കൊച്ചി: സംസ്ഥാന സര്‍ക്കാരും, ആരോഗ്യവകുപ്പും, ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി നടപ്പിലാക്കി വരുന്ന ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടി ‘അമൃതം ആരോഗ്യം’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് അറിയിച്ചു. മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ.കെ.വി.തോമസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹക്കും. സംസ്ഥാന ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രോഗ നിര്‍ണയ ക്യമ്പിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി കെ.ബാബു നിര്‍വഹിക്കും.
ആരോഗ്യ ഉപകേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് 30 വയസ്സിന് മുകളില്‍ പ്രായമുളള വ്യക്തികളില്‍ രക്ത സമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര, അമിതവണ്ണം എന്നിവ പരിശോധിച്ച്, ജീവിതശൈലി രോഗങ്ങളായ രക്താതിസമ്മര്‍ദ്ദം, പ്രമേഹം, അമിതവണ്ണം എന്നിവ കണ്ടെത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. രോഗം നിര്‍ണ്ണയിക്കപ്പെടുന്നവര്‍ക്ക് ജീവിതശൈലി ക്രമീകരണത്തിനാവശ്യമായ നിര്‍ദ്ദേശങ്ങളും, മരുന്നും, തുടര്‍ചികിത്സയും സര്‍ക്കാര്‍ ആശുപത്രികള്‍ വഴി സൗജന്യമായി നല്‍കും. പരിപാടിയോടനുബന്ധിച്ച് ജില്ലയില്‍ സഞ്ചരിക്കുന്ന പരിശോധന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു കോടി ജനങ്ങളുടെ പരിശോധന, ജീവിതശൈലി സാക്ഷരത പരിപാടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുള്ള ബോധവത്ക്കരണം, സ്ക്കൂള് വിദ്യാര്‍ത്ഥകള്‍ക്കുള്ള ജീവിത ശൈലി അവബോധന പരിപാടികള്‍, സ്ക്കൂളുകളിലെ യോഗ പരിശീലനം, തൊഴിലിടങ്ങളിലുള്ള സ്ക്രീനിങ്ങ് പരിപാടികള്‍, മൊബെയില്‍ പരിശോധന ക്ലിനിക്കുകള്‍ എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടത്തുന്ന പരിശോധന ക്യാമ്പില്‍ രണ്ടായിരം പേരുടെ രോഗ നിര്‍ണ്ണയം നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ല കളക്ടര്‍ പറഞ്ഞു. ഇതിനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ജീവിത ശൈലി ക്രമീകരണം സംബന്ധിച്ചുള്ള കൗണ്‍സലിങ്ങും, ഡയേറ്റെഷ്യന്മാരുടെ സേവനവും ക്യാമ്പില്‍ ലഭ്യമാണ്. തുടര്‍ ചികിത്സയും മരുന്നും എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നും സൗജന്യമായി ലഭിക്കും. ഡിസംബര്‍ 31നകം ജില്ലയില്‍ നിന്നുള്ള 13 ലക്ഷം പേരുടെ പരിശോധന പൂര്‍ത്തിയാക്കുമെന്നും ജില്ലാകളക്ടര്‍ കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: