മാഡ്രിഡ്: ചാമ്പ്യസ് ലീഗ് ഫുട്ബോളില്‍ കരുത്തന്മാര്ക്കെല്ലാം ഉജ്ജ്വല വിജയം. ഇന്നലെ നടന്ന മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക്, ഏറ്റവും കൂടുതല്‍ തവണ കിരീടത്തില്‍ മുത്തമിട്ട റയല്‍ മാഡ്രിഡ്, പിഎസ്ജി എന്നീ ടീമുകള്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയപ്പോള്‍ കരുത്തരായ മാഞ്ചസ്റ്റര്‍ ടീമുകളും ജുവന്റസും സമനിലയില്‍ കുരുങ്ങി. ബയേണ്‍, റയല്‍, പിഎസ്ജി എന്നീ ടീമുകളുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.
സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന എവേ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഗംഭീര വിജയം കരസ്ഥമാക്കിയത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗിലെ തന്റെ ഇരുപത്തിയഞ്ചാം ഗോള്‍ നേടിയ മത്സരത്തില്‍ റയല്‍ മാഡ്രിഡ് എഫ്സി കോപ്പന്‍ഹേഗനെ മടക്കമില്ലാത്ത നാല്ഗോളിനാണ് തകര്‍ത്തത്. സിഎസ്കെ മോസ്കോ ചെക്ക് ടീമായ പ്ലസെനെ രണ്ടിനെതിരെ മൂന്ന് ഗോളിനും ബയേര്‍ ലെവര്ക്യുസന് റയല്‍ സോസിഡാഡിനെ ഒന്നിനെതിരെ രണ്ടു ഗോളിനും പിഎസ്ജി ബെനിഫിക്കയെ മടക്കമില്ലാത്ത മൂന്ന് ഗോളിനും ഒളിമ്പിയാക്കോസ് ബെല്‍ജിയം ക്ലബായ ആന്‍ഡെര്‍ലെക്റ്റിനെ മടക്കമില്ലാത്ത മൂന്ന് ഗോളിനും തോല്പിച്ചു. ഗലറ്റ്സരെ- ജുവന്റസ് പോരാട്ടം 2-2നും ഷക്തര്‍-യുണൈറ്റഡ്പോരാട്ടം 1-1നും സമനിലയില്‍ കലാശിച്ചു.
സമ്പൂര്‍ണ്ണ ആധിപത്യവുമായി ബയേണ്‍
ഗ്രൂപ്പ് ഡിയില്‍ സിറ്റിക്കെതിരായ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണിന്റെ സമ്പൂര്‍ണ്ണാധിപത്യമായിരുന്നു ഇത്തിഹാദ് സ്റ്റേഡിയത്തില്‍ കണ്ടത്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ബയേണ്‍ ആദ്യ വെടിപൊട്ടിച്ചു. ബോക്സിന് പുറത്തുനിന്ന് ഫ്രാങ്ക് റിബറി ഉതിര്‍ത്ത ബുള്ളറ്റ് ഷോട്ട് സിറ്റി ഗോളി ജോ ഹാര്‍ട്ടിനെ മറികടന്ന് വലയില്‍ തറച്ചുകയറി. തുടര്‍ന്ന് ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ ബയേണിനോ സമനില നേടാന്‍ സിറ്റിക്കോ കഴിഞ്ഞില്ല.
പിന്നീട് 56-ാം മിനിറ്റിലാണ് ബയേണ്‍ ലീഡ് ഉയര്‍ത്തിയത്. തോമസ് മുള്ളറാണ് ഇത്തവണ സിറ്റി വല കുലുക്കിയത്. മൂന്നുമിനിറ്റിനുശേഷം അര്ജന് റോബനും ഗോള്‍ നേടിയതോടെ ബയേണ്‍ 3-0ന് മുന്നിലായി. 79-ാം മിനിറ്റില്‍ സ്പാനിഷ് താരം അല്‍വെരോ നെഗ്രഡോയാണ് സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്. 86-ാം മിനിറ്റില്‍ ബോട്ടെംഗ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം ബയേണ്‍ 10 പേരുമായാണ് കളിച്ചത്. ആദ്യ മത്സരത്തില്‍ ബയേണ്‍ സിഎസ്കെ മോസ്കോയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ബയേണ്‍ മ്യൂണിക്കാണ് മുന്നില്‍. ഒരു ജയം സ്വന്തമാക്കിയ സിറ്റിയാണ് മൂന്ന് പോയിന്റോടെ രണ്ടാം സ്ഥാനത്ത്. വിക്ടോറിയ പ്ലസനെ തോല്പിച്ച സിഎസ്കെ മോസ്കോ മൂന്നാം സ്ഥാനത്താണ്.
റയല്‍ മാഡ്രിഡ്- എഫ്സി കോപ്പന്‍ഹേഗന്‍
ഗ്രൂപ്പ് ബിയില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് എഫ്സി കോപ്പന്‍ഹേഗനെ സ്വന്തം മൈതാനത്ത് തകര്‍ത്തത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പ്ലേ മേക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയയും രണ്ട് ഗോളുകള്‍ വീതം നേടി. 21, 65 മിനിറ്റുകളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിറയൊഴിച്ചപ്പോള്‍ 71-ാം മിനിറ്റിലും ഇഞ്ച്വറി സമയത്തുമാണ് ഏയ്ഞ്ചല്‍ ഡി മരിയ ഗോള്‍ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സീരി എ കരുത്തരായ ജുവന്റസിനെ തുര്‍ക്കി ടീമായ ഗലറ്റ്സരെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ചു. ആദ്യ പകുതിയില്‍ വെറ്ററന്‍ സ്ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബ നേടിയ ഒരു ഗോളിന് ഗലറ്റ്സരെ മുന്നിലായിരുന്നു. പിന്നീട് 78-ാം മിനിറ്റില്‍ വിദാല്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജുവന്റസിന് സമനില നേടിക്കൊടുത്തു. 87-ാം മിനിറ്റില്‍ ക്വാഗ്ലിയാറെല്ല ജുവന്റസിനെ മുന്നിലെത്തിച്ചെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ ഉമുത് ബുലുട്ടിലൂടെ ഗലറ്റ്സരെ സമനില സ്വന്തമാക്കി. രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ റയല്‍ മാഡ്രിഡാണ് ആറുപോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്ത്. രണ്ട് സമനിലയില്‍ നിന്ന് രണ്ട് പോയിന്റുമായി ജുവന്റസ് രണ്ടാം സ്ഥാനത്താണ്.
യുണൈറ്റഡിന് രക്ഷയില്ല
ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ പ്രീമിയര്‍ ലീഗിലെ ദയനീയ പ്രകടനമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തെടുത്തത്. എവെ മത്സരത്തില്‍ ഉക്രെയിന് ടീമായ ഷക്തറിനോടാണ് യുണൈറ്റഡ് സമനിലയില്‍ കുരുങ്ങിയത്. സൂപ്പര്‍താരം വെയ്ന്‍ റൂണി പരിക്കുകാരണം പുറത്തിരുന്ന മത്സരത്തില്‍ സ്ട്രൈക്കര്‍മാരുടെ പിഴവാണ് യുണൈറ്റഡിന് വിജയം നിഷേധിച്ചത്. മത്സരത്തിന്റെ 18-ാം മിനിറ്റില്‍ ഡാനി വെല്‍ബാക്കിലൂടെ മാഞ്ചസ്റ്ററാണ് ആദ്യംലീഡ് നേടിയത്. എന്നാല്‍ 76-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ടെയ്സണ്‍ ഷക്തറിന്റെ സമനില ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ബയേര്‍ ലെവര്ക്യൂസന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹോം മത്സരത്തില്‍ റയല്‍ സോസിഡാഡിനെ പരാജയപ്പെടുത്തി. ഇഞ്ച്വറി സമയത്ത് ഹെഗ്ലര്‍ നേടിയ ഗോളാണ് ലെവര്ക്യുസന് വിജയം സമ്മാനിച്ചത്. ആദ്യപകുതിയുടെ ഇഞ്ച്വറി സമയത്ത് റോള്ഫെസിലൂടെ ലെവര്ക്യുസന് മുന്നിലെത്തിയെങ്കിലും 52-ാം മിനിറ്റില്‍ കാര്‍ലോസ് വേല സോസിഡാഡിന് സമനില നേടിക്കൊടുത്തു. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി യുണൈറ്റഡും ഷക്തറുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
ഇബ്രാഹിമോവിച്ച് മികവില്‍ പിഎസ്ജി
ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍താരം സ്ലാട്ടന് ഇബ്രാഹിമോവിച്ച് നേടിയ ഇരട്ട ഗോളുകളുടെ കരുത്തിലാണ് പിഎസ്ജി ബെനഫിക്കയെ തകര്‍ത്തുവിട്ടത്. 5, 30 മിനിറ്റുകളിലാണ് ഇബ്ര ഗോളുകള്‍ നേടിയത്. 25-ാം മിനിറ്റില്‍ മാര്ക്വിഞ്ഞോയാണ് മറ്റൊരു ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ഒളിമ്പിയാക്കോസും 3-0ന് ആന്‍ഡര്‍ലെക്റ്റിനെ കീഴടക്കി ഉജ്ജ്വല വിജയം കരസ്ഥമാക്കി. കോണ്‍സ്റ്റാന്റിനോസ് മിട്രോഗ്ലൗവിന്റെ ഹാട്രിക്കാണ് ഒളിമ്പിയാക്കോസിന് വിജയം സമ്മാനിച്ചത്. രണ്ട് മത്സരങ്ങളും വിജയിച്ച് ആറ് പോയിന്റുമായി പിഎസ്ജി ഒന്നാമതും മൂന്ന് പോയിന്റ് വീതമുള്ള ഒളിമ്പിയാക്കോസും ബെനഫിക്കയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: