വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കഥകളിയുള്ള അമ്പലങ്ങളില്‍ പോകുന്ന ശീലമുണ്ടായിരുന്നു. തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉത്സവക്കാലങ്ങളില്‍ എല്ലാ രാത്രികളിലും നാടകശാലയില്‍ കഥകളിയുണ്ടായിരുന്നു. അന്നവിടെ പ്രചാരകനായിരുന്ന മാധവജി പി.രാമചന്ദ്രനുമൊത്ത് ആട്ടം കാണാന്‍ പോകുക പതിവായിരുന്നു. അതുകൂടാതെ തൊടുപുഴയിലായിരുന്നപ്പോഴും കോട്ടയത്തും തലശ്ശേരിയിലും പ്രചാരകനായിരുന്നപ്പോഴും അതു പതിവാക്കി.
തിരുവങ്ങാട്ടു ക്ഷേത്രത്തിലെ ഒരു അരങ്ങില്‍ കഥകളി ഭാഗവതര്‍ പാടിയ
“പവനതനയ ചേതഃപങ്കജാക്ഷം മുനീന്ദ്രൈ-
രനുദിനമനുസേവ്യം, ശ്യാമളം കോമളാംഗം
ദിനകരകുലദീപം ജാനകീ ഭാഗ്യരാശിം
കരധൃതശരചാപം നൗമി വില്വാദ്രിനാഥം”
എന്ന വന്ദനശ്ലോകം ശ്രീരാമ സ്തുതിയാണ് എന്നു മനസ്സിലായി. പക്ഷേ അത് തിരുവങ്ങാട്ടു ശ്രീരാമസ്വാമിയെ സ്തുതിക്കുന്നതല്ല തിരുവില്വാമലയിലെ ശ്രീരാമനെ പറ്റിയുള്ളതാണ് എന്ന് അവിടത്തെ കളിഭ്രാന്തന്മാരുടെ നേതാവായിരുന്ന ബാലേട്ടന് പറഞ്ഞുതന്നു. ആ ശ്ലോകമായിരിക്കണം ആദ്യത്തെ കഥകളി വന്ദനമെന്നും അദ്ദേഹം പറഞ്ഞു. കാരണം കൊട്ടാരക്കരത്തമ്പുരാന്‍ രചിച്ച ആദ്യത്തെ ആട്ടക്കഥയാണ് രാമായണം. കൃഷ്ണനാട്ട സംഘത്തെ തന്റെ രാജ്യത്തേയ്ക്കയച്ചുതരാന് കോഴിക്കോട് സാമൂതിരി രാജാവ് സമ്മതിക്കാതിരുന്നതിന്റെ വാശിയില്‍ കൊട്ടാരക്കരത്തമ്പുരാന്‍ രൂപം കൊടുത്ത നൂതന കലാരൂപമായ രാമനാട്ടമാണല്ലൊ പിന്നീട് ആട്ടക്കഥയും കഥകളിയുമായി വളര്‍ന്ന് ലോകോത്തരകലയായി വികസിച്ചത്. അന്ന് കൊട്ടാരക്കരത്തമ്പുരാനെ വില്വാദ്രിനാഥ ഭക്തനാക്കിയതിന്റെ പിന്നിലെ ചരിത്രവും ഐതിഹ്യവും എന്തെന്നറിയില്ല.
ഗുരുവായൂരില്‍ പ്രചാരകനായിരുന്ന 1959-58 കാലത്ത് ഗുരുവായൂര്‍-തൃശ്ശൂര്‍ തിരുവില്വാമല റൂട്ടില്‍ ഓടുന്ന ഒരു ബസ് സര്‍വീസ് ഉണ്ടായിരുന്നു. ആ ബസ് നിറയെ ആള്‍ക്കാരുമുണ്ടായിരുന്നു. അതിനിടെ ചങ്ങമ്പുഴക്കവിതകള്‍ വായിക്കുന്നതില്‍ കമ്പമുണ്ടായി. ചാവക്കാട്ട് ലോക്കല്‍ ലൈബ്രറിയില്‍ പോയി ഇരുന്ന് പുസ്തകം വായിച്ചതിന്റെ ഭാഗമായിരുന്നു അത്.
‘ശ്രീവില്വശൈലമേവെല്ക, നിന് നിസ്തുല
ശ്രീവിലാസത്തിന് മയൂഖമതല്ലികള്
സപ്തവര്‍ണ സ്വപ്ന ചിത്രങ്ങള്‍ വീശുന്നി
തിപ്പൊഴുമോര്മതന് ചില്ലില്‍ പതിഞ്ഞിതാ
ചാരുചാമീകരസോപാനമോഹന-
ശ്രീരാമലക്ഷ്മണ ശ്രീമയക്ഷേത്രവും
നാസ്തികന്മാരേയും ഭക്തിയില്‍ മുക്കുമ
സ്തോത്രഘോഷങ്ങളും സ്വര്‍ണ ദീപങ്ങളും
തെല്ലു വിരാമം പെടാതെ മേച്ചന്‍ തിര
തല്ലിമുഴങ്ങുമക്ഷേത്രമണികളും.
വിശ്വസൗന്ദര്യം മുഴുവനും ചേര്‍ന്നൊരു
വിസ്മയ ചിത്രം വിരാജിപ്പു ഭൂമിയില്‍ ” എന്നിങ്ങനെ ചങ്ങമ്പുഴയ്ക്ക് മാത്രം വശഗമായിരുന്ന കവിതാ പ്രവാഹം വളരെ രസിപ്പിച്ചു.
തിരുവില്വാമല ക്ഷേത്രത്തെക്കുറിച്ച് വളരെ കേട്ടിരുന്നു. പക്ഷെ എന്തുകൊണ്ടോ അവിടെ പോയി ദര്‍ശനം നടത്താനുള്ള അവസരം കഴിഞ്ഞ ആഴ്ചയിലാണുണ്ടായത്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് മുതിര്‍ന്ന സംഘപ്രചാരകനായിരുന്ന വി.പി.ജനേട്ടന്റെ ദേഹ സംസ്കാരം നടന്നത് തിരുവില്വാമലയില്‍ നിളാ തീരത്ത് പാമ്പാടി ഐവര്‍മഠം ശ്മശാനത്തിലായിരുന്നു. അന്നവിടെ പോയി അന്ത്യോപചാമര്‍പ്പിക്കാന്‍ അവസരമുണ്ടായി. ജനേട്ടന്റെ പഴയ സഹപ്രവര്‍ത്തകരായ ഏതാനു സ്വയംസേവകരും പറളിക്കാട് ജ്ഞാനാശ്രമത്തിലെ ചില അന്തേവാസികളും ബന്ധുക്കളും അവിടെയുണ്ടായിരുന്നു. അതിനുശേഷം സമീപത്തുതന്നെ പ്രവര്‍ത്തിച്ചിരുന്ന വില്വാദ്രിനാഥ സേവാശ്രമം, ബാലസദനത്തില്‍ പോയി അതിന്റെ ചുമതലക്കാരനായ ശ്രീ.ശശിയുടെ ആതിഥ്യം സ്വീകരിച്ച് ഉച്ചഭക്ഷണ ശേഷം തൊടുപുഴയ്ക്ക് മടങ്ങുകയായിരുന്നു. ക്ഷേത്രദര്‍ശന സമയം കഴിഞ്ഞതിനാല്‍ അതിന് ശ്രമിച്ചില്ല.
ഇത്തവണത്തെ സന്ദര്‍ശനം കുടുംബസഹിതമായിരുന്നു. ഭക്തകവി പി.കുഞ്ഞിരാമന് നായരുടെ ആത്മകഥാപരമായ കൃതികളില്‍ തിരുവില്വാമല വളരെ മനോഹരമായി വിവരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ഒരേ ഒരു വി.കെ.എന്‍ ന്റെ തൂലികാ വിലാസം ഐതിഹാസികമാനങ്ങളോടെ തിരുവില്വാമലയെ വര്ണിക്കുന്നുമുണ്ടല്ലൊ.
ക്ഷേത്രദര്‍ശനവും വഴിപാടുകളുമൊക്കെ ഭംഗിയായി നടന്നു. കേരളത്തിലെ ഓരോ ക്ഷേത്രത്തിനും അന്യാദൃശങ്ങളായ പ്രത്യേകതകളും സാധര്മ്യങ്ങളുമുണ്ട്. ശ്രീരാമനും ലക്ഷ്മണനും ഒരേ നാലമ്പലത്തില്‍ പ്രത്യേക ശ്രീകോവിലുകളിലായി ആരാധിക്കപ്പെടുകയും അതില്‍ ലക്ഷ്മണന് പ്രാമുഖ്യം നല്കപ്പെടുന്നുവെന്ന് തോന്നിക്കുന്നതുമാണ് വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ സവിശേഷത. കോട്ടയം ജില്ലയില്‍ പുതുപ്പള്ളിക്കടുത്ത് വെന്നിമലയിലെ ക്ഷേത്രത്തിലും ലക്ഷ്മണനും ശ്രീരാമനും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. അവിടെ രണ്ടു കൊടിമരങ്ങളുണ്ട്. എന്നാല്‍ ശ്രീകോവില്‍ ഒന്നേയുള്ളൂ. വെന്നിമലയ്ക്കടുത്തും തിരുവില്വാമലയിലെന്നതുപോലെ പാമ്പാടിയുമുണ്ട്. തിരുവില്വാമലയിലെ പാമ്പാടിയിലെ പ്രസിദ്ധമായ ഐവര്‍മഠം ശ്മശാനത്തെപ്പറ്റി നേരത്തെ പ്രസ്താവിച്ചു.
വില്വാദ്രിനാഥന്റെ പടിഞ്ഞാറും കിഴക്കും നടകളില്‍ അതിഗംഭീരമായ ഗോപുരങ്ങളുണ്ട്. ടിപ്പു സുല്‍ത്താന്റെ ആക്രമണത്തിന്റെ ആഘാതങ്ങളാവണം അവയെ അങ്ങനെയാക്കിയത്. 1789 ല്‍ ആക്രമിച്ചു കയറിയ ടിപ്പുവിന്റെ പട ക്ഷേത്രങ്ങളെ ലക്ഷ്യമാക്കിയതിന്റെ പാടുകള്‍ ഇന്നും കാണാനുണ്ടല്ലൊ. തിരുവില്വാമല ക്ഷേത്രവും അതില്‍ നിന്നൊഴിവായില്ല. ക്ഷേത്രം മേഞ്ഞിരുന്ന ചെമ്പു മുഴുവന്‍ പൊളിച്ചെടുത്തുകൊണ്ടുപോയിക്കഴിഞ്ഞപ്പോഴാണ്, സുല്‍ത്താന്റെ വിശ്വസ്തനായിരുന്ന മന്ത്രി പൂര്ണയ്യാ തിരുവില്വാമല സുല്‍ത്താന്റെ സുഹൃദ് രാജ്യമായ കൊച്ചിയിലാണെന്ന് അറിയിച്ചത്. ഇക്കാലത്തെപോലെ അതിര്‍ത്തികളും അടയാളക്കല്ലുകളുമൊന്നും അന്നില്ലായിരുന്നല്ലൊ. അമ്പലം അങ്ങനെ വിട്ട് സുല്‍ത്താനും പടയും തൃശ്ശിവപേരൂരിലേക്ക് പോയി. അതിനുശേഷം കൊച്ചി രാജാവ് പുതുക്കിപ്പണിത അമ്പലം പ്രതിഷ്ഠാദനിത്തലേന്ന് കത്തിനശിച്ചുവത്രെ. വീണ്ടും നിര്‍മിച്ചതാണ് ഇപ്പോള്‍ കാണുന്ന ക്ഷേത്രം. ഈ ആപത്ഘട്ടങ്ങളില്‍ ഒരിക്കലും വിഗ്രഹങ്ങള്‍ക്ക് കേടും സംഭവിച്ചില്ലത്രെ.
ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പന്ത്രണ്ടു ദിവസത്തെ ചാക്യാര്‍ കൂത്ത് പതിവായിരുന്നു. രാമായണത്തെ അടിസ്ഥാനമാക്കിയ കഥകളെ ചാക്യാന്മാര് അവിടെ അവതരിപ്പിക്കാറുണ്ടായിരുന്നുള്ളൂ. ചാക്യാര്‍ക്ക് ആരെയും അധിക്ഷേപിക്കാനും പരിഹസിക്കാനും അധികാരമുണ്ടല്ലൊ. വിദൂഷക വേഷത്തിന്റെ മുടിയഴിക്കാത്തിടത്തോളം ചാക്യാരെ ആര്‍ക്കും ശിക്ഷിക്കാനുമാവില്ല. സേതുബന്ധനക്കഥ വിവരിക്കുന്നതിനിടെ സമുദ്രത്തെ പൂജിച്ചിരുന്ന ശ്രീരാമന്, വരുണന്റെ ധിക്കാരത്തില്‍ കോപിഷ്ഠനായതിനെ ചാക്യാര്‍ പരിഹസിച്ചു, അധിക്ഷേപിച്ചു. ചാക്യാര്‍ പറഞ്ഞ വാക്കുകള്‍ ശ്രോതാക്കളെ അസ്വസ്ഥരാക്കിയെങ്കിലും ആരും മിണ്ടിയില്ല. “ലക്ഷ്മണാ വില്ലും ശരവുമിങ്ങെടുക്കൂ” എന്ന് രാമന് പറഞ്ഞത് ചാക്യാര്‍ വിവരിച്ചപ്പോള്‍ ലക്ഷ്മണന് ശ്രീകോവിലില്‍ നിന്ന് “ജ്യേഷ്ഠാ ദാ വരുന്നു” എന്നു പറഞ്ഞുവത്രെ. അകത്തുനിന്നും ശബ്ദംകേട്ട ചാക്യാര്‍ മുടിയഴിച്ചുവെക്കാതെ ക്ഷേത്ര സങ്കേതത്തില്നിന്നോടി രക്ഷപ്പെട്ടുവെന്നും അകലെ ഒരു പാറയില്‍ ഇരുന്ന് മുടിയഴിച്ചുവെന്നും പിന്നീട് ചിത്തഭ്രമം ബാധിച്ചു അലഞ്ഞുതിരിഞ്ഞു മരിച്ചുവെന്നും ഐതിഹ്യം. മുടിയഴിപ്പന്പാറ ഇന്നുമുണ്ട്.
ടിപ്പുവിന്റെ ആക്രമണത്തിന് വിധേയമായ ക്ഷേത്രങ്ങള്‍ മലബാറില്‍ നിരവധിയുണ്ടല്ലൊ. ബന്ധുരാജ്യത്തെ ദേവാലയമായിരുന്നിട്ടും തിരുവില്വാമലയ്ക്ക് രക്ഷ കിട്ടിയില്ല. വടക്കെ മലബാറിലെ സ്ഥിതി അതിഭീകരമായിരുന്നുവല്ലൊ തലശ്ശേരിയിലെ തിരുവങ്ങാട്ട് ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറുമുണ്ടായിരുന്ന ഗോപുരങ്ങളുടെ തറകളും ആനവാതില്ക്കട്ടിളകളും ഇപ്പോഴും കാണാനുണ്ട്. അകലെയുണ്ടായിരുന്ന കുന്നിന്മുകളില്നിന്ന് ടിപ്പുവിന്റെ പീരങ്കിപ്പട തകര്ത്തതാണവയെന്ന് ചരിത്രം. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രഗോപുരവും അന്ന് പീരങ്കി വെടിയേറ്റ് തകര്‍ന്ന രൂപത്തില്‍ കാണാനുണ്ട്. അതിന്റെ പുതുക്കിപ്പണിയ്ക്കായി ശ്രമങ്ങള്‍ ആരംഭിച്ചുവെന്നും കേള്‍ക്കുന്നു. വയനാട്ടില്‍ ടിപ്പുവിന്റെ പടയോട്ടത്തില്‍ നിലംപരിശായത് (ഇന്നത്തെ സുല്‍ത്താന്‍ ബത്തേരിയിലുള്ള) ഗണപതിവട്ടത്തെ മഹാഗണപതി ക്ഷേത്രമായിരുന്നു. അതിന്റെ നഷ്ടാവശിഷ്ടങ്ങള്‍ നീക്കി പുതിയക്ഷേത്രം നിര്‍മിച്ചിട്ട് അധികം കാലമായില്ല. ക്ഷേത്രസംരക്ഷണ സമിതിയുടെ സ്ഥാപനത്തിന് പ്രചോദനമായത് ഗണപതിവട്ടത്തെ പുനര്‍നിര്‍മാണ ശ്രമങ്ങളാണെന്ന് സമിതിയുടെ ആദ്യ സെക്രട്ടറിയായിരുന്ന ശ്രീ.വി.എം.കൊറാത്ത് തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. കേരളത്തിലെ ഹൈന്ദവനവോത്ഥാനത്തിന്റെ പ്രാരംഭം അവിടെയായിരുന്നുവെന്നുതന്നെ പറയാം.
തിരുവില്വാമലയില്‍ പോയപ്പോള്‍ അവിടെ പ്രവര്‍ത്തിക്കുന്ന വില്വാദ്രി സേവാശ്രമത്തിലും പോയി. രണ്ട് വര്‍ഷം മുമ്പ് പോയപ്പോള്‍ പണി ആരംഭിച്ചിരുന്ന പുതിയ മന്ദിരത്തിലാണത് ഇന്ന് പ്രവര്‍ത്തിക്കുന്നത്. നടുമുറ്റത്തോടുകൂടിയ ചതുരാകൃതിയിലുള്ള ഒരുനാലുകെട്ടാണത്. സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ടമായ അളവുകള്‍ക്കനുസരിച്ച് നിര്‍മിതമായ മന്ദിരം. അന്തേവാസികളാരുമില്ലാത്ത അവസരമായിരുന്നു. മായന്നൂരിലെ തണല്‍ ബാലികാശ്രമത്തിലെ വിവേകാനന്ദ സാര്‍ദ്ധ ശതി മന്ദിരോദ്ഘാടനത്തോടനുബന്ധിച്ച് നടന്നുവന്ന ഭാഗവതസപ്താഹവും മറ്റുമായി നിളാതീരത്ത് ഒരാഴ്ചയായി അവര്‍ താമസിക്കുകയായിരുന്നു. മഴയുടെ കാഠിന്യവും സമയക്കുറവും മൂലം മായന്നൂരില്‍ പോയി ആ സത്കര്മത്തില് പങ്കാളിയാവാന്‍ കഴിഞ്ഞില്ല.
സംഘത്തിന്റെ പ്രാന്തീയ സേവാ പ്രമുഖനായിരുന്ന കെ.എന്‍.മേനോന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ അഭിവൃദ്ധി പ്രാപിച്ച സ്ഥാപനമാണ് തണല്‍ ബാലികാശ്രമം. കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും എത്രയോ അനാഥശൈശവങ്ങള്ക്ക് അദ്ദേഹത്തിന്റെ യഥോചിതമായ ഇടപെടല്‍ മൂലം തണലേകാന്‍ മായന്നൂര്‍ നിളാതീരത്തിന് ഭാഗ്യമുണ്ടായി. അദ്ദേഹവുമൊത്ത് തണല്‍ സന്ദര്‍ശിക്കാന്‍ പരിപാടിയിട്ടിരുന്നത്, ദൗര്‍ഭാഗ്യവശാല്‍ സാധ്യമായില്ല. വിധി ഒരപകടത്തിന്റെ രൂപത്തില്‍ കെ.എന്‍.മേനോനെ തട്ടിയെടുത്തു.
കുടുംബസഹിതമുള്ള ഇത്തവണത്തെ തിരുവില്വാമല ദര്‍ശനം ഒട്ടേറെ ഓര്‍മകളെ ഉണര്‍ത്താന്‍ അവസരമുണ്ടാക്കി.
പി.നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: