തൃപ്പൂണിത്തുറ: ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജനഗരിക്ക് തിലകക്കുറിയായി നാല് പ്രധാന പദ്ധതികള്‍ക്ക് തുടക്കംകുറിക്കുന്നു.
പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും 3, 4 തീയതികളില്‍ കോളേജ് അങ്കണത്തില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. എം. ബാലസുബ്രഹ്മണ്യം അറിയിച്ചു. 600 പേര്‍ക്ക് കലാവിരുന്നുകള്‍ ആസ്വദിക്കുവാനുള്ള ആഡിറ്റോറിയം, 200 പേര്‍ക്ക് സമ്മേളിക്കാന്‍ പറ്റുന്ന എയര്‍കണ്ടീഷന്‍ഡ് കണ്‍സര്‍വേറ്ററി, 30 കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചിട്ടുള്ള ലാബ്, ഫോട്ടോഗ്രാഫി പഠനത്തിനാവശ്യമായ ഫോട്ടോഗ്രാഫി സ്റ്റുഡിയോ, നാട്യ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി 500 ചതുരശ്രഅടിയിലുള്ള പ്രത്യേകം നിര്‍മ്മിച്ചിട്ടുള്ള മിറര്‍ ക്ലാസ്മുറി എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന്.
ഉന്നതരും ശ്രേഷ്ഠരുമായ ആചാര്യന്മാരുടെ സ്മരണ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ആര്‍എല്‍വിയില്‍ സജ്ജമാക്കുന്ന പദ്ധതികള്‍ ഭാരത കലാശ്രേഷ്ഠന്മാരുടെ നാമത്തില്‍ സമര്‍പ്പിക്കും. 94-ാമത്തെ വയസില്‍ കലാലോകത്തോട് വിടപറഞ്ഞ സംഗീത കുലപതി വി. ദക്ഷിണാമൂര്‍ത്തിസ്വാമികളുടെ നാമധേയത്തിലായിരിക്കും 600 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം. അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജമാക്കിയിട്ടുള്ള കണ്‍സര്‍വേറ്ററി ലോകപ്രശസ്ത സിത്താര്‍ മാന്ത്രികന് ഭാരതരത്ന പണ്ഡിറ്റ് രവിശങ്കറിന് സമര്‍പ്പിക്കും. കമ്പ്യൂട്ടര്‍ ലാബിന് ആര്‍എല്‍വിയുടെ സ്ഥാപകനായ കേരളവര്‍മ്മ മിടുക്കന് തമ്പുരാന്റെ നാമമാണ് നല്‍കിയിട്ടുള്ളത്. പരസ്യകല, ചിത്ര, ശില്പകലാ പഠനത്തിന് അനിവാര്യമായ ഫോട്ടോഗ്രാഫി സ്റ്റുഡിയോ സമര്‍പ്പിക്കുന്നത് ലോകപ്രശസ്ത സിനിമാ സംവിധായകനായ സത്യജിത്റേയുടെ നാമത്തിലാണ്. ഭരതനാട്യം, മോഹിനിയാട്ടം, കഥകളിവേഷം അഭ്യസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭ്യാസങ്ങള്‍ സ്വയം വിലയിരുത്താനും ആവശ്യമായ ന്യൂനതകള്‍ സ്വയം പരിഹരിക്കാനും ഉതകുന്ന കണ്ണാടിമുറി അഭിനയദര്‍പ്പണം പ്രശസ്ത നര്‍ത്തകിയും മദിരാശി കലാക്ഷേത്രത്തിന്റെ സ്ഥാപകയുമായ രുക്മിണിദേവി അരുണ്ഡേലിന്റെ നാമത്തില്‍ സമര്‍പ്പിക്കും.
3 ന് വൈകിട്ട് 6 മണിക്ക് ഗാനഗന്ധര്വന് ഡോ. കെ.ജെ. യേശുദാസ് വി. ദക്ഷിണാമൂര്‍ത്തി കലാമണ്ഡപത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കോളേജ് വികനസമിതി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ഐ. ഷെയ്ഖ് പരീത് അധ്യക്ഷനായിരിക്കും. കണ്ണാടി പഠനമുറിയുടെ സമര്‍പ്പണം പ്രശസ്ത ഭരതനാട്യ നര്‍ത്തകി അലര്‍മേല്‍വള്ളി നിര്‍വഹിക്കും. മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. എ.വി. ജോര്‍ജ് കോളേജ് ലൈബ്രറിയുടെ ഡിജിറ്റല്‍ ഓട്ടോമേഷന്‍ സംവിധാനം ഉദ്ഘാടനംചെയ്യും. ഡോ. കെ.ജെ. യേശുദാസ് അമ്പലപ്പുഴ കൃഷ്ണനെക്കുറിച്ച് ആലപിച്ചിട്ടുള്ള ഓഡിയോ ആല്‍ബത്തിന്റെ പ്രകാശനവും നടക്കും.
4 ന് രാവിലെ 10 മണിക്ക് പണ്ഡിറ്റ് രവിശങ്കര്‍ എയര്‍കണ്ടീഷന്‍ കണ്‍സര്‍വേറ്ററിയും സത്യജിത്റേ ഫോട്ടോഗ്രാഫി സ്റ്റുഡിയോയും മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. കേരളവര്‍മ്മ മിടുക്കന് തമ്പുരാന് സ്മാരക കമ്പ്യൂട്ടര്‍ലാബിന്റെ ഉദ്ഘാടനവും സമര്‍പ്പണവും തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്മാന് ആര്. വേണുഗോപാല്‍ നിര്‍വഹിക്കും. രണ്ട് ദിവസങ്ങളിലായി നടത്തപ്പെടുന്ന ഉദ്ഘാടനങ്ങളില്‍ മുനിസിപ്പല്‍ പ്രതിപക്ഷനേതാവ് സി.എന്‍. സുന്ദരന്‍, കൗണ്‍സിലര്‍ നന്ദകുമാര്വര്മ്മ, കലാക്ഷേത്രം വിലാസിനി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് പ്രൊഫ. ബാലസുബ്രഹ്മണ്യന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: