ന്യൂദല്‍ഹി: ഈസ്റ്റ്ബംഗാള്‍ എഎഫ്സി കപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. രണ്ടാം പാദമത്സരത്തില്‍ ഇന്തോനേഷ്യന്‍ ക്ലബ് സെമന്‍ പെഡാംഗിനെ 1-1ന് സമനിലയില്‍ തളച്ചാണ് കൊല്‍ക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാള്‍ അവസാന നാലില്‍ ഇടംപിടിച്ചത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യപാദത്തില്‍ നേടിയ 1-0ന്റെ വിജയമാണ് ഈസ്റ്റ്ബംഗാളിനെ സെമിയിലേക്ക് നയിച്ചത്. ഇരുപാദങ്ങളിലുമായി 2-1ന്റെ വിജയമാണ് ഈസ്റ്റ്ബംഗാള്‍ സ്വന്തമാക്കിയത്. എഎഫ്സി കപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഈസ്റ്റ്ബംഗാള്‍ സെമിയില്‍ പ്രവേശിക്കുന്നത്. പകരക്കാരനായി ഇറങ്ങിയ സുഡാന് താരം ജെയിംസ് മോഗ നേടിയ സമനില ഗോളാണ് ഈസ്റ്റ് ബംഗാളിനെ സെമിയിലെത്തിച്ചത്. എഎഫ്സി കപ്പിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ഇന്ത്യന്‍ ടീം സെമിഫൈനലില്‍ കടക്കുന്നത്.
2008ല്‍ ഡെംപോ ഗോവയാണ് അവസാനമായി സെമിയിലെത്തിയ ഇന്ത്യന്‍ ടീം. പെഡാംഗിലെ ഗോര്‍ ഹജി ആഗസ് സലിം സ്റ്റേഡിയത്തില നടന്ന മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് ആതിഥേയ ക്ലബാണ്. മത്സരത്തിന്റെ 23-ാം മിനിറ്റില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന് പറ്റിയ പിഴിവില്‍ നിന്നാണ് സെമന്‍ പെഡാംഗ് മുന്നിലെത്തിയത്. ആദ്യപാദത്തിന്റെ മികവില്‍ സമനില പോലും സെമിയില്‍ എത്തിക്കുമായിരുന്ന ഈസ്റ്റ് ബംഗാളിനെ ആദ്യ പകുതിയില്‍ കുരുക്കിയത് ഗുര്‍പ്രീത് എടുത്ത ഗോള്‍ കിക്കായിരുന്നു. പന്ത് എത്തിയത് എതിരാളികളുടെ മധ്യനിരതാരം എഡ്വേര്‍ഡ് വില്‍സന്റെ കാലില്‍. പന്ത് കിട്ടിയ വില്സന് പിഴവ് വരുത്താതെ തന്നെ വില്സന് പന്ത് വലയിലാക്കി. ആദ്യപകുതിയില്‍ ഈസ്റ്റ്ബംഗാള്‍ 1-0ന് പിന്നിലായിരുന്നു. മത്സരത്തിന്റെ 43-ാം മിനിറ്റില്‍ പരിക്കേറ്റ ഈസ്റ്റ്ബംഗാളിന്റെ ജപ്പാന് താരം റൂജി സുവോകയെ പിന്‍വലിച്ച് ജെയിംസ് മോഗയെ കളത്തിലിറക്കി.
രണ്ടാം പകുതിയില്‍ സമനിലക്കായി ഈസ്റ്റ് ബംഗാള്‍ സര്‍വ്വവും മറന്ന് പൊരുതിയതോടെ മത്സരം ആവേശകരമായി. ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി എതിര്‍ബോക്സിലേക്ക് പലവട്ടം പ്രവേശിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ സെമന്‍ പെഡാംഗിനോ സമനില നേടാന്‍ ഈസ്റ്റ് ബംഗാളിനോ കഴിഞ്ഞില്ല.
ഒട്ടേറെ അവസരങ്ങള്‍ തുലച്ച ശേഷം മത്സരത്തിന്റെ 79-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ സമനില പിടിച്ചു. ബല്‍ജിത് സാഹ്നിയുടെ ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ജെയിംസ് മോഗ പെഡാംഗ് വലയിലെത്തിച്ചു. മാലെദ്വീപിന്റെ ന്യൂ റേഡിയന്റ്-കുവൈറ്റ് ടീം അല്‍ കുവൈറ്റ് മത്സര വിജയികളെയാണ് ഈസ്റ്റ് ബംഗാള്‍ സെമിയില്‍ നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: