ന്യൂദല്‍ഹി: ഡീസലിന്റെയും പാചകവാതകത്തിന്റെയും വില ഉടനറ്റി കൂട്ടണമെന്ന് കിരീത് പരേഖ് സമിതിയുടെ ശുപാര്‍ശ. ഡീസലിന് നാലും എല്‍പിജിക്ക് നൂറും രൂപ വര്‍ദ്ധിപ്പിക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത് . പാചകവാതകത്തിന്റെ വില നിയന്ത്രണം നീക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
വിലക്കയറ്റം മൂലം കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്കു മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് പരേഖ് സമിതിയുടെ ശുപാര്‍ശ. ഡീസലിന് സബ്സിഡി നല്‍കുന്നതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനു വേണ്ടി എല്ലാ മാസവും ഡീസലിന് ഒരു രൂപ വീതം വര്‍ധിപ്പിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
ലിറ്ററിന് 12 രൂപയോളം നഷ്ടത്തിലാണ് ഡീസല്‍ ഇപ്പോള്‍ വിപണനം ചെയ്യുന്നത്. പ്രതിമാസം 50 പൈസ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയെങ്കിലും അത് അപര്യാപ്തമാണെന്നാണ് കമ്മീഷന് നിലപാട്.
രണ്ട് മൂന്ന് മാസത്തിനുള്ളില്‍ പാചകവാതകത്തിന് നല്കുന്ന സബ്സിഡി പൂര്‍ണമായും എടുത്തുകളയണമെന്നും ശുപാര്‍ശയുണ്ട്. പൊതുവിതരണ മേഖല വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില രണ്ട് രൂപയോളം വര്‍ധിപ്പിക്കാനും മൂന്ന് വര്‍ഷത്തിനുള്ളില്‍ മണ്ണെണ്ണയ്ക്ക് നല്കുന്ന സബ്സിഡി പൂര്‍ണമായും എടുത്തുകളയണമെന്നും നിര്‍ദ്ദേശമുണ്ട്. 2014 ഏപ്രിലിലും മണ്ണെണ്ണയ്ക്ക് 2 രൂപ വര്‍ധിപ്പിക്കണം.
പെട്രോളിനോ ഡീസലിനോ പാചകവാതകത്തിനോ വില വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വില വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ സമിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. പെട്രോളിയം സബ്സിഡിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഡോക്ടര്‍ കിരിത് എസ് പരീത് അധ്യക്ഷനായ സമിതി രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: