ന്യൂദല്‍ഹി: തെലങ്കാന സംസ്ഥാന രൂപീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തെലങ്കാന രൂപീകരണ പ്രമേയം അംഗീകരിച്ചത്. പ്രമേയം ഇനി പാര്‍ലമെന്റിന്റെ ഇരു സഭകളും അംഗീകരിക്കണം.
ആന്ധ്ര നിയമസഭയും ഇതിന് അംഗീകാരം നല്‍കണം. ആന്ധ്ര വിഭജനത്തിന്റെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി പ്രത്യേക മന്ത്രിസഭാ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതായി യോഗത്തിനുശേഷം ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ പറഞ്ഞു. പത്തു വര്‍ഷത്തേക്ക് ഹൈദരാബാദ് രണ്ടു സംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനമായിരിക്കും.സംസ്ഥാന വിഭജനത്തെതുടര്ന്നുണ്ടാകുന്ന സാമ്പത്തികപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മന്ത്രിസഭാസമിതി പരിഗണിക്കുമെന്നും ഷിന്‍ഡേ പറഞ്ഞു.
അതിനിടെ തെലങ്കാന രൂപീകരണത്തിനെതിരെ ആന്ധ്ര ജനതയുടെ പ്രക്ഷോഭം തുടരുകയാണ്. ഇന്നലെ മന്ത്രിസഭായോഗം നടക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ വസതിയായ 7 റേസ് കോഴ്സ് റോഡിനു പുറത്ത് പ്രതിഷേധക്കാരുടെ സംഘങ്ങള്‍ പ്രകടനം നടത്തി. കഴിഞ്ഞ ജൂലൈ 30നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തെലങ്കാന രൂപീകരണത്തിന് തീരുമാനമെടുത്തത്. ഇതെ തുടര്‍ന്ന് സീമാന്ധ്രയിലും റായ്ലസീമ മേഖലയിലും രണ്ടുമാസമായി വന്‍ പ്രതിഷേധം ഉയരുകയാണ്. ഇന്ന് സീമാന്ധ്ര മേഖലയില്‍ ബന്ദ് ആചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: