ഒഡീഷ: വിശ്വഹിന്ദു പരിഷത് നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊലക്കേസില്‍ എട്ട് പേരെ ഒഡീഷ ജില്ലാകോടതി ജീവപര്യന്തം കഠിനതടവിന് വിധിച്ചു. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാള്‍ മാവോയിസ്റ്റ് നേതാവാണ്.
പ്രതികള്‍ക്ക് പതിനായിരം രൂപ വീതം പിഴയിട്ടിട്ടുമുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഇവര്‍ പതിനെട്ട് മാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടിവരുമെന്ന് ശിക്ഷാവിധിയില്‍ പറഞ്ഞു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ കൂടാതെ നിയവിരുദ്ധമായി സംഘംചേരല്‍, മാരകായുധങ്ങളുമായി കലാപത്തിന് നേതൃത്വം നല്കല് തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ബേദേഗാന് വില്ലേജിലെ ദുര്യാധന്‍ സോനാമജി, ദുരംഗിപാടി ഗ്രാമത്തിലെ മുണ്ഡ ബദാമാജ്, തലമദ്ഗുഡയിലെ ബിജെയ് കുമാര്‍ സണ്സേത്, കിലാംഗയില് നിന്നുള്ള ബുദ്ധദേവ് നായിക്ക്, കാദിഗുഡയിലെ ഭാസ്ക്കര്‍ സുനാമജി, ലംബാബാദി ഗ്രാമത്തിലെ സനാതന ബദാമാജി, സോര്ത്തുലില് നിന്നുള്ള ഗരാനാഥ് ചലന് സേത്ത് എന്നിവരെയാണ് ശിക്ഷിച്ചത്. വിധി ബിജെപി സ്വാഗതം ചെയ്തു.
ആയുധ നിയമപ്രകാരമുള്ള കേസും ഇവര്‍ക്കുമേല്‍ ചുമത്തി. കൊലപാതകം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. 2008 ആഗസ്റ്റ് 23ന് ജലേസ്പേട്ടയിലെ തന്റെ ആശ്രമത്തില്‍ ജന്മാഷ്ടമി ആഘോഷിക്കുന്നതിനിടയിലാണ് ലക്ഷ്മണാനന്ദ സരസ്വതി ക്രൂരമായി കൊല്ലപ്പെടുന്നത്. മാത ഭക്തമയി, കൃതാനന്ദ ബാബ, കിഷോര്‍ ബാബ, പുരഞ്ജന ഗുന്ദ എന്നീ ശിഷ്യന്മാരും അന്ന് കൊല്ലപ്പെട്ടിരുന്നു.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നതായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണവേളയില്‍ 32 സാക്ഷികളെ വിസ്തരിച്ചു. മൊത്തം പതിനാല് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ മാവോവാദി നേതാക്കളായ സബ്യസാചി പാണ്ട, ദാസന ലാലു, ലഖു, ആസാദ് എന്നീ അഞ്ചു പേര് ഇപ്പോഴും ഒളിവിലാണ്. സോംനാഥ് ദന്തസേന എന്നയാളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: