വിശാഖപട്ടണം: അണ്ടര്‍ 19 ചതുര്‍രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ഇന്നലെ നടന്ന പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യന്‍ യുവനിരയെ കീഴടക്കിയത്. 10 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ നിര 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ യുവനിരക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് വേണ്ടി വിജയ്സോള് സെഞ്ച്വറി നേടിയെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. 40 ഓവറില്‍ നാലിന് 200 എന്ന ശക്തമായ നിലയില്‍ നിന്നിട്ടുപോലും ഇന്ത്യന്‍ യുവനിരക്ക് മുട്ടുമടക്കേണ്ടിവന്നു. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ നാല് വിജയങ്ങള്‍ക്കുശേഷമാണ് ഇന്ത്യന്‍ യുവനിര ആദ്യ പരാജയം ഏറ്റുവാങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ യുവനിരയില്‍ 65 റണ്‍സെടുത്ത ഫോര്ട്വയിനാണ് ടോപ് സ്കോറര്‍. യാസിന് വാലി 64 റണ്‍സും ഗ്രെഗ് ഓള്‍ഫീല്‍ഡ് 35 റണ്‍സുമെടുത്തു. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഫോര്ട്വയിനും ഐഡന്‍ മാര്‍ക്റാമും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 83 റണ്‍സെടുത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 25 റണ്‍സെടുത്ത ഐഡന്‍ ഗാനിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നീടെത്തിയ ജാസണ്‍ സ്മിത്ത് 14 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ബ്രാഡ്ലി ഡയല് 18 റണ്‍സെടുത്തും പുറത്തായതോടെ ദക്ഷിണാഫ്രിക്ക നാലിന് 144 എന്ന നിലയിലായി. പിന്നീട് വാലിലും ഓള്‍ഡ്ഫീല്‍ഡും ചേര്‍ന്ന് സ്കോര്‍ 228-ല്‍ എത്തിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പിഴച്ചു. സ്കോര്‍ 9 റണ്‍സിലെത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതെ ഹെര്‍വാഡ്കര്‍ മടങ്ങി. പിന്നീട് ഖജുരിയയും വിജയ് സോളും ചേര്‍ന്ന് സ്കോര്‍ 76-ല്‍ എത്തിച്ചു. 36 റണ്‍സെടുത്ത ഖജുരിയയെ യാസിന് പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് തകര്‍ന്നു. തുടര്‍ന്ന് സ്കോര്‍ 129-ല്‍ എത്തിയപ്പോള്‍ 25 റണ്‍സെടുത്ത ശ്രേയസ്സ് അയ്യരും 196-ല്‍ എത്തിയപ്പോള്‍ 32 റണ്‍സെടുത്ത ബുയിയും മടങ്ങി. സ്കോര്‍ 215-ല്‍ ത്തിയപ്പോള്‍ 103 റണ്‍സെടുത്ത വിജയ് സോളും മടങ്ങിയതോടെ ഇന്ത്യയുടെ തകര്‍ച്ച പൂര്‍ണമായി. പിന്നീടെത്തിയവര്‍ക്കൊന്നും മികച്ച സ്കോര്‍ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ഇന്ത്യക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി രബദാ മൂന്നും ജസ്റ്റിന് ദില്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ടീം സിംബാബ്വെയെ എട്ട് വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 45 ഓവറില്‍ 184 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയന്‍ യുവനിര 32.1 ഓവറില്‍ രരണ്ട് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി. പുറത്താകാതെ 110 റണ്‍സ് നേടിയ ജാരോണ് മോര്‍ഗനാണ് ഓസ്ട്രേലിയയുടെ വിജയശില്പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: