കൊല്ലം: മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായ വിഷയത്തില്‍ എതിരഭിപ്രായം പ്രകടിപ്പിക്കുന്ന മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരേയും വരുന്ന തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കുമെന്ന ചില മതനേതാക്കളുടെ ഭീഷണി അല്‍പ്പത്വവും പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.എ ജലീല്‍ പുനലൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സാമൂദായിക ധ്രൂവീകരണം സൃഷ്ടിച്ച് ആളാകാനുള്ള സ്വാര്‍ത്ഥമതികളുടെ നീക്കം സമൂഹം തിരിച്ചറിയണം. തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കാനുള്ള ശക്തി മതനേതാക്കള്ക്കുണ്ടെങ്കില് ഉണ്ടെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ സമുദായ നേതാക്കള്‍ ശ്രമിക്കണം.
ഇറ്റലിയിലും, ജര്‍മ്മനിയിലും വിവാഹപ്രായം തെരയുന്ന മതപണ്ഡിതര്‍ സ്വന്തം മക്കളില്‍ ആ മാതൃക കാട്ടാന്‍ തയ്യാറാകണം. വിവാഹപ്രായം 18 ആക്കുവാന് പാര്‍ലമെന്റില്‍ വോട്ടുചെയ്ത ലീഗ് അതിനെതിരെ മതനേതാക്കളെ ഒപ്പം കൂട്ടി സുപ്രീംകോടതിയില്‍ പോകുന്നത് നൂറ്റാണ്ടിലെ വലിയ തമാശയാണ്. ജനനം മുതല്‍ മരണം വരെയുള്ള സമസ്ത മേഖലയയും പ്രതിപാദിക്കുന്ന ഇസ്ലാമിക ശരിയത്തിനെ വിവാഹംത്തിനും, വിവാഹ മോചനത്തിനും മാത്രമായി ഉപയോഗിക്കുന്ന നീക്കം സമുദായത്തെ പുറകോട്ടടിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവാഹ കാര്യത്തില്‍ ശരിഅത്ത് പിന്തുടരാന് ബാധ്യസ്ഥരാണെന്ന് പറയുന്ന മതനേതാക്കള്‍ വിവാഹത്തിന്റെ പേരില്‍ നടക്കുന്ന പെണ്ണുകാണല്‍, വളയിടീല്‍, ഒത്തുചേരല്‍, അച്ചാരം, അടുക്കള കാണല്‍ തുടങ്ങിയ ആചാരങ്ങളും വിലപേശി നേടുന്ന സ്ത്രീധനവും, ആര്‍ഭാടങ്ങളും, ആഘോഷങ്ങളും തങ്ങന്മാരും, മതപണ്ഡിതരും സ്വീകരിക്കുന്ന കൈമടക്കുകളും പണക്കിഴികളും ശരിയത്തിന് വിധേയമാണോ എന്ന് വിശദീകരിക്കണം. വിവാഹപ്രായ വിവാദവും വിസ്മരിക്കപ്പെടുന്ന സാമൂഹിക വിഷയങ്ങളും സംബന്ധിച്ച് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന വ്യാപകമായി പ്രചരണം സംഘടിപ്പിക്കും. 9ന് തിരുവനന്തപുരത്ത് നടക്കുന്ന ടേബിള്‍ ടോക്ക് പി.സി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ-സാമൂഹ്യ, സാംസ്കാരിക-മത, മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. 10ന് കൊല്ലത്ത് സമാനചിന്താഗതിക്കാരുടെ കൂട്ടായ്മ സംഘടിപ്പിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മജീദ് കിളികൊല്ലൂര്‍, ദക്ഷിണ മേഖല കമ്മിറ്റി ചെയര്മാന് സിറാജുദ്ദീന് പെരിനാട്, കണ്‍വീനര്‍ എ.കെ ഉബൈസ് ആലപ്പുഴ, ജില്ലാ ഭാരവാഹികളായ ഹാഷീം ഷംസ് തടിക്കാട്, പനയം സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: