ന്യൂദല്‍ഹി: വധഭീഷണി ഉണ്ടായിട്ടും പിന്മാറാതെ താന്‍ ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസനെതിരെ പോരാടിയ വ്യക്തിയാണെന്ന് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ആദിത്യവര്‍മ പറഞ്ഞു. തമിഴ്നാടിന്റെ കരുത്തനായ മനുഷ്യന് എന്‍. ശ്രീനിവാസനെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് താത്കാലികമായി തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ആദിത്യവര്‍മ.
വര്‍മ ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിച്ചു. ഞായറാഴ്ച ചെന്നൈയില്‍ നടക്കുന്ന ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ശ്രീനിവാസന് പങ്കെടുക്കാം. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പ്രസിഡന്റായി ഇപ്പോള്‍ ചുമതലയേല്ക്കരുതെന്നും കോടതി ഉത്തരവിട്ടു.
സുപ്രീംകോടതി വിധിയില്‍ താന്‍ 300 ശതമാനം സന്തോഷിക്കുന്നു. ശക്തനായ ശ്രീനിവാസനെപ്പോലുള്ള വ്യക്തിക്കെതിരെ താന്‍ നടത്തുന്നത് ഒറ്റയാള്‍ പോരാട്ടമാണ്. ജുഡീഷ്യറിയില്‍ തനിക്ക് പരിപൂര്‍ണ വിശ്വാസമുണ്ടെന്നും വര്‍മ പറഞ്ഞു.
കേസ് തുടരുന്നതിനാല്‍ ശ്രീനിവാസന് സ്ഥാനമേറ്റെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പന്ത് ബോര്‍ഡംഗങ്ങളുടെ കോര്‍ട്ടിലാണ്. പ്രസിഡന്റിന്റെ അധികാരമില്ലാത്തതിനാല്‍ ശ്രീനിവാസനോ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണോ എന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ഒരു പ്രത്യേക നമ്പരില്‍ നിന്നും തനിക്ക് ഭീഷണി ഫോള്‍ കോള്‍ ലഭിച്ചതായും ബീഹാര്‍ സെക്രട്ടറി പറഞ്ഞു.
വൈകീട്ട് 6.16നാണ് ഭീഷണി സന്ദേശം ലഭിച്ചത്. കേസ് പിന്‍വലിക്കണമെന്ന് ഒരു അജ്ഞാതന്‍ ആവശ്യപ്പെട്ടു. തന്നെ സംബന്ധിച്ച് ഇത് സത്യത്തിനുള്ള പോരാട്ടമാണ്. വര്‍മ അവകാശപ്പെട്ടു. ഭീഷണി സന്ദേശം വന്ന ഫോണ്‍ നമ്പരും വര്‍മ പുറത്തു വിട്ടു.
തന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പന്റെ പേര് ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നപ്പോഴാണ് ശ്രീനിവാസന് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമസ്ഥത ശ്രീനിവാസന്റെ കമ്പനിയായ ഇന്ത്യാ സിമന്റ്സിനാണ്. ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന മെയ്യപ്പനെതിരെ അടുത്ത കാലത്താണ് മുംബൈ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: