മാഡ്രിഡ്:ക്രിസ്റ്റ്യാനോ റൊണാള്ഡോയെന്നാല് അതിനര്‍ത്ഥം രക്ഷകനെന്നാണ്, കുറഞ്ഞപക്ഷം സ്പാനീഷ് ടീം റയല്‍ മാഡ്രിഡിനെങ്കിലും. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഒരിക്കല്‍ക്കൂടി തുണച്ചപ്പോള്‍ ലെവാന്റെയെ 3-2 മറികടന്ന് റയല്‍ ലാലീഗയില്‍ പുതു ജീവന് നേടി. സമനിലയിലേക്ക് പോകുകയായിരുന്ന മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോ സ്പര്‍ശിച്ച പന്ത് റയലിന്റെ വിജയ ഗോളായി പരിണമിക്കുകയായിരുന്നു.എങ്കിലും ടേബിളില്‍ ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും ആധിപത്യം കാത്തു.
ബാഴ്സ ഇന്നലെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വല്ലാഡോളിഡിനെയും അത്ലറ്റിക്കോ സെല്‍റ്റയെയും (2-1) കീഴടക്കി. 24 പോയിന്റ് വീതമുള്ള ബാഴ്സയും അത്ലറ്റിക്കോയും മുന്‍നിരക്കാരായി തുടര്‍ന്നു. റയല്‍ (19) മൂന്നാമന്.
ലീഗില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന റയലിനെയാണ് ഗ്യാലറി വീണ്ടും ദര്‍ശിച്ചത്. തീര്‍ത്തും നിറംമങ്ങിയ മുന്‍ ചാമ്പ്യന്മാരെ ലെവാന്റെ വെള്ളംകുടിപ്പിച്ചു. ഒന്നാം പകുതിയില്‍ റയലിനെ ഗോളടിക്കാന്‍ ലെവാന്റെ അനുവദിച്ചില്ല. രണ്ടാ പകുതിയില്‍ ബാബാ ദൈവാര (57-ാം മിനിറ്റ്) ലെവാന്റയ്ക്ക് ലീഡ് സമ്മാനിച്ചു (1-0). തിരിച്ചടിച്ച റയല്‍ സെര്‍ജിയോ റാമോസിലൂടെ ഒപ്പം (1-1). എന്നാല്‍ നബില്‍ എല്‍ ഷറിന്റ (86-ാം മിനിറ്റ്) സ്ട്രൈക്ക് ലെവാന്റയ്ക്ക് വീണ്ടും മുന്‍തൂക്കം നല്കി (2-2). പക്ഷേ അവിടെയും തീര്‍ന്നില്ല കളി, മൊറാട്ടയുടെ തകര്‍പ്പനടി റയലിനു മൃതസഞ്ജീവനി വിളമ്പി (2-2). ഒടുവില്‍ 94-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ ടച്ചുള്ള വിജയ ഗോളും പിറന്നുവീണു (3-2).
ഉജ്വല ഫോം തുടരുന്ന ബാഴ്സയെ ഒന്നിളക്കാന്‍പോലും വല്ലാഡോളിഡിന് കഴിഞ്ഞില്ല. പത്താം മിനിറ്റില്‍ ജാവി ഗുരേറ നല്കിയ അപ്രതീക്ഷിത ലീഡ് അവരുടെ ഏക ആശ്വാസം. അലക്സി സാഞ്ചസ് (2), സാവി, നെയ്മര്‍ എന്നിവര്‍ ഗോള്‍ ദാഹം തീര്‍ത്തപ്പോള്‍ ബാഴ്സ വിജയോന്മാദത്താല്‍ തുള്ളിച്ചാടി. സെല്‍റ്റയ്ക്കെതിരെ ഡീഗോ കോസ്റ്റ അത്ലറ്റിക്കോയുടെ രണ്ടു ഗോളുകളും കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: