മൈസൂര്‍: ഇന്ത്യ എക്കെതിരായ അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് എ ടീമിന് മികച്ച ലീഡ്. ഒന്നാം ഇന്നിംഗ്സില്‍ 184 റണ്‍സിന്റെ ലീഡ് നേടിയ വിന്‍ഡീസ് എ ടീം മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തിട്ടുണ്ട്. 9 റണ്‍സ് നേടിയ എഡ്വേര്‍ഡ്സാണ് ക്രീസില്‍. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കേ വിന്‍ഡീസ് എ ടീമിന് 314 റണ്‍സിന്റെ ലീഡായി.
വെസ്റ്റിന്‍ഡീസിന്റെ 429 റണ്‍സിനെതിരെ ഇന്ത്യന്‍ എ ടീം ഒന്നാം ഇന്നിംഗ്സില്‍ 245 റണ്‍സിന് ഓള് ഔട്ടായി. 124ന് മൂന്ന് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യന്‍ എ നിരയില്‍ 84 റണ്‍സെടുത്ത മന്‍പ്രീത് ജുനേജ മാത്രമാണ് തിളങ്ങിയത്. ഖാദിവാലെ 27 റണ്‍സും രോഹിത് മോത്വാനി പുറത്താകാതെ 28 റണ്‍സും നേടി. വിന്‍ഡീസ് എ ടീമിന് വേണ്ടി വീരസ്വാമി പെരുമാള്‍ 85 റണ്‍സ് വഴങ്ങി അഞ്ചും മില്ലര്‍ 61 റണ്‍സ് വിട്ടുകൊടുത്ത് നാലും വിക്കറ്റുകള്‍ വീഴ്ത്തി.
184 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച വിന്‍ഡീസിന് വേണ്ടി ഓപ്പണര്‍മാരായ ബ്രാത്ത്വെയ്റ്റും പവലും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 112 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 68 റണ്‍സെടുത്ത പവലിനെ സ്വന്തം ബൗളിംഗില്‍ പിടികൂടി രജത് പലിവാലാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. ഇതേ സ്കോറില്‍ തന്നെ ബ്രാത്ത്വെയ്റ്റും മടങ്ങി. 34 റണ്‍സെടുത്ത ബ്രാത്ത്വെയ്റ്റിനെ പര്‍വേസ് റസൂല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 130-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത ദിയോനരേയ്നെ റസൂല്‍ ബൗള്‍ഡാക്കി. ഇന്ത്യക്ക് വേണ്ടി പര്‍വേസ് റസൂല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: