എഴുത്തുകാരന്റെ ഭാവുകത്വത്തെ ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിന്റെ അരിവാള്‍ മൂര്‍ച്ചയില്‍ പരിശോധിക്കുകയും അയാളുടെ ആശയങ്ങളെ പാര്‍ട്ടി നിറത്തില്‍ കാണുകയും ചെയ്യുന്നത് തനി ഫാസിസം. എഴുത്തുകാരി പി.വത്സലയ്ക്ക് നേരെ ഈയിടെ ഉയര്‍ന്ന പുരോഗമന കലാസാഹിത്യസംഘത്തിന്റെ വിമര്‍ശന തീട്ടൂരത്തേയും ഈ നിലയ്ക്കുവേണം കാണാന്‍.
മാതാ അമൃതാനന്ദമയിയെക്കുറിച്ച് ഒരു മലയാള പത്രത്തില്‍ ലേഖനം എഴുതിയതിനെതിരെ പുരോഗമന കലാസാഹിത്യ സംഘം ശില്‍പ്പശാലയില്‍ പി.വത്സലയ്ക്കു നേരെ സംഘടനയുടെ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഇ.പി.രാജഗോപാലനും സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.വി.എന്‍.മുരളിയും കടുത്ത വിമര്‍ശനമാണ് അഴിച്ചുവിട്ടത്. അഭിപ്രായ സ്വാതന്ത്ര്യം വകവെച്ചു കൊടുക്കാത്ത സംഘടനയാണ് പുകസായെന്നും നാലാം കൂലി എഴുത്തുകാരുടെ താവളം മാത്രമാണതെന്നും വത്സല തിരിച്ചടിച്ചിരുന്നു. പുകസായുടെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയാണ് ഈ എഴുത്തുകാരി എന്നത് മറ്റൊരു വൈരുദ്ധ്യം.
ഇന്നും എഴുത്തില്‍ നിറയൗവ്വനവും മലയാളികളില്‍ ഇടവും നേടിയ റിട്ട.അധ്യാപികയുമായ വത്സലയെ എന്തെഴുതണമെന്നും എങ്ങനെയെഴുതണമെന്നും പുകസാക്കാര് ചൂരല്‍ നീട്ടി പേടിപ്പിക്കുന്നത് വലിയ തമാശയാകും. സഹജാവബോധത്താല്‍ സര്‍ഗാത്മകത സൃഷ്ടിക്കുന്നവരെ ഇന്‍ക്വിലാബ് വിളിക്കുന്നവരാക്കാന് തുനിയുന്ന കാലം തെറ്റിയ പുകസാ ബുദ്ധിയെ എന്തു പറയാന്‍. എഴുത്തുകാര്‍ക്കെതിരെ പുകസാ ചൂണ്ടുന്ന വിമര്‍ശനത്തിന്റെയും വിരട്ടലിന്റെയും ഭീഷണിയുടെയും ചൂണ്ടുവിരല്‍ അവരുടെ പ്രച്ഛന്നമായ സാംസ്കാരിക അടിയന്തരാവസ്ഥയാണോ?
പി.വത്സലയ്ക്കെതിരെ പുകസാ നടത്തിയ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പ്രശസ്ത എഴുത്തുകാരനും ഗ്രീന്‍ബുക്സ് എംഡിയും അബുദാബി ശക്തിയുടെ ആദ്യകാല സംഘാടകരിലൊരാളുമായ കൃഷ്ണദാസ്, ജന്മഭൂമി പ്രതിനിധി സേവ്യര്‍ ജെ. യുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.
ഞാന്‍ അമൃതാനന്ദമയിയേയോ, നരേന്ദ്രമോദിയേയോ അംഗീകരിക്കുന്ന ആളല്ല. നിലപാടാണ് പ്രധാനം. അതു സംബന്ധിച്ചാണ് പ്രശ്നം ഉണ്ടാകുന്നതും. നിലപാടിലുള്ള മൂല്യതയിലാണ് യോജിപ്പും വിയോജിപ്പും. കേരളത്തിലെ ഇടതുപക്ഷം ഒന്നു പറയും മറ്റൊന്ന് പ്രവര്‍ത്തിക്കും. ഈ സ്വഭാവമാണ് സിപിഎം നയിക്കുന്ന പുരോഗമന കലാസാഹിത്യ സംഘത്തിനും. മാതാ അമൃതാനന്ദമയിയെക്കുറിച്ച് പി.വത്സല ഒരു പത്രത്തിലെഴുതിയതിനെ പുകസാ വിമര്‍ശിക്കുമ്പോള്‍ സൗകര്യപൂര്‍വം അവര്‍ മറക്കുന്ന ഒന്നുണ്ട്- മുസ്ലിം തീവ്രവാദം. സെക്കുലറിസം വലിയ വായില്‍ പ്രസംഗിക്കുന്ന ഇടതുപക്ഷം ലോകത്തിന് മൊത്തം അപകടമായ മുസ്ലിംതീവ്രവാദത്തെ എതിര്‍ത്തുകാണുന്നില്ല. കാരണം വളരെ വ്യക്തം. അത് വോട്ട് ബാങ്കാണ്. വോട്ടു കിട്ടുന്ന തീവ്രവാദം സ്വീകാര്യമെന്നാണോ. എന്തുകൊണ്ട് ഹൈന്ദവതയെ മാത്രം പുകസാ എതിര്‍ക്കുന്നു. ഇത് ഇരട്ടത്താപ്പാണ്. ഇതിനോട് യോജിക്കാനാവില്ല. ഈ സമീപനം ഫലത്തില്‍ ഹൈന്ദവ വര്‍ഗീയതയേ വളര്‍ത്തുകയേയുള്ളു.
വര്‍ഗീയതയുടെ കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസും. ഒരു വര്‍ഗീയത ഉണ്ടെന്ന് കാണിക്കാന്‍ മറ്റൊരു വര്‍ഗീയത ഇല്ലെന്ന് ഭാവിക്കുക. മുസ്ലിം ജനതയെയല്ല, മുസ്ലിം തീവ്രവാദത്തെയാണ് വെറുക്കുന്നത്. അല്ഖ്വയ്ദയെപ്പോലെ എത്ര ഭീകര സംഘടനകളുണ്ട് ലോകം മുടിക്കാന്‍. എണ്ണപ്പണത്തിന്റെ കൊഴുപ്പിലാണ് ഇത്തരക്കാര്‍ വളരുന്നത്. മനുഷ്യനെ കൊന്നൊടുക്കിയും ലോകം നശിപ്പിച്ചും. ഇതാരുടെ അജണ്ടയാണ്. എന്തായാലും മനുഷ്യന്റെയല്ല. ദൈവത്തിന്റെയുമല്ല. പിന്നെ ചെകുത്താന്റെയോ.
ഞാനൊരിക്കലും പുകസായില് അംഗമായിരുന്നില്ല. പക്ഷേ ഇടതുപക്ഷത്തോട് ആഭിമുഖ്യം ഉള്ള ആളാണ്. അന്നും ഇന്നും. ഇടതുപക്ഷമെന്ന ആശയത്തില്‍ മൂല്യമുണ്ടെന്ന് വിശ്വസിക്കുന്നു. പക്ഷേ അത് പ്രോഗ്രസീവ് പൊളിറ്റിക്സാണ്. മനുഷ്യനേയും കാലത്തേയും മുന്നോട്ട് നയിക്കുന്ന രാഷ്ട്രീയം. പണ്ടത്തെ സിപിഎം അതായിരുന്നു. പാവപ്പെട്ടവന്റെ രാഷ്ട്രീയം. ഇല്ലാത്തവന്റെ പാര്‍ട്ടി. ഇന്നതല്ല സിപിഎം. വന്‍ കോര്‍പ്പറേറ്റ് സ്ഥാപനമാണ്. നാടുനീളെ കൂറ്റന്‍ കെട്ടിടങ്ങള്‍. പാര്‍ക്കുകള്‍. ആശുപത്രികള്‍. സഹകരണ സ്ഥാപനങ്ങള്‍. വന്‍ വ്യവസായമാണ് സിപിഎം നടത്തുന്നത്. അവര്‍ക്കതിലൂടെ എന്തിനേയും നിയന്ത്രിക്കാവുന്ന അധികാരമുണ്ട്. ഇലക്ഷനില്‍ മത്സരിച്ചും മന്ത്രിസഭയുണ്ടാക്കിയും വേണ്ട അധികാരം നേടാന്‍.
ഇരുപത്തെട്ടുവര്‍ഷം അബുദാബിയിലായിരുന്നു. അബുദാബി ശക്തി അവാര്‍ഡിന് പിന്നിലെ സംഘാടകനാകാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ട്. അതുമൊരാശയവും നിലപാടുമായിരുന്നു. സിപിഎമ്മിലെ പഴയ തലമുറയിലെ പല പ്രമുഖരുമായും ഇന്നും നല്ല ഹൃദയബന്ധമുണ്ട്. അവാര്‍ഡിന്റെ പിന്നിലെ മൂല്യബോധം നല്കിയ ആഹ്ലാദം. ഇന്നത് പലപ്പോഴും നഷ്ടമാകുന്നു. അതെന്നെ അസ്വസ്ഥനാക്കുന്നു. സാഹിത്യത്തെ വിലയിരുത്തുന്നതില്‍ പുരോഗമനക്കാര്‍ക്ക് വലിയ തെറ്റുകള്‍ സംഭവിക്കുന്നുണ്ട്. സാഹിത്യത്തിലെ സെക്സിന്റെ അതിപ്രസരത്തെ അവര്‍ വിഴുങ്ങുന്നു. ഈയിടെ അത്തരം ഒരു കൃതിയ്ക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ സത്യത്തില്‍ ദു:ഖിച്ചു.
രാഷ്ട്രീയവും സാഹിത്യവും മൂല്യത്താല്‍ പ്രോഗ്രസീവാകണം. വത്സലയുടെ രചനയ്ക്ക് അതുണ്ട്. പതിറ്റാണ്ടുകളായി നോവലുകളും ചെറുകഥകളും കൊണ്ട് മലയാളത്തില്‍ പ്രത്യേക ഇരിപ്പിടം ഉണ്ടാക്കിയിട്ടുണ്ട്. മാതാഅമൃതാനന്ദമയിയെക്കുറിച്ച് ഒരു ലേഖനം എഴുതിയതിന്റെ പേരില്‍ വത്സലയെ പുകസാ വിമര്‍ശിക്കുമ്പോള്‍ ഒടിഞ്ഞുപൊളിഞ്ഞു വീഴുന്നതല്ല എഴുത്തുകൊണ്ട് അവര്‍ നേടിയ ഇരിപ്പിടം. അതിന് സര്‍ഗാത്മകതയുടെ കാമ്പും കഴമ്പുമുണ്ട്. പൊള്ളയല്ല. നിങ്ങള്‍ ചെറുകാടിനെ മറക്കരുത്. ഏതൊരു അമ്പലം കണ്ടാലും കൂപ്പുകൈയുമായി നില്ക്കുമായിരുന്നു അദ്ദേഹം. ക്വിറ്റ് ഇന്ത്യ സമര കാലത്ത് സുഭാഷ് ചന്ദ്രബോസിനെ ചെറ്റ എന്ന് വിളിച്ചതില്‍ അദ്ദേഹത്തിനുണ്ടായ മനസ്താപം തന്റെ ആത്മകഥയില്‍ ചെറുകാട് തുറന്ന് എഴുതിയിട്ടുള്ളതും നാം വലിയ മനസ്സോടെ കാണണം. പക്ഷേ ഇന്നത്തെ ആളുകള്‍ക്ക് ഇത്തരം മൂല്യബോധം ഒന്നുമില്ല. ഇടതുപക്ഷം ഭരണത്തില്‍ വന്നാല്‍ വൈസ് ചാന്സലര്മാരാകാനും അക്കാദമി അധ്യക്ഷന്മാരാകാനും ഒക്കെ കഴിയുമല്ലോ എന്ന് വിചാരിക്കുന്നവരുണ്ട്. മുസ്ലിം തീവ്രവാദത്തിന്റെ പണവും സൗകര്യവും കൈപ്പറ്റി അവര്‍ക്കായി കൂലിക്കെഴുതുന്ന എഴുത്തുകാര്‍ ലോകത്തെവിടെയുമുണ്ട്. കേരളത്തിലുമുണ്ട്. മുസ്ലിം വര്‍ഗീയതയുടെ വന്‍ താവളമാണ് കേരളം. ഇ.പി.രാജഗോപാലനും മറ്റും എന്തേ ഇത് മനസ്സിലാക്കുന്നില്ല. മാതാ അമൃതാനന്ദമയിയെ മോദി കണ്ടതുമായി ബന്ധപ്പെട്ടാണ് രാജഗോപാലിന്റെ രോഷം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. വര്‍ഗീയതയുടെ പേരില്‍ വത്സലയെ എതിര്ക്കുന്നവരെന്തുകൊണ്ട് ഇത്തരം എഴുത്തുകാരെ വിമര്‍ശിക്കുന്നില്ല. ഇതാണ് ഇരട്ടത്താപ്പ്. ഇതിനെ അംഗീകരിക്കാനാവില്ല. നരേന്ദ്രമോദി മാതാഅമൃതാനന്ദമയിയെ ചെന്നുകാണുന്നതില് ഭൂകമ്പമുണ്ടാക്കുന്നവര് എ.കെ.ആന്റണിയും രമേശ് ചെന്നിത്തലയേയും പോലുള്ളവര്‍ അമൃതാനന്ദമയിയുടെ അനുഗ്രഹം വാങ്ങുമ്പോള്‍ പുകിലുണ്ടാക്കാത്തതെന്ത്.
ഇ.പി.രാജഗോപാലനോടും വത്സലയോടുമൊക്കെ നല്ല സൗഹൃദമാണ്. പക്ഷേ കാര്യം പറയാതിരിക്കാനാവില്ല. എന്താണ് പുകസായുടെ ഇന്നത്തെ അവസ്ഥ. അത് വെറും കടലാസ് പുലിയാണ്. എം.എന്‍.വിജയന് മരിച്ചപ്പോള്‍ പുകസായും ഇല്ലാതായെന്ന് വേണം പറയാന്‍.
അക്കിത്തത്തെ ആദരിക്കാന്‍ പുകസാ തയ്യാറാവുകയാണെന്നറിഞ്ഞു. നല്ലകാര്യം. അക്കിത്തം ഓരോ മലയാളിയുടേയും അഭിമാനമാണ്. പക്ഷേ ഈ തീരുമാനമെടുക്കാന്‍ എന്തേ ഇത്ര വൈകി. മാടമ്പിനെ അടുപ്പിക്കുന്നില്ല. മാടമ്പിന്റെ എഴുത്തുലോകം അന്യാദൃശമാണ്. അദ്ദേഹത്തിന്റെ അശ്വത്ഥാമാവ് എന്ന നോവല്‍ ആധുനിക മനുഷ്യന്റെ സ്വത്വ പ്രതിസന്ധി ശക്തമായി ആവിഷ്കരിച്ചതാണ്. ‘അവിഘ്നമസ്തു’വായിക്കുന്നവര്‍ അത് തങ്ങളുടെ ലോകമാണെന്ന് തിരിച്ചറിയും. മാടമ്പ് ജനിച്ചുവളര്‍ന്ന ചുറ്റുപാടും പാരമ്പര്യവുമൊക്കെ അദ്ദേഹത്തിന്റെ രചനയിലുണ്ട്. അറിയാവുന്നതല്ലേ എഴുതാന്‍ പറ്റൂ. അതൊരു കുറവാണോ.
ഹിന്ദുത്വം ആരോപിച്ചാണ് അദ്ദേഹത്തെ മാറ്റി നിറുത്തുന്നതെങ്കില് കഷ്ടം! ഇങ്ങനെ വരുമ്പോഴാണ് പുകസാ സാഹിത്യത്തേയും എഴുത്തുകാരേയും സമീപിക്കുന്ന നിലപാടിലെ മൂല്യമില്ലായ്മ വ്യക്തമാകുന്നത്. ഇങ്ങനെ ഇടുങ്ങിയ ചിന്താഗതികൊണ്ട് പുകസായ്ക്ക് മാത്രമല്ല സിപിഎമ്മിനും വലിയ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എഴുത്തുകാരി തസ്ലീമയെ സിപിഎമ്മിന് വേണ്ടരീതിയില്‍ മനസ്സിലാക്കാനായില്ല. മുസ്ലിം ഭീകരതയായിരുന്നു അവരുടെ ശത്രു. എന്നിട്ടും അവര്‍ പോരാടി. പലായനമായിരുന്നു അവരുടെ ജീവിതം. ഇന്നും അതാണ്. ബംഗാളില്‍ സിപിഎമ്മിന് അവര്‍ക്ക് അഭയം നല്‍കാനായില്ല. ബൃന്ദാ കാരാട്ടിനെ അവര്‍ കണ്ടു. എം.എ.ബേബിയെ കണ്ടു. രക്ഷയില്ലായിരുന്നു. പതിറ്റാണ്ടുകള്‍ ബംഗാളില്‍ ഭരിച്ചിട്ടും സിപിഎം രക്ഷപ്പെട്ടില്ല. അധികാരത്തിന് പുറത്തായി. സെക്കുലറിസം പറഞ്ഞ് ഇരട്ടത്താപ്പു കാട്ടിയതിന്റെയും കൂടി ഫലം.
ഗള്ഫിലായിരുന്നപ്പോള് ദേശാഭിമാനിയില്‍ ‘മധ്യപൗരസ്ത്യക്കുറിപ്പുകള്’ എഴുതിയിരുന്നു. സദ്ദാമിന്റെ ആദ്യയുദ്ധം ദേശാഭിമാനിക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തതു ഞാനാണ്.
എന്തിലും മൂല്യം വേണമെന്ന് ആവര്‍ത്തിച്ചു പറയാന്‍ ആഗ്രഹിക്കുന്നു. അതാണെന്റെ നിലപാട്. എല്ലാവരും വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെ വാനോളം പുകഴ്ത്തുമ്പോള്‍ അതിനോട് വിയോജിക്കുന്നത് എന്റേതായ ചില മൂല്യബോധം കൊണ്ടാണ്. ഖസാക്കില്‍ ചില മൂല്യനിരാസമുണ്ടെന്ന് ഞാന്‍ പറയും. പ്രത്യേകിച്ച് ലൈംഗികതയെക്കുറിച്ചുള്ള വിജയന്റെ സങ്കല്പ്പങ്ങളില്. എഴുത്ത് മുന്നോട്ടുള്ള കുതിപ്പാണ്. അങ്ങനെയുള്ള ഒട്ടനവധി എഴുത്തുകാര്‍ മലയാളത്തിലുണ്ട്. ജീവിതം അവരുടെ കൃതികളില്‍ അന്യമാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: