ശാസ്ത്രജ്ഞന് തന്റെ പരീക്ഷണത്തോട് പ്രേമമുണ്ട്. പക്ഷേ, ആ സ്നേഹം പരിമിതമാണ്. അത് തന്റെ വിഷയത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ലാതെ എല്ലാ ജീവരാശികളെയും ഉള്‍ക്കൊള്ളുവാന്‍ തക്കവണ്ണം വികസിക്കുന്നില്ല. അയാള്‍ തന്റെ ഗവേഷണശാലയിലും പരീക്ഷണോപകരണങ്ങളിലും മാത്രമായി ഒതുങ്ങിക്കൂടുന്നു. തനിക്ക് ചുറ്റുമുള്ള യഥാര്‍ത്ഥജീവിതവുമായി അയാള്‍ക്ക് ബന്ധമില്ല. ചന്ദ്രനിലും ചൊവ്വയിലും ജീവനുണ്ടോ എന്നറിയാനാണ് അയാള്‍ക്ക് താല്‍പ്പര്യം കൂടുതല്‍. ജീവന് എങ്ങനെ നിലനിര്ത്താമെന്നതിലേറെ, അത് നശിപ്പിക്കാന്‍ എന്തെല്ലാം അണ്വായുധങ്ങള്‍ ഉണ്ടാക്കാമെന്നാണയാള് ചിന്തിക്കുന്നത്.
ശാസ്ത്രജ്ഞന് പറഞ്ഞേക്കും, അയാള്‍ സത്യം തേടുകയാണെന്ന്, അതിനായി ഭൗതികലോകത്തെ അപഗ്രഥിച്ചു പഠിക്കുകയാണെന്ന്. വസ്തുക്കളെയെല്ലാം കീറിമുറിച്ച് അവയുടെ പ്രവര്‍ത്തനം പഠിക്കുകയാണയാള്‍ ചെയ്യുന്നത്. ഒരു പൂച്ചക്കുട്ടി ശാസ്ത്രജ്ഞന് കൗതുകമുള്ള വളര്ത്തുജീവിയല്ല, പിന്നെയോ, കേവലം പരീക്ഷണമൃഗം മാത്രമാണ്. അയാളതിന്റെ നാഡിമിടിപ്പും ബ്ലഡ്പ്രഷറും ശ്വാസോച്ഛ്വാസവുമൊക്കെ അളന്നുകുറിച്ചുപഠിക്കും. ശാസ്ത്രത്തിന്റെയും സത്യാന്വേഷണത്തിന്റെയും പേരില്‍ അയാളതിനെ കീറിമുറിച്ച് ഉള്ളിലെ അവയവങ്ങള്‍ എന്തൊക്കെയെന്ന് നോക്കി മനസ്സിലാക്കും. അതിനായി പൂച്ച മരിക്കേണ്ടിവരുന്നത് അയാള്‍ കാര്യമാക്കുന്നില്ല. ജീവന്റെ അഭാവത്തില്‍ സ്നേഹിക്കുവാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാവുന്നു. ജീവനുള്ളിടത്തേ സ്നേഹമുണ്ടാകൂ. ജീവന്റെ ഉണ്മ തേടിത്തേടി ജീവനെത്തന്നെ അറിയാതെയെങ്കിലും നശിപ്പിക്കുകയാണ് ശാസ്ത്രജ്ഞര്‍ ചെയ്യുന്നത്. വിചിത്രമായിരിക്കുന്നു, അല്ലേ!
– അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: