തിരുവനന്തപുരം : ഉമ്മന്‍ചാണ്ടി സുതാര്യകേരളത്തെ ദുരൂഹ കേരളമാക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയും സുതാര്യതയില്ലാത്ത മുഖ്യമന്ത്രി ഭരിച്ച ഒരു സംസ്ഥാനവും ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫുമായി ബന്ധമില്ലാത്ത ഒരു തട്ടിപ്പുപോലും കേരളത്തില്‍ നടക്കുന്നില്ല. എല്ലാ തട്ടിപ്പുകള്‍ക്കുപിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒന്നാം നമ്പര്‍ തട്ടിപ്പുകാരനാണ്.
സോളാര്‍ തട്ടിപ്പ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി നടത്തിയ തട്ടിപ്പാണ്. അദ്ദേഹത്തിന്റെ മക്കളും മരുമക്കളുമെല്ലാം തട്ടിപ്പില്‍ പങ്കാളികളാണ്. ഇത് ആദ്യം വിളിച്ചുപറഞ്ഞത് ബിജെപിയാണ്. ജനങ്ങള്ക്കിപ്പോളത് വ്യക്തമായിട്ടുണ്ട്. ഇത്രയും തട്ടിപ്പ് നടത്തിയിട്ടും അതില്‍ ഒരു പങ്കുമില്ലെന്ന് നടിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ചര്‍മ്മം അദ്ദേഹത്തിന്റെ കാലശേഷം മെഡിക്കല്‍കോളേജിന് ഗവേഷണത്തിനായി സംഭാവന ചെയ്യണം, സുരേന്ദ്രന് പറഞ്ഞു.
രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ദല്ലാളുന്മാരുടെ ഏജന്റുമാരായി മുഖ്യമന്ത്രിയും തിരുവഞ്ചൂരും പ്രവര്‍ത്തിക്കുകയാണ്. തിരുവഞ്ചൂരും നന്ദകുമാറും തമ്മിലുള്ള ബന്ധം പകല്‍പോലെ വ്യക്തമാണ്. ടി.പി. ചന്ദ്രശേഖരന് വധക്കേസ് അട്ടിമറിക്കാന്‍ ധാരണ ഉണ്ടാക്കിയത് സിപിഎമ്മിന്റെ സെക്രട്ടേറിയറ്റ് ഉപരോധസമരത്തിലാണ്. ഇന്ന് കേരളത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും തമ്മില്‍ അഡ്ജസ്റ്റ്മെന്റ് സമരങ്ങളാണ് നടത്തുന്നത്. വിഎസിനെതിരായ ഡാറ്റാസെന്റര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. സ്വര്‍ണകടത്ത് കേസിലെ പ്രതി ഫയാസ് ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികളായ സിപിഎം നേതാക്കളായ പി. മോഹനനെയും കിര്‍മ്മാണി മനോജിനെയും കൊടി സുനിയെയും കണ്ടതിന്റെ ദൃശ്യങ്ങള്‍ കോഴിക്കോട് ജയില്‍ സൂപ്രണ്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. മാര്കിസ്റ്റുപാര്ട്ടിയെ പ്രതികൂട്ടിലാക്കാന്‍ കഴിയുന്ന ഈ സുപ്രധാനരേഖകളും ദൃശ്യങ്ങളും പുറത്തുവരാന്‍ പാടില്ലെന്നാണ് തിരുവഞ്ചൂരിന്റെ നിര്‍ദ്ദേശം. ഇത്തരത്തില്‍ നിയമവാഴ്ചയെ അട്ടിമറിച്ച് സമരങ്ങളില്‍ ധാരണയുണ്ടാക്കി മുന്നോട്ടുപോവുകയാണ് ഇടതുപക്ഷവും വലതുപക്ഷവും കെ. സുരേന്ദ്രന് പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്കനുകൂലമാണ്.
പത്ത് വര്‍ഷക്കാലം യുപിഎ കളിച്ച രാഷ്ട്രീയ നാടകങ്ങള്‍ ഇനി ജനങ്ങളുടെ മുന്നില്‍ വിലപോവില്ല. ക്രിമിനലുകളായ ജനപ്രതിനിധികളെ ഒഴിവാക്കണമെന്ന കോടതിവിധിക്കെതിരെ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനനന്‍സ് തള്ളിപറഞ്ഞ രാഹുല്‍ഗാന്ധിയുടെ നിലപാട് ശുദ്ധ രാഷ്ട്രീയ നാടകമാണ്. രാഹുല്‍ഗാന്ധിക്കു എതിര്‍പ്പുണ്ടായിരുന്നുവെങ്കില്‍ നേരത്തേ വിയോജിപ്പ് രേഖപ്പെടുത്താമായിരുന്നു. അഴിമതി കുംഭകോണങ്ങള്‍ നടത്തുന്ന സര്‍ക്കാരിന് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള പാകിസ്ഥാന്റെ നിലപാടിനെതിരെ ശബ്ദമുയര്‍ത്താനുള്ള ആര്ജ്ജവംപോലും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: