കൊച്ചി: പ്രകൃതിയെ മാഫിയകളില്‍ നിന്ന് രക്ഷിക്കാന്‍ ഭൗതിക വാദികളും, ആത്മീയവാദികളും കൈകോര്‍ക്കണമെന്ന് മുന്‍ മന്ത്രിയും, സിപിഐ നേതാവുമായ ബിനോയ്വിശ്വം. ഭാരതീയ പാരമ്പര്യത്തില്‍ പ്രകൃതിക്ക് മുഖ്യസ്ഥാനമാണുള്ളത്. മനുഷ്യന്റെ ആര്‍ത്തിയാണ് പ്രകൃതി നശീകരണത്തിന് കാരണം. തന്ത്രി സമാജത്തിന്റെ നേതൃത്വത്തില്‍ എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുന്ന സാവിത്രീ വ്രതയജ്ഞവേദിയില് ഭാരതീയ സംസ്ക്കാരവും പ്രകൃതിയും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഒരു ദക്ഷിണാഖണ്ഡ് ആയിമാറുമോയെന്ന ഭീതിയിലാണെന്ന് തുടര്‍ന്ന് സംസാരിച്ച ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്പറഞ്ഞു. കേരളം ഇന്ന് ഭൂമാഫിയകളുടെ കൈകളിലാണ്. നമ്മുടെ നെല്‍വയലുകളും, നീര്‍ത്തടങ്ങളും അവര്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കേരളത്തെ മറ്റൊരു പ്രകൃതി ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. പ്രകൃതിയെ ഈശ്വര പൂജയായി കണ്ടവരാണ് ഭാരതീയര്‍. എന്നാല്‍ പ്രകൃതിയെ ഒരു കൂട്ടം മാഫിയാ സംഘങ്ങള്‍ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. നെല്‍വയല്‍ നികത്തുന്നതിനും, മണ്ണെടുപ്പിനുമെതിരെ ഇവിടെ നിയമം ഉണ്ടെങ്കിലും അധികാരികള്‍ അത് നടപ്പാക്കാന്‍ തയ്യാറാവുന്നില്ലെന്ന് മാത്രമല്ല നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് നാം ആറന്മുളയില് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ പാമ്പുമേയ്ക്കാട്ട് ജാതവേദന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ഡോ.എന്‍.സി.ഇന്ദുചൂഡന് സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: