തൃശൂര്‍: വിവാദ മാഫിയ ദല്ലാള്‍ ടി.ജി. നന്ദകുമാറുമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന് കഴിഞ്ഞ അഞ്ചുവര്‍ഷമായി അടുത്ത ബന്ധം നിലനില്‍ക്കുകയാണെന്ന് കെ.സുരേന്ദ്രന്. നന്ദകുമാര്‍ ഈ ബന്ധത്തെപ്പറ്റി പലകുറി ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും അതൊന്നും ഇന്നുവരെ നിഷേധിക്കുവാന്‍ ആഭ്യന്തരമന്ത്രിക്ക് ആയിട്ടില്ല. അവരിരുവരുമായി സുദൃഢബന്ധമാണെന്ന് തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ കെ.സുരേന്ദ്രന് പറഞ്ഞു. 09810561283 എന്ന ടി.ജി. നന്ദകുമാറിന്റെ ഫോണിലേക്ക് തിരുവഞ്ചൂരും തിരിച്ച് നന്ദകുമാറും ഒട്ടേറെ തവണ ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ ഈ ഫോണ്‍ മാത്രം അന്വേഷിച്ചാല്‍ മതി ഇരുവരും തമ്മിലുള്ള ബന്ധത്തെപ്പറ്റി വ്യക്തമായ അറിവ് ലഭിക്കും.
സോളാര്‍ പ്രശ്നം കത്തിനിന്നപ്പോഴും ഇരുവരുമായി കോട്ടയം ഗസ്തൗസില്‍ വച്ച് കൂടിക്കാഴ്ച നടന്നിരുന്നു. നന്ദകുമാറും തിരുവഞ്ചൂരും ഇതേക്കുറിച്ച് തുറന്നുപറയണം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും എന്തിനാണ് ഇതേപ്പറ്റി ഭയപ്പെടുന്നതെന്ന് സുരേന്ദ്രന് ചോദിച്ചു. എല്‍ഡിഎഫും യുഡിഎഫും ഇതില്‍ തുല്യപങ്കാളികളാണ്. ഇടനാഴിയില്‍ വച്ചുള്ള പല കൂടിക്കാഴ്ചകളും പലരും നടത്തിയി ട്ടുണ്ട്. തീവ്രവാദവും സ്വര്‍ണം കള്ളക്കടത്തും മറ്റും മാഫിയ ബന്ധങ്ങളുമുള്ള ഫയാസിന് യുഡിഎഫിലെയും എല്‍ഡിഎഫിലെയും പ്രമുഖരുമായി അടുത്ത ബന്ധമുണ്ട്. സോളാര്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സിറ്റിങ്ങ് ജഡ്ജിയെ ഇതുവരെ അതിന് ലഭിച്ചിട്ടില്ല. എന്തുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണത്തിന് തുടര്‍ നടപടിയില്ലെന്നും സുരേന്ദ്രന് ചോദിച്ചു.
സെക്രട്ടറിയേറ്റ് ഉപരോധവും മറ്റും നടത്തിയ എല്‍ഡിഎഫിന്റെ സമരത്തിന് കാണിച്ച ആവേശം ഇന്ന് എവിടെപ്പോയെന്നും സുരേന്ദ്രന് ചോദിച്ചു. ഒരന്വേഷണവും ഒരിടത്തും നടക്കാത്ത വിധത്തില്‍ എത്തിയിരിക്കുകയാണ്. ആഭ്യന്തരമന്ത്രിക്ക് സരിത ഒളിവിലുള്ള കാലത്തും ഫോണ്‍ ബന്ധമുണ്ടായിരുന്നുവെന്ന് പകല്‍പോലെ വ്യക്തമാണ്. വലിയ വിവാദ പ്രസ്താവനകള്‍ ഇറക്കിയിരുന്ന രമേശ് ചെന്നിത്തലയുടെ നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയതാണോയെന്ന് സുരേന്ദ്രന് ചോദിച്ചു. സിപിഎമ്മിന്റെ പുലിക്കുട്ടികളുടെ ചൂരും ചുണയും എവിടെപ്പോയി ഒളിച്ചിരിക്കുകയാണെന്ന് അറിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
വിമാനത്താവളങ്ങള്‍ വഴി കള്ളപ്പണവും ആയുധവും സ്വര്‍ണവും യഥേഷ്ടം ഇറക്കുമതി നടന്നുകൊണ്ടിരിക്കുകയാണ്. അന്തര്‍ദേശീയ ബന്ധത്തിന്റെ ചെറിയ കണ്ണിമാത്രമാണ് ഫയാസെന്നും സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ബന്ധുക്കളുമായി അടുത്ത ബന്ധം ഫയാസിനുണ്ട്. കസ്റ്റംസുമായും അതുപോലുള്ള ബന്ധം ഫയാസ് സൂക്ഷിക്കുന്നുണ്ട്. ഇരുമുന്നണികളും ചേര്‍ന്ന ഒളിച്ചുകളിയാണ് കേരളത്തില്‍ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. മാഫിയ ബന്ധങ്ങളെക്കുറിച്ച് ഇരു മുന്നണികളും എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞ് പൊതുജനത്തോട് മാപ്പപേക്ഷിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: