വാഷിംഗ്ടണ്‍: അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ബജറ്റ് പാസാക്കാനായില്ല. തുടര്‍ന്ന് സാമ്പത്തിക നിയന്ത്രണ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണെന്ന് പ്രസിഡന്റ് ബരാക് ഒബാമ സെനറ്റിനെ അറിയിച്ചു.
ഒബാമയുടെ സ്വപ്ന പദ്ധതിയായ സമഗ്ര ആരോഗ്യ രക്ഷാ പദ്ധതിയില്‍ തട്ടിയാണ് ബജറ്റ് പാസാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത്. സര്‍ക്കാരിന്റെ പദ്ധതികളില്‍ പണം കണ്ടെത്താനുള്ള പദ്ധതികളില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയില്ല. ആരോഗ്യരക്ഷാ രംഗത്തെ സമഗ്ര നവീകരണത്തിന് അടുത്ത പത്ത് വര്‍ഷത്തേയ്ക്ക് മൂവായിരം കോടി ഡോളര്‍ വകയിരുത്തുന്ന ഒബാമ കെയര്‍ പദ്ധതിയെ വൈകിപ്പിക്കുന്നതിനെ അനുകൂലിച്ച് ജനപ്രതിനിധി സഭ കഴിഞ്ഞ ദിവസം വോട്ട് ചെയ്തിരുന്നു.
ആരോഗ്യ പദ്ധതി നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കുകയോ റദ്ദാക്കുകയോ ചെയ്താല്‍ ബജറ്റിനെ പിന്തുണയ്ക്കാമെന്നാണ് റിപ്പബ്ലിക്കന്‍ പക്ഷത്തിന് ഭൂരിപക്ഷമുള്ള അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ നിലപാട്. നിയമം ഇന്നു മുതല്‍ നടപ്പിലാകേണ്ട സാഹചര്യത്തിലാണ് സാമ്പത്തിക അടിയന്തരാവസ്ഥ നിലവില്‍ വന്നത്. സാമ്പത്തിക സ്ഥാപാങ്ങള് പലതും ഭാഗികമായി അടച്ചിടുന്നതോടെ എട്ട് ലക്ഷത്തോളം ജീവനക്കാര്‍ക്ക് ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കേണ്ടിവരും. പൊതുചെലവുകള്‍ വെട്ടിച്ചുരുക്കുകയും ക്ഷേമപദ്ധതികള്‍ മിക്കതും നിശ്ചലമാവുകയും ചെയ്യും. 1996ന് ശേഷം ഇത് ആദ്യമായാണ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്ക നേരിടുന്ന സാമ്പത്തിക അടിയന്തരാവസ്ഥാ ഭീഷണി പൂര്‍ണമായും ഒഴിവാക്കാനാകുമെന്ന് ഒബാമ പ്രതീക്ഷ പ്രകടിപ്പിച്ചു. ആരോഗ്യ പദ്ധതി വൈകിപ്പിക്കുന്ന റിപ്പബ്ലിക്കന്‍ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. യുഎസ് കോണ്‍ഗ്രസ് നിലപാടിനെ വീറ്റോ ചെയ്യാന്‍ പ്രസിഡന്റിന് അധികാരമുണ്ട്. അതേസമയം സാമ്പത്തിക അടിയന്തരാവസ്ഥ അമേരിക്കയില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കും ഇടയാക്കും.
17 വര്‍ഷത്തിനിടെ ഇതാദ്യമായാണ് അമേരിക്ക ഇത്തരമൊരു അവസ്ഥ നേരിടുന്നത്. 1995 ന്റെ അന്ത്യം മുതല്‍ 96ന്റെ ആദ്യം വരെയാണ് അമേരിക്കയില്‍ അവസാനമായി സാമ്പത്തിക അടിയന്തരാവസ്ഥയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: