ന്യൂദല്‍ഹി: കുറ്റവാളികളായ ജനപ്രതിനിധികളെ ശിക്ഷയില്‍ നിന്നു രക്ഷിക്കാന്‍ ലക്ഷ്യമിട്ട ഓര്‍ഡിനന്‍സ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ തടിയൂരി. പക്ഷെ, ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരസ്യപ്രതികരണം യുപിഎയിലും കോണ്‍ഗ്രസിലും സൃഷ്ടിച്ച അസ്വാരസ്യങ്ങള്‍ നാള്‍ക്കുനാള്‍ രൂക്ഷമാകുമെന്നു സുവ്യക്തം. അതിന്റെ ആദ്യ പടിയെന്നോണം യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്മോഹന് സിങ്ങും തമ്മില്‍ ശീതസമരം ആരംഭിച്ചുകഴിഞ്ഞു.
രാഹുലിന്റെ വിമര്‍ശനത്തെ സംബന്ധിച്ച ചോദ്യത്തിന്, രാഷ്ട്രീയത്തില്‍ കയറ്റിറക്കങ്ങള്‍ ഏറെ കണ്ടയാളാണ് താനെന്നും അങ്ങനെ എളുപ്പമൊന്നും ഞെട്ടില്ലെന്നും മന്മോഹന് വിശദീകരിച്ചിരുന്നു. എന്നാല്‍ അതത്ര വിശ്വസനീയമല്ലെന്നാണ് ദല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രാഹുലിന്റെ വിവാദ പ്രസ്താവനയ്ക്കുശേഷം ഗാന്ധിജയന്തി ദിനത്തില്‍ രാജ്ഘട്ടിലാണ് മന്മോഹനും സോണയയും നേരില്‍ക്കണ്ടത്. ചടങ്ങിനിടെ ഇരുവരും തമ്മില്‍ അധികം ആശയവിനിമയമൊന്നും നടത്തിയിരുന്നില്ല. സൗഹാര്‍ദ്ദത്തില്‍ പതിവ് ഊഷ്മളതയും പ്രകടമായില്ല. മന്ത്രിസഭാ തീരുമാനത്തിനെതിരെ രാഹുല്‍ നടത്തിയ കടന്നാക്രമണം തന്നെ വ്യക്തിപരമായി ഉന്നംവച്ചുള്ളതാണെന്നു തന്നെ മന്മോഹന് വിശ്വസിക്കുന്നു. താന്‍ വിദേശത്തായിരുന്നപ്പോള്‍ വിവാദമുണ്ടാക്കിയതിലും അദ്ദേഹം ഖിന്നനാണ്. ഇക്കാര്യങ്ങള്‍ പറയാതെ പറയുകയായിരുന്ന രാജ്ഘട്ടില്‍ അകല്ച്ചപാലിച്ചതിലൂടെ മന്മോഹന് ചെയ്തത്.
രാഹുലിന്റ അപക്വമായ പ്രതികരണത്തില്‍ യുപിഎയിലെ കക്ഷികള്‍ പ്രതിഷേധിച്ചിരുന്നു. രാഹുല്‍ കോണ്‍ഗ്രസിന്റെമാത്രം നേതാവാണെന്നും സഖ്യത്തിന്റെയല്ലെന്നും അവര്‍ വ്യക്തമാക്കി.
ഒരു വ്യക്തിയുടെ വാക്കുകള്‍കേട്ട് മന്ത്രിസഭാ തീരുമാനം മാറ്റിമറിച്ചതില്‍ ഘടകക്ഷികളിലേറെയും ക്ഷുഭിതരാണ്. രാഹുലിന്റെ മനസിലിരുപ്പ് സോണിയയ്ക്ക് അറിയാമായിരുന്നെന്നും അവര്‍ അടക്കം പറയുന്നുണ്ട്.ദേശീയ രാഷ്ട്രീയത്തില്‍ നരേന്ദ്ര മോദിയുടെ കടന്നു വരവോടെ അങ്കലാപ്പിലായ രാഹുലിന് അഴിമതി വിരുദ്ധ പ്രതിച്ഛായ സൃഷ്ടിച്ച് പിടിച്ചു നില്‍ക്കാനുള്ള വേദിയൊരുക്കകയാണ് തന്ത്രപരമായ മൗനത്തിലൂടെ യുപിഎ അധ്യക്ഷ ചെയ്തെന്നും ഒരു വിഭാഗം കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: