കൊല്ലം: ശാസ്താംകോട്ട ശുദ്ധജലതടാകമടക്കമുള്ള ജലാശയങ്ങളുടെ സംരക്ഷണത്തിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം അത്യാവശ്യമാണെന്ന് പരിസ്ഥിതിക്കായുള്ള നിയമസഭാ സമിതി അധ്യക്ഷന്‍ സി.പി. മുഹമ്മദ് അഭിപ്രായപ്പെട്ടു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമിതിയുടെ സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പരിസ്ഥിതി ഘടനയ്ക്ക് ആഘാതം തട്ടുന്ന തരത്തിലുള്ള ചൂഷണങ്ങളെ ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. സമിതിക്ക് ലഭിച്ചിട്ടുള്ള നിവേദനങ്ങളും പരാതികളും സൂക്ഷമമായി പരിശോധിക്കും. സമിതി ആരാഞ്ഞിട്ടുള്ള വിഷയങ്ങളില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സമിതിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് കണ്ടാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യും. അഷ്ടമുടിക്കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന അറവുശാലയിലെ മലിനജലം കായലിലേക്ക് ഒഴുക്കിവിടുന്നു എന്ന പരാതിയാണ് സമിതി ആദ്യം പരിഗണിച്ചത്. വിഷയത്തില്‍ കോര്പ്പറേഷന് നല്കിയ വിശദീകരണത്തില്‍ അഷ്ടമുടിക്കായല്‍ മലിനമാക്കുന്ന സാഹചര്യം പൂര്‍ണമായി ഒഴിവാക്കപ്പെട്ടതായി അറിയിച്ചു. എന്നാല്‍ പരാതിക്കാരുടെ സാന്നിധ്യത്തില്‍ അറവുശാലയില്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് പരിശോധന നടത്തി പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി നിര്‍ദേശിച്ചു.
കല്ലടയാറ്റിലെ അനധികൃത മണല്‍ ഖാനനം കാരണം കരയിടിഞ്ഞ് വീടിന് ഭാഗിക നാശനഷ്ടങ്ങള്‍ സംഭവിച്ചെന്ന പരാതിയില്‍ ക്രിമിനല്‍ കേസെടുത്ത് പ്രതികളില്‍ നിന്നും നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ കൊട്ടാരക്കര റൂറല്‍ എസ്പിയോട് സമിതി നിര്‍ദേശിച്ചു.
ശാസ്താംകോട്ട കായല്‍ സംരക്ഷണത്തിനായി പ്രഖ്യാപിച്ച പാക്കേജിന്റെ തുടര്‍നടപടികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് സമിതി ചെയര്മാന് അറിയിച്ചു.
പുത്തൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളിലെ അനധികൃത കരമണല്‍ ഖാനനം സംബന്ധിച്ച് പരിസ്ഥിതി വകുപ്പിന്റെ റിപ്പോര്‍ട്ട് സമിതിക്ക് ലഭിച്ചു. അനുമതിയില്ലാതെ കല്ലുവെട്ടുന്നതും മണ്ണെടുക്കുന്നതും അനുവദിക്കാന്‍ പാടില്ലെന്ന് സമിതി നിര്‍ദേശിച്ചു. ജില്ലയിലെ കിഴക്കന്‍ മേഖലയിലെ പാറക്വാറികളെ സംബന്ധിച്ച പരാതികളും സമിതി പരിഗണിച്ചു. ആകെ 113 പരാതികള്‍ സമിതിക്ക് പുതുതായി ലഭിച്ചു. ഇവ വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് ആരായുമെന്ന് സമിതി അറിയിച്ചു. ജില്ലാകളക്ടര്‍ ബി. മോഹനനും തെളിവെടുപ്പില്‍ പങ്കെടുത്തു. തുടര്‍ന്ന് സമിതി പാരിസ്ഥിതിക പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പള്ളിക്കോടി-ദളവാപുരം പാലത്തിലായിരുന്നു ആദ്യസന്ദര്‍ശനം. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ബീം തകര്‍ന്ന് വീണത് കായലിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നുവെന്നും ഇതിന്റെ അവശിഷ്ടങ്ങളും ബണ്ട് റോഡിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യാതെ കിടക്കുന്നതും എത്രയും പെട്ടെന്ന് നീക്കം ചെയ്യാനും നിര്‍ദേശം നല്‍കും. ഇതുമായി ബന്ധപ്പെട്ട് അടിഞ്ഞുകൂടിയ മണ്ണും നീക്കം ചെയ്യേണ്ടതുണ്ട്.
ശാസ്താംകോട്ട കായലിലും അഷ്ടമുടിക്കായലിലും സമിതി സന്ദര്‍ശനം നടത്തി. കായലിന്റെ മലിനീകരണം തടയാന്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ സമിതി സര്‍ക്കാരിന് സമര്‍പ്പിക്കും. കുരീപ്പുഴ ചണ്ടിഡിപ്പോയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമിതി ഗൗരവമായി കാണുന്നുവെന്ന് ചെയര്മാന് സി.പി. മുഹമ്മദ് പറഞ്ഞു.
ശാസ്താംകോട്ട കായല്‍ സന്ദര്‍ശന വേളയില്‍ കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ശാസ്താംകോട്ട അഷ്ടമുടി കായലുകളുടെയും ജില്ലയിലെ മറ്റു തണ്ണീര്‍ തടങ്ങളുടെയും തകര്‍ച്ച സാംസ്കാരിക സാമ്പത്തിക തകര്‍ച്ചയുമാണെന്ന് പാരിസ്ഥിതി കമ്മിറ്റി അംഗമായ മുല്ലക്കര രത്നാകരന് പറഞ്ഞു.
സന്ദര്‍ശന വേളയില്‍ എഡിഎം ഒ. രാജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ പരിസ്ഥിതി സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: