ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ ഇസ്രായേലിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
ആണവ പദ്ധതികളില്‍ നിന്നും ഇറാന്റെ പിന്തിരിപ്പിക്കാന് നടപടികള്‍ സ്വീകരിക്കണമെന്ന് കൂടിക്കാഴ്ചയില്‍ ബെഞ്ചമിന്‍ ഒബാമയോട് ആവശ്യപ്പെടും. അതിനിടെ ഇറാന് പ്രസിഡന്റ് ഹസന് റുഹാനിയുടെ പഞ്ചാരവാക്കുകളില്‍ മയങ്ങരുതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്കി.
ഇന്ന് നടക്കുന്ന ഒബാമ-നെതന്യാഹു സംഭാഷണങ്ങളില്‍ ഈ മുന്നറിയിപ്പ് പ്രതിഫലിക്കും. തങ്ങള്‍ക്ക് ആണവായുധങ്ങളില്‍ താല്പര്യമില്ലെന്നും പാശ്ചാത്യരാജ്യങ്ങളുമായി സന്ധിസംഭാഷണങ്ങള്‍ നടത്താന്‍ താല്പര്യമുണ്ടെന്നും റുഹാനി പ്രസ്താവിച്ചതും തുടര്‍ന്ന് ഒബാമ റുഹാനിയുമായി ഫോണ്‍ സംഭാഷണം നടത്തിയതും ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു.
അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും ഇറാന്റെ സമീപനത്തെ സ്വാഗതം ചെയ്തത് ഇസ്രയേലിനെ ചൊടിപ്പിച്ചിട്ടുണ്ട്. വാക്കുകളിലല്ല പ്രവൃത്തിയിലാണ് റുഹാനി തെളിയിക്കേണ്ടതെന്ന് നെതന്യാഹു പറഞ്ഞു.
ഇസ്രയേല്‍ എന്ന രാഷ്ട്രം ഭൂമുഖത്ത് വേണ്ടെന്ന് പ്രഖ്യാപിച്ച രാജ്യമാണ് ഇറാന്. കുറെ വര്‍ഷങ്ങളായി ആണാവയുധം എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ഇറാനെന്ന് നെതന്യാഹു ആരോപിക്കുന്നു.
ആ ആഗ്രഹം പൂര്‍ത്തീകരിക്കുക എന്നതാണ് ഇറാന്റെ പുതിയ നീക്കങ്ങള്‍ക്ക് കാരണം. അതിനുവേണ്ടി രാജ്യാന്തര ഉപരോധത്തില്‍ അയവുവരുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് നെതന്യാഹു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: