അഞ്ചല്‍: കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പ്രഖ്യാപിക്കപ്പെട്ട സര്‍ക്കാര്‍ പദ്ധതികളെല്ലാം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്കിടയില്‍ അട്ടിമറിക്കപ്പെടുന്നു. ഭരണത്തിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസിന്റെ മത-വര്‍ഗീയ കക്ഷികളോടുള്ള കീഴടങ്ങല്‍ നയത്തിന്റെ ഫലമായാണ് സര്‍ക്കാര്‍ പദ്ധതികള്‍ ജില്ലയ്ക്ക് നഷ്ടമാകുന്നത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ദേശീയ സര്‍വകലാശാല ജില്ലയ്ക്ക് നഷ്ടമായപ്പോള്‍ മതവോട്ടുബാങ്കിനെ പേടിച്ച് ചെറു വിരലനക്കാതിരുന്ന പുനലൂര്‍ എംഎല്‍എയുടെ നടപടി പദ്ധതികള്‍ നഷ്ടപ്പെടാന്‍ കാരണമായി.
മുന്‍വിദ്യാഭ്യാസമന്ത്രി തന്റെ ജില്ലയില്‍ തന്നെ ഇംഗ്ലീഷ് ആന്റ് ഫോറിന് ലാംഗ്വേജ് യൂണിവേഴ്സിറ്റി സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ജില്ലയുടെ കിഴക്കന്‍ പഞ്ചായത്തായ കുളത്തൂപ്പുഴയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള അറുപത്തി അഞ്ചേക്കര്‍ ഭൂമി വിട്ടുകൊടുക്കാനും തീരുമാനിച്ചിരുന്നു. പ്രാരംഭ നടപടികള്‍ക്കായി ഫണ്ടനവദിക്കുകയും ചെയ്തതിനുശേഷമാണ് പുതിയ സര്‍ക്കാര്‍ വന്നത്.
എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ വന്നതിനുശേഷം മുസ്ലീംലീഗ് ഇഫ്ലു എന്നറിയപ്പെടുന്ന ദേശീയ സര്‍വകലാശാലാകേന്ദ്രം മലപ്പുറം പാണക്കാട്ടേക്ക് പറിച്ചു മാറ്റുകയാണുണ്ടായത്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജാപ്പനീസ്, റഷ്യന്‍ തുടങ്ങിയ വിവിധ വിദേശ ഭാഷകളില്‍ ബിഎ, എംഎ, ബിഎസ്, എംഎസ്, എംഫില്‍, പിഎച്ച്ഡി തുടങ്ങിയ ക്ലാസുകളാണ് ഇവിടെ ഉദ്ദേശിച്ചിരുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി എത്തുകയും പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് കാരണമാവുകയും ചെയ്യുമായിരുന്ന പദ്ധതിയാണ് ഇടതുവലതു നേതൃത്വത്തെ നിഷ്പ്രഭരാക്കി ലീഗ് മലപ്പുറത്തേക്ക് കടത്തിയത്. ഈ അന്തര്‍ദേശിയ സര്‍വകലാശാലയ്ക്ക് പിറകെയാണ് കോട്ടുക്കലില്‍ ആരംഭിക്കാനിരുന്ന വനിതാ സ്പോര്‍ട്സ് അക്കാദമിയും പരസ്യപ്പലകയില്‍ ഒതുങ്ങുന്നത്. പത്ത് വര്‍ഷത്തിനു മുമ്പേ പ്രഖ്യാപിച്ച ഏഷ്യയിലെ ആദ്യത്തെ വനിതാ സ്പോര്‍ട്സ് അക്കാദമിയ്ക്ക് തറക്കല്ലിട്ടത് 2010ലാണ്.
പൊന്നുവിളഞ്ഞിരുന്ന കോട്ടുക്കല്‍ കൃഷിഫാമിന്റെ മുപ്പത് ഏക്കര്‍ കൃഷിസ്ഥലം ഏറ്റെടുത്ത് ഇരുമ്പ് ബോര്‍ഡ് വച്ചത് കേരളത്തിന്റെ സ്പോര്‍ട്സ് പ്രതീക്ഷയോടൊപ്പം തുരുമ്പ് കയറി നശിക്കുകയാണ്. ഇഴജന്തുക്കളുടെ വിഹാരഭൂമിയായി കാടുകയറി നശിക്കുന്നത് കൃഷിഫാമിന് തിരികെ നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
തെക്കേ ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലെ വനിതാകായിക താരങ്ങളുടെ വളര്‍ച്ചയ്ക്കായാണ് ഇട്ടിവാ ഗ്രാമപഞ്ചായത്തില്‍ കൃഷിഭൂമി ഏറ്റെടുത്ത് അക്കാദമി പണിയാന്‍ കായിക യുവജനവകുപ്പ് തീരുമാനിച്ചത്. എന്നാല്‍ അതിവേഗം ബഹുദൂരം ഓടുന്ന കേരളാ സര്‍ക്കാര്‍ വാദം ഇന്ന് മുസ്ലീംലീഗിന്റെ മുന്നില്‍ പഞ്ചപുച്ഛമടക്കി നിന്ന് വികസന പദ്ധതികള്‍ ഓരോന്നും ജില്ലയ്ക്ക് നിഷേധിക്കുകയാണ്.
ആയിരങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടിയപ്പോള്‍ ശാശ്വതമായ ജലവിതരണശ്രമങ്ങള് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആരംഭിച്ചില്ല. ജപ്പാന് കുടിവെള്ള പദ്ധതിയില്‍ നിന്നും കിഴക്കന്‍ മേഖലയെ ഭാഗികമായി ഒഴിവാക്കിയതിനു പുറമേ ജപ്പാന് കുടിവെള്ള പദ്ധതി കമ്മീഷന് ചെയ്യുവാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. കല്ലട, ഇത്തിക്കരയാറുകള്‍ സംരക്ഷണ ഭിത്തികെട്ടി സംരക്ഷിക്കുകയും ചെയ്യണമെന്ന മുറവിളിക്ക് അധികൃതര്‍ പുറം തിരിഞ്ഞു നില്‍ക്കുകയാണ്. മടത്തറ-കുളത്തൂപ്പുഴ-തെന്മല വഴി കടന്നുപോകുന്ന അന്തര്‍ സംസ്ഥാന പാത ദേശീയ പാതാനിലവാരത്തില് പണികഴിപ്പിച്ച് ഹില്‍ഹൈവേ ആക്കുമെന്ന പ്രഖ്യാപനവും പതിവ് പോലെ കടലാസിലൊതുങ്ങി. തമിഴ്നാട് വഴിയുള്ള ചരക്ക് നീക്കത്തിന് പുതിയ പാതയെന്നതും സ്വപ്നമായി നില്ക്കുന്നു.
കുളത്തൂപ്പുഴ ധര്‍മ്മ ശാസ്താക്ഷേത്രത്തിന് മുന്നിലുള്ള കടവില്‍ ബണ്ട് നിര്‍മ്മിക്കുന്നതിനും സ്നാനഘട്ടം നിര്‍മ്മിക്കുന്നതിനും നിരവധി തവണ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.
കിഴക്കന്‍ മേഖലയുടെ വികസന കുതിപ്പിനു കാരണമായി മാറുമായിരുന്ന അഞ്ചല്‍ ബൈപാസും ഇപ്പോള്‍ ഉപേക്ഷിച്ച മട്ടാണ്. സ്ഥലം ഏറ്റെടുപ്പും കുറ്റിഇടലും മാത്രം നടന്നെങ്കിലും റോഡ് പണി ഇതുവരെ ആരംഭിച്ചിട്ടില്ല. ഭരണ-പ്രതിപക്ഷങ്ങള്‍ ഉയര്‍ത്തുന്ന ഫ്ലക്സ് ബോര്‍ഡുകളില്‍ മാത്രമാണിന്ന് അഞ്ചല്‍ ബൈപാസ്. വികസനം മലബാറിനു മാത്രം മതിയെന്ന് കരുതുന്നവര്‍ ജില്ലയെ വികസന പദ്ധതികളില്‍ ഉപേക്ഷിക്കുമ്പോള്‍ ഇടതുവലതു പ്രമാണിമാര്‍ക്കും തങ്ങളെ വേണ്ടാതായോ എന്ന് പരിതപിക്കുകയാണ് പാവം പൊതുജനം.
സജീഷ് വടമണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: