ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി മന്മോഹന് സിംഗ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച്ച നടത്തി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയാന്‍ ശക്തമായ നടപടികളെടുക്കണമെന്ന് മന്മോഹന് സിംഗ് ഷെരീഫിനോട് അഭ്യര്‍ത്ഥിച്ചു. ഭീകരതക്കെതിരെ ശക്തമായ നടപടികളുണ്ടായതിന് ശേഷമേ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശരിയായ ചര്‍ച്ച നടക്കുകയുള്ളു എന്നും മന്മോഹന് സിംഗ് വ്യക്തമാക്കി. മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കുന്ന കാര്യവും അദ്ദേഹം പാക് പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിച്ചു. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് നവാസ് ഷെരീഫ് മന്മോഹന് സിംഗുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. യുഎന്‍ പൊതുസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയതായിരുന്നു ഇരുവരും.
കാശ്മീരിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കണമെന്ന് മുഖ്യപ്രതിപക്ഷമായ ബിജെപി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ പത്ത് പേര് കൊല്ലപ്പെട്ടതിന്റെ തൊട്ടുപിന്നാലെയാണ് ഭീകരതയെക്കുറിച്ച് ഇന്ത്യ-പാക് പ്രധാനമന്ത്രിമാര്‍ നേരിട്ട് ചര്‍ച്ച ചെയ്തത്. വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
ഭീകരരുടെ പാക്കിസ്ഥാനിലെ താവളങ്ങള്‍ അടച്ചുപൂട്ടാതെ അയല്‍ ബന്ധങ്ങള്‍ നേരെയാകില്ലെന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവേ മന്മോഹന് സിംഗ് വ്യക്തമാക്കിയിരുന്നു. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും സിംല കരാര്‍ ആധാരമാക്കിയേ പ്രശ്നത്തിനു പരിഹാരം സാധ്യമാകൂ എന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഭീകരതയുടെ പ്രഭവകേന്ദ്രമായി പാക്കിസ്ഥാന് തുടരുന്ന കാര്യം മന്മോഹന് സിംഗ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലും തുറന്നു പറഞ്ഞിരുന്നു. ഒക്ടോബര്‍ 23നു നവാസ് ഷെയറെഫുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്ന് ഒബാമ മന്മോഹന് സിംഗിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: