാന്‍ കഴിയുകയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏത് പ്രശ്നങ്ങളെയും നേരിടാന്‍ വേദാന്ത ദര്‍ശനത്തിന് കഴിയുന്നു. വ്യാസനും, ശ്രീശങ്കരാചാര്യരും ലോകത്ത് ഗുരുവാകുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വസംസ്കാരവേദി ജി.ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഭാരതീയ ദര്‍ശനങ്ങളെകുറിച്ചുള്ള പ്രഭാഷണപരമ്പരയില്‍ വേദാന്ത ദര്‍ശനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒന്നിന് ആരംഭിച്ച ഷഡ്ദര്‍ശന പ്രഭാഷണ പരമ്പരയില്‍ സാഖ്യദര്ശനം, ന്യായദര്‍ശനം യോഗദര്‍ശനം, വൈശേഷിക ദര്‍ശനം, മീമാംസാദര്‍ശനം എന്നിവയെ സംബന്ധിച്ച് പ്രഭാഷണം നടത്തിയിരുന്നു. പ്രഭാഷണ പരമ്പരയുടെ സമാപന ചടങ്ങില്‍ നോവലിസ്റ്റ് കെ.എന്‍.മോഹനവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.പി.ജുബിരാജ് സ്വാഗതവും, ടി.ഹരിദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: