ജീവിതമൊരു പെരുസാഗരമാണെന്നാരോപാടിയതോര്ക്കുന്നു
അതിന്റെയലകളിലെന്നുടെയീ ചെറുകൊതുമ്പുവള്ളവുമലയുന്നൂ
തീരം തേടിത്തുഴയുകയാണെന്നോര്മ്മ കുരുത്തൊരു നാളുമുതല്‍ ഓര്മ്മത്തെളിനീര് വറ്റും മുമ്പേ തീരത്തണയാനായിടുമോ
ബാല്യനിലാവില് വാനിനു കീഴെ കണ്ണുമടച്ചു പഠിക്കുമ്പോള്‍ യൗവ്വനവേളയിലുച്ചമയക്കം മറന്നു ജോലിക്കലയുമ്പോള്
പിന്നീടൊരു ചെറുചില്ലയിലെന് കൂടൊരുക്കുവാനായ് പണിയുമ്പോള്‍
കടന്നു പോയതു ജീവിതമെന്നതു കഷ്ടം ഞാനിന്നറിയുന്നു
ജീവിക്കാനായൊരുക്കു കൂട്ടിയ തിരക്കുകൂടിയ നാളുകളില്‍
വാര്‍ന്നേ പോയതു മാമകജീവിതമെന്നതു ഞാനിന്നറിയുന്നു
വൈകിപ്പോയ് ഞാനൊഴുകിയ വെള്ളം തിരിച്ചെടുക്കാനരുതാതെ
വാഴ്വിന്നലകടല് കരയില്‍ കാലുകള്‍ നനച്ചു നില്‍ക്കുകയാണിന്നും.
കണ്ണിനു മുമ്പില്‍ കലമ്പി മറിയും കരകാണാക്കടലലകളിലായ്
കാറ്റുതെളിക്കും വഴിയേയലയുകയാണെന് കൊതുമ്പു കളിയോടം.
ശിവകുമാര്‍ പടപ്പയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: