ലണ്ടന്‍: ലീഗ് കാപ്പില്‍ മാഞ്ചസ്റ്ററിന് വിജയം. മൂന്നാം റൗണ്ട് മത്സരത്തില്‍ കരുത്തരായ ലിവര്‍പൂളിനെയാണ് യുണൈറ്റഡ് കീഴടക്കിയത്. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും അതിന് മുന്‍പ് ലിവര്‍പൂളിനോടും പ്രീമിയര്‍ ലീഗില്‍ പരാജയപ്പെട്ട യുണൈറ്റഡിന്റെ ശക്തമായ തിരിച്ചുവരവാണ് ലീഗ് കാപ്പിലെ മൂന്നാം റൗണ്ട് പോരാട്ടത്തില്‍ കണ്ടത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 46-ാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസാണ് യുണൈറ്റഡിന്റെ വിജയഗോള്‍ നേടിയത്.
പത്ത് മത്സരങ്ങളിലെ സസ്പെന്‍ഷനുശേഷം ലിവര്‍പൂള്‍ ടീമില്‍ തിരിച്ചെത്തിയ സൂപ്പര്‍ സ്ട്രൈക്കര്ലൂയി സുവാരസ് കളത്തിലിറങ്ങിയിട്ടും ടീമിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാനായില്ല. ചെല്‍സി പ്രതിരോധതാരം ബ്രാനിസ്ലാവ് ഇവാനോവിക്കിന്റെ ചെവിയില്‍ കടിച്ചതിനെ തുടര്‍ന്നാണ് സുവാരസിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മടങ്ങിവരവ് മത്സരത്തില്‍ താരം ഒട്ടേറെ അവസരങ്ങള്‍ തുലച്ചു. ഇടയില്‍ ലഭിച്ച ഒരു ഫ്രീകിക്കിലൂടെ താരം ഗോളിന് അടുത്തെത്തിയെങ്കിലും ക്രോസ്ബാര്‍ തടസ്സമായി.
അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി ഹെര്‍ണാണ്ടസിനൊപ്പം മുന്നേറ്റം നയിച്ച വെയ്ന്‍ റൂണി തകര്‍പ്പന്‍ കളി പുറത്തെടുത്തെങ്കിലും മാഞ്ചസ്റ്ററിന് ലീഡ് ഉയര്‍ത്താനായില്ല.
മറ്റൊരു മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വെസ്റ്റ്ബ്രോമിനെ കീഴടക്കി ആഴ്സണലും നാലാം റൗണ്ടില്‍ പ്രവേശിച്ചു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ആഴ്സണല്‍ വിജയം സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡ് 2-0ന് ലീഡ്സിനെ കീഴടക്കി നാലാം റൗണ്ടിലെത്തി. സിസെയും ഗുഫ്രാനുമാണ് ന്യൂകാസിലിന് വേണ്ടി ഗോളുകള്‍ നേടിയത്. സ്വാന്‍സീ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബര്മിംഘാമും നാലാം റൗണ്ടില്‍ സ്ഥാനം പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: