ജയ്പൂര്‍: ഓപ്പണര്‍ നീല്‍ ബ്രൂം വെടിക്കെട്ട് നടത്തിയ മത്സരത്തില്‍ ഒട്ടാഗോ വോള്‍ട്ട്സിന് ഗംഭീര വിജയം. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കണ്ടെത്തിയ ഒട്ടാഗോ വോള്‍ട്ട്സ് 62 റണ്‍സിനാണ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഒട്ടാഗോ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സാണ് അടിച്ചുകൂട്ടിയത്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 57 പന്തില്‍ 117 റണ്‍സ് നേടി പുറത്താകാതെ നിന്ന നീല്‍ ബ്രൂമും 45 റണ്‍സ് നേടിയ ഡി ബൂര്‍ഡറും 66 റണ്‍സ് നേടിയ ടെന്‍ ഡോസ്കെയ്റ്റുമാണ് ഒട്ടാഗോക്ക് കൂറ്റന്‍ സമ്മാനിച്ചത്. പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് വേണ്ടി 73 റണ്‍സ് നേടി പുറത്താകാതെ നിന്ന കാര്‍ട്ട്റൈറ്റും 36 റണ്‍സ് നേടിയ വോഗ്സുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
നേരത്തെ ടോസ് നേടിയ പെര്‍ത്ത് ഒട്ടാഗോയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒരുഘട്ടത്തില്‍ ഒമ്പത് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ചയെ നേരിട്ട ഒട്ടാഗോയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ബ്രൂമും ബൂര്‍ഡറും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. 67 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ കൂട്ടുകെട്ട് പിരിഞ്ഞത് 28 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ബൂര്‍ഡര്‍ പുറത്തായതോടെയാണ്. തുടര്‍ന്ന് ക്രീസിലെത്തിയ ടെന്‍ ഡോസ്കെയ്റ്റ് ബ്രൂമിന് തകര്‍പ്പന്‍ പിന്തുണയാണ് നല്‍കിയത്. പെര്‍ത്ത് ബൗളര്‍മാരെ തലങ്ങും വിലങ്ങും ഇരുവരും അടിച്ചുപറത്തിയതോടെ സ്കോര്‍ റോക്കറ്റ് വേഗത്തിലാണ് കുതിച്ചത്. 51 പന്തുകളില്‍ നിന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കിയ ബ്രൂമിന്റെ ഇന്നിംഗ്സില്‍ 9 ഫോറും എട്ട് സിക്സറുകളും ഉള്‍പ്പെട്ടു. 26 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളും 6 സിക്സറുമുള്‍പ്പെട്ടതായിരുന്നു 66 റണ്‍സെടുത്ത ഡോസ്കെയ്റ്റിന്റെ ഇന്നിംഗ്സ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പെര്‍ത്ത് ടീമിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. 11 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ പെര്‍ത്തിന് ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞില്ല. ഒറ്റയാനായി പൊരുതിയ കാര്ട്ടര്റൈറ്റിന് മികച്ച പിന്തുണ നല്കാന് സഹതാരങ്ങള്‍ക്ക് കഴിയാതിരിക്കുകയും ചെയ്തതോടെ അവര്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഒട്ടാഗോക്ക് വേണ്ടി ഇയാന്‍ ബട്ട്ലര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: