രാജ്യം ഇപ്പോള്‍ അതിഭീഷണമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണല്ലൊ. ഏറ്റവും പ്രഗത്ഭരെന്ന് കരുതപ്പെടുന്ന മൂന്ന് സാമ്പത്തിക വിദഗ്ദ്ധരുടെ സാരഥ്യത്തിലാണ് ഭരണരംഗം വിശേഷിച്ചും സാമ്പത്തിക രംഗം നീങ്ങിക്കൊണ്ടിരിക്കുന്നതും. ധനകാര്യ സെക്രട്ടറി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ലോകബാങ്കിലെ ഭാരത പ്രതിനിധിയായ ഡയറക്ടര്‍, ധനകാര്യമന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളില്‍ കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി (എന്‍ഡിഎ ഭരണകാലമായ ആറുവര്ഷമൊഴികെ) കടിഞ്ഞാണ്‍ കയ്യിലൊതുക്കിയ ഡോ.മന്മോഹന് സിംഗ് തന്നെയാണ് അവരില്‍ ഒന്നാമന്. ആസൂത്രണ കമ്മീഷന് ഉപാദ്ധ്യക്ഷനും പ്രധാനമന്ത്രിമാരുടെ ധനകാര്യ ഉപദേഷ്ടാവുമൊക്കെയായി വിലസുന്ന മൊണ്ടേഗ് സിംഗ് ആലുവാലിയ, പളനിയപ്പന്‍ ചിദംബരം എന്ന നാട്ടുകോട്ടച്ചെട്ടിയാര് എന്നിവരാണ് മറ്റു രണ്ടുപേര്‍. അവരോടൊപ്പം രഘുറാം ജി രാജന് കൂടി റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചേര്ന്നിരിക്കയാണിപ്പോള്. ഇവരെല്ലാം തന്നെ പാശ്ചാത്യ, അമേരിക്കന്‍ കണ്ണാടികളിലൂടെ മാത്രം ലോക പ്രശ്നങ്ങളെ വീക്ഷിക്കുന്നവരും തദ്ദേശീയമായ യാഥാര്‍ത്ഥ്യങ്ങളെ കാണാന്‍ കൂട്ടാക്കാത്തവരുമാണ് എന്നത് സത്യം മാത്രമാകുന്നു. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഒറ്റമൂലിയായി നേരിട്ടുള്ള വിദേശ നിക്ഷേപവും അതോടൊപ്പം സബ്സിഡികളെ ഒഴിവാക്കലും ചികിത്സയായി മന്‍മോഹന്‍സിംഗ് നിര്‍ദ്ദേശിച്ചത്. അതിന്റെ പരിണിതഫലമായി ഇന്ന് ഇന്ത്യന്‍ രൂപ കനം കുറഞ്ഞു അപ്പൂപ്പന്താടി പോലെ പറന്നു നടക്കുന്ന അവസ്ഥയിലെത്തി. മന്‍മോഹന്‍സിംഗ് ക്ഷണിച്ചുവരുത്തിയ വിദേശനിക്ഷേപങ്ങള്‍ അതിവേഗം അപ്രത്യക്ഷമായി. വാജ്പേയി മന്ത്രിസഭയുടെ കാലത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന സാമ്പത്തിക ശക്തിയെന്ന് ലോകം വകവെച്ചുകൊടുത്ത ഭാരതം ഇന്ന് പരാധീനതയുടെ അഗാധ ഗര്‍ത്തത്തിലേക്ക് മുതലക്കൂപ്പുകുത്തുന്നു. 2020 ല്‍ ലോകത്തെ ഏറ്റവും വികസിതരാജ്യങ്ങളുടെ മുന്‍പന്തിയിലായിരിക്കും ഭാരതമെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ട പദ്ധതികളൊക്കെ ഏതാണ്ട് പരിത്യജിക്കപ്പെട്ടിരിക്കുന്നു. 1947 ല്‍ ലോകത്തെ ഏറ്റവും ശക്തമായ നാണയമായിരുന്നു നമ്മുടെ രൂപ. ഒരു പവന് വിനിമയ മൂല്യം 13.5 രൂപയായിരുന്നപ്പോള്‍ യഥാര്‍ത്ഥ മൂല്യം 10.50 രൂപ മാത്രമായിരുന്നു. ബ്രിട്ടീഷ് ഗവണ്മെന്റ് കൃത്രിമമായിട്ടാണ് 13.50 രൂപയായി അതിനെ നിലനിര്‍ത്തിയിരുന്നത്.
ഭാരതത്തിന്റെ സമഗ്രവും സര്‍വതോന്മുഖവുമായ വികസനത്തിനും അഭിവൃദ്ധിക്കുമുള്ള രക്ഷാമാര്‍ഗം കണ്ടെത്താനായി അശ്രാന്തമായ പരിശ്രമം ചെയ്ത ചിന്തകനായിരുന്ന ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി എത്തുവാന്‍ ഇനി രണ്ടുമൂന്നു വര്‍ഷങ്ങള്‍ കൂടിയേയുള്ളൂ എന്ന് ഇക്കഴിഞ്ഞ ജന്മദിനത്തില് ഓര്‍മവന്നതിനാലാണ് ഇക്കാര്യങ്ങള്‍ ചിന്തിക്കാന്‍ ഇടയായത്. ഭാരതത്തിന്റെ തനിമയുടെയും പ്രതിഭയുടെയും ആവിഷ്കരണം ഏതുതരത്തിലുള്ള പരിപാടികളിലും ഉണ്ടാവണമെന്ന ഉറച്ച വിശ്വാസത്തോടെയാണ് ഭാരതീയ ജനസംഘമെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചുമതലയേറ്റെടുക്കാന്‍ നിയുക്തനായത് മുതല്‍ അദ്ദേഹം ജീവിച്ചത്. അതിനായി പാശ്ചാത്യവും പൗരസ്ത്യവും ആധുനികവും പുരാതനവും പ്രാചീനവും അര്‍വാചീനവുമായ എല്ലാ സമൂഹങ്ങളുടെയും ജീവിതവും വളര്‍ച്ചയും അദ്ദേഹം പഠന വിഷയമാക്കി. ജീവിതദര്‍ശനങ്ങളും പ്രത്യയശാസ്ത്രങ്ങളും സാമ്പത്തിക സിദ്ധാന്തങ്ങളും ഉത്ഭവിച്ചതും വളര്‍ന്നു വികാസ പരിണാമങ്ങള്‍ പ്രാപിച്ചതും വിശകലനം ചെയ്തു. സമസ്ത പ്രപഞ്ചത്തിനും പ്രസക്തമായ ഒരു ഏകാത്മ മാനവ ദര്‍ശനത്തിന് അദ്ദേഹം ക്രമേണ രൂപം നല്കി.
വളരെക്കാലത്തെ അധ്യയനത്തിനും പഠന മനനങ്ങള്‍ക്കും ശേഷം, ശ്രീ ഗുരുജിയെപ്പോലുള്ള മഹാമനീഷികളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്താണ് അദ്ദേഹം തന്റെ നിഗമനങ്ങളിലെത്തിയത്. പാശ്ചാത്യലോകത്ത് ഉരുത്തിരിഞ്ഞുവന്ന രാജനൈതിക, സാമ്പത്തിക വ്യവസ്ഥകള്‍ക്ക് അടിസ്ഥാനമായ വീക്ഷണങ്ങളും ദര്ശനങ്ങളുമല്ല ഭാരതത്തിലുള്ളതെന്നതിനാല്, അവിടത്തെ രീതികള്‍ അതേപോലെ ഇവിടെ പകര്‍ത്താന്‍ ശ്രമിക്കുന്നത് അപകടത്തിലേക്ക് രാഷ്ട്രത്തെ നയിക്കുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. സ്വതന്ത്രഭാരതത്തിന്റെ വികാസ ദിശ എന്തായിരിക്കണമെന്ന് മൗലികമായി ചിന്തിച്ചവരില്‍ ഒരാളായിരുന്നല്ലൊ മഹാത്മാഗാന്ധി. രാഷ്ട്രീയമായി അദ്ദേഹത്തിന്റെ അനുയായികളായിരുന്നവര്‍ ഭരണരംഗത്തെത്തിയപ്പോള് അദ്ദേഹം വിഭാവന ചെയ്ത കാര്യങ്ങളെയെല്ലാം അപ്രായോഗികങ്ങളെന്നും കാലഹരണപ്പെട്ടവയെന്നും അവഹേളിച്ചു തള്ളിക്കളഞ്ഞു. ഗ്രാമീണ വികസനത്തിന് ഊന്നല്‍ കൊടുത്ത ഗാന്ധിജിയുടെ ആശയങ്ങള്‍ക്കുപകരം, നഗരങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന വികാസമായി ലക്ഷ്യം. ആസൂത്രിത വികസനത്തിന് അന്നത്തെ സോവിയറ്റ് മാതൃകയില്‍ പഞ്ചവത്സരപദ്ധതികള്‍ ആരംഭിച്ചു. 1950 ല്‍ ആദ്യ പദ്ധതി തുടങ്ങിയെങ്കിലും അത് പകുതിപോലും ലക്ഷ്യമെത്താതെ അവസാനിച്ചു. രണ്ടാം പദ്ധതിയുടേയും അവസ്ഥ വ്യത്യസ്തമായില്ല. പദ്ധതികളുടെ മുന്‍ഗണനകള്‍ യാഥാര്ത്ഥ്യബോധമില്ലാത്തതായതും അതിന്റെ നടത്തിപ്പിന് ചുമതലപ്പെട്ടവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളും അഴിമതിയും മൂലമുണ്ടായ കെടുതികളുമാണ് പ്രശ്നമായത്. രണ്ടുപദ്ധതികളിലും ഗ്രാമീണ മേഖലകള്‍ അവഗണിക്കപ്പെട്ടു. രണ്ടാം പദ്ധതിയുടെ അവസാനമായപ്പോള്‍ അവയെ വിശകലനം ചെയ്തു വിലയിരുത്തിക്കൊണ്ട്, അവയുടെ നിര്‍വഹണത്തിലെ നേട്ടങ്ങളും കോട്ടങ്ങളും ഭാവിയിലെ സാധ്യതകളും മറ്റും ആരാഞ്ഞ് ദീനദായല്ജി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ആസൂത്രണത്തിലെ മുന്‍ഗണനകള്‍ പിഴച്ചുപോയി എന്നും, അവയില്‍ ആവശ്യമായ പരിഷ്കരണങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഭാവിയില്‍ രാജ്യം വന്‍ അനര്‍ത്ഥങ്ങളിലേക്ക് നീങ്ങുമെന്നും ദീനദയാല്‍ജി മുന്നറിയിപ്പ് നല്കി. പദ്ധതികള്‍ക്ക് മാറ്റം വരുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന രാജ്യവ്യാപകമായ ഒരു പ്രക്ഷോഭം തന്നെ അദ്ദേഹം ആസൂത്രണം ചെയ്തു. കേരളത്തില്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനം ശൈശവാവസ്ഥയിലായിരുന്നെങ്കിലും പരമേശ്വര്‍ജിയുടെയും രാജേട്ടന്റെയും മറ്റും നേതൃത്വത്തില്‍ ഇവിടെയും അത് നടത്തപ്പെട്ടു.
പണ്ഡിറ്റ് നെഹ്റുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആസൂത്രണ പ്രക്രിയ തലകീഴായി നില്ക്കുന്ന പിരമിഡ് പോലെയാണെന്നാണ് ദീനദയാല്‍ജി വിലയിരുത്തിയത്. ആസൂത്രണം ഏറ്റവും താഴെക്കിടയിലുള്ളവരുടെ പ്രയോജനത്തിന് മുന്‍തൂക്കം നല്കുന്നതായിരിക്കണം. സമൂഹത്തിലെ ഏറ്റവും ദരിദ്രനായ ആള്‍ക്ക് പ്രയോജനമുണ്ടായോ എന്നതാവണം വികാസത്തിന്റെ മാപകം എന്നദ്ദേഹം പറഞ്ഞു. ആ കാഴ്ചപ്പാടിലാണ് പിന്നീട് രാജസ്ഥാനിലും മധ്യപ്രദേശിലും മറ്റും ബിജെപി ഭരണകാലത്ത് അന്ത്യോദയ യോജനകള്‍ ആരംഭിച്ചത്. സമ്പത്ത് വികേന്ദ്രീകരിക്കപ്പെടണമെന്നത് അദ്ദേഹത്തിന്റെ അഭിലാഷമായിരുന്നു. ഏറ്റവും കുറഞ്ഞതും ഏറ്റവും കൂടിയതും തമ്മിലുള്ള വരുമാനങ്ങള്‍ 1:20 എന്ന അനുപാതത്തില്‍ നിന്ന് അകന്നുപോകരുതെന്നദ്ദേഹം നിര്‍ദ്ദേശിച്ചു. വികേന്ദ്രീകൃതമാവണം സമ്പദ്വ്യവസ്ഥയുടെ ഓരോ മേഖലയും. അതിനുതകുന്നവിധത്തിലുള്ള സംവിധാനങ്ങളുണ്ടാകണം. അമിതാഡംബര ജീവിതത്തിന് നിയന്ത്രണം കൊണ്ടുവരണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
ഭാരതത്തിലെ 70 ശതമാനം ജനങ്ങളും കൃഷിയും കൃഷിയുമായി ബന്ധപ്പെട്ട തൊഴിലുകളും ചെയ്തു കഴിയുന്നവരാകയാല്‍, ആ ജനവിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കിയുള്ള ആസൂത്രണമാണ് വേണ്ടതെന്ന് ദീനദയാല്‍ജി അഭിപ്രായപ്പെട്ടു. അതിന് പറ്റിയ രീതിയില്‍ കാര്‍ഷിക മേഖലയില്‍ പുനര്‍വിന്യാസം ആവശ്യമാണ്. കര്‍ഷകനെ നിരാധാരനാക്കുന്നതിന് പകരം അവനെ സഹായിക്കുന്ന തരത്തിലുള്ള യന്ത്രവല്‍ക്കരണം ആ രംഗത്തുണ്ടാകണമെന്നദ്ദേഹം നിര്‍ദ്ദേശിച്ചു. അതിനാവശ്യമായ സാങ്കേതിക വിദ്യ വളര്‍ത്തിയെടുക്കാനുള്ള ഗവേഷണങ്ങള്‍ നടക്കണം. പാശ്ചാത്യ ഗവേഷണങ്ങളുടെ പകര്പ്പാവരുതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. വ്യവസായവല്‍ക്കരണത്തിലും മാസ് പ്രൊഡക്ഷന്‍ ആവരുത് പ്രോഡക്ഷന്‍ ബൈ ദ മാസ്സ് ആവണം ലക്ഷ്യം.
ഭൂഉടമസ്ഥതയെ സംബന്ധിച്ച് വളരെ യാഥാര്‍ത്ഥ്യബോധം ഉള്ളതായിരുന്നു ദീനദയാല്‍ജിയുടെ കാഴ്ചപ്പാട്. സെമിന്ദാരി സമ്പ്രദായം നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളെ അദ്ദേഹം തുറന്നു പിന്തുണച്ചു. അതില്‍ പ്രതിഷേധിച്ച രാജസ്ഥാനിലെ ജമിന്താര്മാരായിരുന്ന ജനസംഘ എംഎല്‍എമാരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനും അദ്ദേഹം മടിച്ചില്ല. അന്ന് ദീനദയാല്ജിയോടൊപ്പംനിന്ന എംഎല്‍എ ഭൈരോണ്‍സിംഗ് ഷേഖാവത്ത് പിന്നീട് മുഖ്യമന്ത്രിയും ഉപരാഷ്ട്രപതിയുമായി ഉയര്‍ന്നു. നിരുപാധികമായ സ്വത്തവകാശമെന്ന ഒന്നില്ല എന്ന ദീനദയാല്‍ജിയുടെ അഭിപ്രായം മൂലം പാര്‍ട്ടിയില്‍ തന്നെയുള്ള പലരും അന്ന് (അധ്യക്ഷനായിരുന്ന ബല്‍രാജ് മധോക്കടക്കം) അദ്ദേഹത്തെ പ്രച്ഛന കമ്മ്യൂണിസ്റ്റ് എന്നു വിളിച്ചു. പക്ഷേ അഖില ഭാരതീയ പ്രതിനിധി സഭയില്‍ തന്റെ വിശദീകരണങ്ങള്‍ നല്കിയ ശേഷം ജനസംഘത്തിന്റെ തത്വവും നയവും അംഗീകരിപ്പിക്കാന്‍ ആ വകുപ്പുകള്‍ വോട്ടിനിട്ട് തീരുമാനിക്കാന്‍ ദീനദയാല്‍ജി തയ്യാറായി. പ്രതിനിധികള്‍ വന്‍ ഭൂരിപക്ഷത്തോടെ അതംഗീകരിച്ചു.
ഭാരതത്തിന്റെ ഗ്രാമങ്ങളെ സര്വതോന്മുഖമായ വികാസത്തിലൂടെ കരുത്തുറ്റതാക്കുകയാണ് ദേശീയതലത്തില്‍ രാജ്യം ശക്തമാകാന്‍ വേണ്ടത്. അതിനുപകരം ഗ്രാമങ്ങളെ പരിഛേദനം ചെയ്യുന്ന നയപരിപാടികള്‍ ഇന്ന് നടന്നുവരുന്നതു കാണാം. കല്‍ക്കരിപ്പാടങ്ങളുടെ പേരിലായാലും വന്‍കിട വ്യവസായങ്ങളുടെ പേരിലായാലും ആഡംബര ഭവനനിര്‍മാണത്തിന്റെ പേരിലായാലും നൂറുകണക്കായ ഗ്രാമങ്ങളിലെ ജനങ്ങളെ നിരാധാരരായി തള്ളിവിടുകയും ഒന്നാന്തരം കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നത്, ഇന്നത്തെ അസ്വസ്ഥതയുടെ കാരണങ്ങളായിത്തീരുന്നു. അനാഡംബര പദ്ധതികള്‍ക്കുപകരം 40 ല്‍പ്പരം നിലകളില്‍ ശതകോടികള്‍ ചെലവിട്ടു നിര്‍മിക്കുന്ന വീടുകളുടെ വിവരം പത്രത്തില്‍ വരുന്നു. 26 രൂപ ചെലവിടാന്‍ കഴിയുന്ന കുടുംബം ദാരിദ്ര്യരേഖയ്ക്ക് മീതെയാണെന്ന് വിധിയെഴുതുന്ന ആസൂത്രണ കമ്മീഷണര്‍ സ്വന്തം പദ്ധതിയില്‍ 35 ലക്ഷം രൂപയ്ക്കാണ് സര്‍ക്കാര്‍ ചെലവില്‍ കക്കൂസ് നിര്‍മിച്ചത്. നാലുജോഡി വസ്ത്രങ്ങള്‍ തനിക്ക് ധാരാളമാണെന്ന് കരുതിയ ആളായിരുന്നു 1967 ല്‍ ഭാരതത്തിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ദീനദയാല്‍ജി.
അദ്ദേഹം കണ്ടെത്തിയ ഏകാത്മ മാനവദര്‍ശനം ഭാരതത്തിന്റെ മാത്രമല്ല മാനവതയുടെ മുഴുവന്‍ പ്രശ്നങ്ങളെയും സംബോധന ചെയ്യാന്‍ തക്ക ഉള്ളടക്കമുള്ളതാകുന്നു. അതിന്റെ ആവിഷ്കരണത്തിന് അരനൂറ്റാണ്ടാവുകയാണ്. കാലാനുസൃതമായ രീതിയില്‍ അതിനെ വായിച്ചെടുത്ത്, വ്യക്തിജീവിതത്തിലും രാഷ്ട്ര ജീവിതത്തിലും പകര്‍ത്താന്‍, അദ്ദേഹം ജീവന് നല്കി വളര്‍ത്തിയ പ്രസ്ഥാനങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. ദീനദയാല്‍ജിയുടെ ജന്മശതാബ്ദിയും ഏകാത്മ മാനവദര്‍ശനത്തിന്റെ അര്ദ്ധശതാബ്ദിയും അതിനുള്ള ഒന്നാന്തരം അവസരമാണ് 2014 നമ്മുടെ മുന്നിലേക്ക് കൊണ്ടുവരുന്നത്. അങ്ങനെയായാല്‍ തീര്‍ച്ചയായും രാജ്യം ഇന്ന് ചെന്നെത്തിയ പടുകുഴിയില്‍നിന്ന് കരകേറാനുള്ള വഴിതെളിയും.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: