കൊച്ചി: അഖില കേരള തന്ത്രിസമാജം സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് മുതല്‍ നാലുവരെ എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടത്തുന്ന സാവിത്രീവ്രതയജ്ഞത്തിന്റെ ഭാഗമായി ജ്യോതിഷ്കരണ കര്‍മ്മം നടന്നു. യജ്ഞത്തിന് ഇന്ന് തുടക്കമാകും.
യജ്ഞങ്ങളുടെ മുന്നോടിയായി നടത്തുന്ന ഹോമമാണ് ‘കുശ്മാണ്ഡി’. ഇതാണ് സാവിത്രീവ്രതമെന്ന പേരില്‍ അറിയപ്പെടുന്നത്. ശാരീരികമായ അനുഷ്ഠാനത്തിലൂടെ മനസ്സിനെ നിയന്ത്രിച്ച് ഈശ്വരോന്മുഖമാക്കുക എന്നതാണ് സങ്കല്‍പ്പം. വൈദിക കര്‍മ്മങ്ങളില്‍ വിശ്വാസമുണ്ടാക്കുക എന്നതാണ് സങ്കല്പ്പത്തിനര്ത്ഥം.
യജ്ഞത്തില്‍ എല്ലാ ദേവതകള്‍ക്കും അഗ്നിയില്‍ ഹവനം ചെയ്യുന്നു. അഗ്നിഭഗവാന് ഹവിസ്സ് എല്ലാ ദേവന്മാര്ക്കും നല്‍കുന്നതോടെ ദേവന്മാര് പ്രസാദിച്ച് അനുഗ്രഹിക്കുന്നു. അഗ്നിയാണ് മനുഷ്യന്റെയും ദേവന്മാരുടെയും മധ്യത്തില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നത്. അഗ്നി ശുദ്ധീകരണത്തിന്റെ ദേവതയാണ്. സൂര്യചന്ദ്രന്മാര്ക്ക് ലഭിക്കുന്ന തേജസ് അഗ്നിയില്‍ നിന്നാണ്. ഈ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍ അഗ്നിയെ പ്രസാദിപ്പിക്കുന്നതിനായിരുന്നു ജ്യോതിഷ്കരണ കര്‍മം.
സാവിത്രീവ്രതയജ്ഞവേദിയില് പ്രത്യേകം തയ്യാറാക്കിവെച്ച കല്‍വിളക്കില്‍ ദീപം ജ്വലിപ്പിച്ച് ചേന്നാസ്ഗിരീശന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. പുലിയന്നൂര്‍ നാരായണന് നമ്പൂതിരിപ്പാട്, ചേന്നാസ് മുരളിനാരായണന് നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ പ്രശാന്ത് നാരായണന് നമ്പൂതിരിപ്പാട് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ചടങ്ങില്‍ കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, എ.ആര്.എസ്.വാധ്യാര്, എന്‍.ഗോവിന്ദകമ്മത്ത്, പി.രാമചന്ദ്രന് (വേണു) തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ന് രാവിലെ 6ന് പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ കുണ്ഡശുദ്ധി വരുത്തി മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് ആരംഭം കുറിക്കും. യജ്ഞത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 5ന് ആദിശങ്കര നഗറില്‍ (എറണാകുളത്തപ്പന് ഗ്രൗണ്ട്) തെക്കേമഠം മൂപ്പില്‍ സ്വാമിയാര് ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂമി സ്വാമികള്‍ ദീപപ്രോജ്വലനം നടത്തി നിര്‍വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
വി.എസ്.അച്യുതാനന്ദന് വിശിഷ്ടാതിഥിയായി ചടങ്ങില്‍ സംബന്ധിക്കും. തന്ത്രി സമാജം അധ്യക്ഷന്‍ വേഴപ്പറമ്പ് കൃഷ്ണന് നമ്പൂതിരിപ്പാട്, അക്കീരമണന് കാളിദാസ ഭട്ടതിരിപ്പാട്, എന്‍.വേണുഗോപാല്‍, ജിസ്റ്റിസ് ആര്.ഭാസ്ക്കരന്‍, പി.ഇ.ബി.മേനോന്, എം.പി.ഭാസ്ക്കരന്‍ നായര്‍, പ്രൊഫ. എം.മാധവന്‍കുട്ടി, ടി.ജി.എന്‍.കുമാര്‍, സുന്ദര്‍ മേനോന്, കെ.എ.ചന്ദ്രന്, പാമ്പുമേയ്ക്കാട്ട് ജാതവേദന്‍ നമ്പൂതിരി, മേമന വാസുദേവന്‍ ഭട്ടതിരിപ്പാട്, പി.രാമചന്ദ്രന് (വേണു) എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഇന്നലെ വൈകിട്ടോടെ യജ്ഞവേദി ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി തുറന്നുകൊടുത്തു. രണ്ട് മുതല്‍ സാവിത്രീവ്രതയജ്ഞത്തില് പങ്കെടുക്കുന്ന ഭക്തജനങ്ങള്‍ക്ക് സൗജന്യമായി വൈദീക ഭക്ഷണം പ്രസാദമായി എറണാകുളത്തപ്പന് ഊട്ടുപുരയില്‍ ലഭിക്കും. പാലിയന്നൂര് ദിലീപന് നമ്പൂതിരിപ്പാട്, സുബ്ബറാവു, ടി.നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭോജനശാലയില്‍ പ്രസാദമൂട്ട് തയ്യാറാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: