കൊച്ചി: പത്രപ്രവര്‍ത്തകനും മാധ്യമ പരിശീലകനുമായ രാജു റാഫേല്‍ കേരള പ്രസ് അക്കാദമിയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി ചുമതലയേറ്റു. പത്രപ്രവര്‍ത്തനത്തിലും മാധ്യമ പരിശീലനത്തിലും രണ്ട് പതിറ്റാണ്ടിലേറെ കാലത്തെ പ്രവര്‍ത്തന പരിചയമുണ്ട് രാജു റാഫേലിന്. ലണ്ടനിലെ റോയിട്ടറിന്റെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ടെലിവിഷന്‍ പത്രപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയ ശേഷം ഹോളണ്ടിലെ റേഡിയോ നെതര്‍ലാന്റ്സിന്റെ പരിശീലന കേന്ദ്രത്തില്‍ മാധ്യമ പരിശീലകനാവാനുള്ള പരിശീലനവും പൂര്‍ത്തിയാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ഥാപക പത്രാധിപ സമിതി അംഗമായിരുന്നു.
16 വര്‍ഷത്തെ സേവനത്തിന് ശേഷം സീനിയര്‍ ന്യൂസ് എഡിറ്ററായിരിക്കെ ഏഷ്യനെറ്റില്‍ നിന്നും സ്വയം വിരമിച്ചു. പിന്നീട് കലാകൗമുദിയില്‍ റീജിയണല്‍ എഡിറ്ററായും സേവനമനുഷ്ഠിച്ചു. 2000-ല്‍ ടെലിവിഷന്‍ പത്രപ്രവര്‍ത്തനത്തിനുള്ള ഫെല്ലോഷിപ്പ് നേടി. 2010-ല്‍ പത്രപ്രവര്‍ത്തന മികവിന് നെതര്‍ലാന്‍ഡ് സര്‍ക്കാരിന്റെ ദേശീയ ഫെല്ലോഷിപ്പും നേടി. ഏഷ്യാനെറ്റില്‍ ചേരുന്നതിന് മുന്‍പ് മാതൃഭൂമിയിലും ഇന്ത്യന്‍ കമ്മ്യൂണിക്കേറ്ററിലും പ്രവര്‍ത്തിച്ചു. തൃശൂര്‍ അഞ്ചേരി സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: