പെരുമ്പാവൂര്‍: മണ്ണൂര്‍ പുലിയാമ്പിള്ളി മുഗളില്‍ ഗണപതിക്കല്‍ മഹാദേവ ക്ഷേത്രത്തോടും എസ്എന്‍ഡിപി ഗുരുമന്ദിരത്തോടും ചേര്‍ന്ന് സെമിത്തേരി നിര്‍മ്മിക്കുന്നതിനുള്ള പെന്തക്കോസ്ത് സഭയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. മണ്ണൂര്‍ നെല്ലാട് ഐരാപുരം റോഡുകളുടെ സംഗമസ്ഥലത്താണ് റോഡരികിലായി സെമിത്തേരിക്കായി സഭ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇത് നാട്ടില്‍ മതസ്പര്‍ധ വളര്‍ത്തുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ജനകീയ സമരസമിതി പറയുന്നു.
ഇവിടെ ശ്മശാനം നിര്‍മ്മിക്കുന്നതിനുള്ള സഭയുടെ നീക്കത്തിനെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പേ നാട്ടുകാര്‍ രംഗത്ത് വന്നിരുന്നതാണ്. സെമിത്തേരി നിര്‍മ്മാണത്തിനെതിരെ മലിനീകരണ നിയന്ത്രണബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജനവാസ മേഖലയിലായതിനാല്‍ പെന്തക്കോസ്ത് സഭയുടെ നീക്കം അനുവദിക്കാനാവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ സ്ഥലത്തിനോട് ചേര്‍ന്ന് വീടുകള്‍ ധാരാളമുള്ളതിനാലും കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകളുള്ളതിനാലും സെമിത്തേരി അനുവദിക്കാനാകില്ലെന്ന് കുന്നത്തുനാട് തഹസില്‍ദാര്‍ കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുന്‍കാലങ്ങളില്‍ ഇവിടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുണ്ടെന്നാണ് പെന്തക്കോസ്ത് സഭ അവകാശമുന്നയിച്ചത്. എന്നാല്‍ ഇവിടെ മുന്‍കാലങ്ങളില്‍ സെമിത്തേരിയുണ്ടായിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ലെന്നും സെമിത്തേരി വന്നാല്‍ ശുദ്ധജല ലഭ്യത കുറയുമെന്നും തഹസില്‍ദാര്‍ പറഞ്ഞിരുന്നു. ഇവിടെ സെമിത്തേരി വന്നാല്‍ അത് മതവിശ്വാസങ്ങള്ക്കെതിരാകുമെന്നും ഇവിടെ ഭൂരിഭാഗവും ഹിന്ദുക്കളാണ് താമസിക്കുന്നതെന്നും ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്കും റിപ്പോര്‍ട്ട് നല്കിയിരുന്നതുമാണ്.
പഞ്ചായത്ത് മുതല്‍ ഉന്നതാധികാരികള്‍ വരെയുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോഴും പെന്തക്കോസ്ത് സഭ സെമിത്തേരി നിര്‍മ്മാണവുമായി മുന്നോട്ടുപോകുന്നത്. ഇതിനെതിരെ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് നിലവിലുണ്ടെങ്കിലും ഇവ പാലിക്കുവാന്‍ സെമിത്തേരി നിര്‍മ്മാണക്കാര്‍ തയ്യാറാകുന്നില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞദിവസം മണ്ണൂരില്‍ നടന്ന പ്രതിഷേധത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിന് നാട്ടുകാര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന യോഗം മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സോമന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: