കൊട്ടരക്കര: ജവഹര്‍ നവോദയ റെഡിഡന്‍ഷ്യല്‍ സ്കൂളിലെ ജലക്ഷാമം ശാശ്വതമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്കൂളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് സ്കൂള്‍ അധികൃതരും രക്ഷകര്‍തൃ സംഘടനയും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ അതെല്ലാം അവഗണിക്കുന്നതായാണ് പ്രധാന ആരോപണം.
ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള സമിതിയാണു ഈ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഭരണത്തിന് നേതൃത്വം നല്‍കുന്നത്. കൊട്ടാരക്കര നീലേശ്വരം വാര്‍ഡില്‍ ഏക്കര്‍ കണക്കിനു വസ്തുവില്‍ വ്യാപിച്ചു കിടക്കുന്ന സ്കൂളില്‍ 500 വിദ്യാര്‍ത്ഥികളാണു ആറുമുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലായി പഠിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കു പുറമെ ഇവരുടെ അധ്യാപകര്‍ കുടുംബസമേതം ഇവിടെ താമസിക്കുന്നു. വേനല്‍ക്കാലം ആകുന്നതോടെ കുടിവെള്ളം ഇവിടെ കിട്ടാതെയാകും. ഇതിന് പരിഹാരം കാണുന്നതിനായി പലപ്പോഴായി ആറു കുഴല്‍കിണറുകള്‍ നിര്‍മിച്ചെങ്കിലും ഇവയൊന്നും പ്രതീക്ഷിച്ച ഫലമുണ്ടാക്കിയില്ല. തീരെ വെള്ളം കിട്ടാതെ വരുമ്പോള്‍ കുട്ടികളെ സ്വന്തം വീടുകളിലേക്ക് പറഞ്ഞയക്കുകയാണു പതിവ്. ഇതിനു പരിഹാരം കാണുന്നതിന് സ്കൂള്‍ അധികൃതരും രക്ഷകര്‍തൃ സമിതിയും നിരവധി ഫലപ്രദമായ പ്രൊജക്ടുകള്‍ മുന്നോട്ടു വച്ചെങ്കിലും അവയൊന്നും പരിഗണിക്കപ്പെട്ടില്ല. അവയിലൊന്നായ ചെക്കു ഡാം പദ്ധതി പാതി വഴിക്കു മുടങ്ങി കിടക്കുന്നു. 13.6 ലക്ഷം രൂപ ചെലവു കണക്കാക്കി സമര്‍പ്പിക്കപ്പെട്ട ചെക്കു ഡാം പദ്ധതി പ്രാഥമിക കടമ്പകള്‍ കടന്നുവെങ്കിലും തിരുവനന്തപുരത്തു എത്തി നില്‍ക്കുകയാണെന്നാണു സൂചന. സ്കൂളിന്റെ എതിര് ഭാഗത്തു കൂടി കടന്നു പോകുന്ന കല്ലട ഇറിഗേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രൊജക്ടും തുടങ്ങിയിടത്തു തന്നെയാണ്.
1979-80 കാലത്തു തൃക്കണ്ണമംഗല്‍ എസ്ഐആര്‍ഡി മേഖലയില്‍ നിന്നും ആരംഭിക്കുന്ന കനാല്‍ പെരുമുഴി വഴി കാടാകുളം വരെ എത്തുന്നതാണ്. ഈ കനാല്‍ പെരുമുഴി ഭാഗത്തു രണ്ടായി പിരിയുന്നുണ്ട്. ഇങ്ങനെ പിരിയുന്നതില്‍ ഒരു കൈവഴി കൊട്ടാരക്കര റെയില്‍വെ സ്റ്റേഷന് ഭാഗത്തേക്ക് മറ്റൊന്നു നവോദയ സ്കൂള്‍ സ്ഥിതി ചെയ്യുന്ന നീലേശ്വരത്തും എത്തിച്ചേരും. പെരുമുഴിയില് നിന്നും നീലേശ്വരത്തു എത്തുന്ന കൈവഴി വര്‍ഷങ്ങളായി മണ്ണുമൂടി ജലപ്രവാഹം തടസപ്പെട്ടു കിടക്കുകയാണ്. ഒരു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഈ കൈവഴി മണ്ണു നീക്കി അതിലൂടെ ജലപ്രവാഹം സാധ്യമാക്കിയാല്‍ സ്കൂളിലെ ജലദൗര്‍ലഭ്യം ഒരു പരിധിവരെ പരിഹരിക്കുവാന്‍ കഴിയും.
ഇതിനായി കൊട്ടാരക്കര പഞ്ചായത്തിനെയും കല്ലട ഇറിഗേഷന്‍ വിഭാഗത്തെയും സ്കൂള്‍ അധികൃതര്‍ സമീപിച്ചുവെങ്കിലും അനുകൂല നിലപാടുകള്‍ ഉണ്ടായിട്ടില്ല. കനാലിലെ പെരുമുഴി-നീലേശ്വരം കൈവഴി തുറക്കുകയും വേനല്‍കാലത്തു ഇതുവഴി വെള്ളം ഒഴുകുകയും ചെയ്താല്‍ സ്കൂളിന് സമീപത്തായി സ്കൂള്‍ അധികൃതര്‍ സ്ഥലം വാങ്ങി വയലില്‍ നിര്‍മിച്ച കിണറില്‍ ആവശ്വത്തിനു വെള്ളം ലഭിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രത്യേകിച്ചു അനുമതിയോ ഫണ്ടോ ആവശ്യമില്ലാത്ത ഈ പദ്ധതിക്കായി കനാല്‍ വാര്‍ഡിലെയും നീലേശ്വരം വാര്‍ഡിലെയും ജനപ്രതിനിധികള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ജില്ലാ ഭരണ നേതൃത്വവും കല്ലട ഇറിഗേഷന്‍ വിഭാഗവും പഞ്ചായത്തു അധികൃതരും വേണ്ട രീതിയില്‍ പരിഗണിച്ചാല്‍ എളുപ്പത്തില്‍ സാധ്യമാക്കാന്‍ കഴിയുന്ന ഈ പദ്ധതിയിലാണു ഇപ്പോള്‍ സ്കൂള്‍ അധികൃതരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: